India vs England: ‘കളി നിർത്താമെ’ന്ന് ബെൻ സ്റ്റോക്സ്; ‘കുറച്ചൂടെ കഴിയട്ടെ’ എന്ന് ജഡേജ: അവസാന മണിക്കൂറുകൾ സംഭവബഹുലം
England Players Sledge Jadeja And Sundar: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിൻ്റെ അവസാന മണിക്കൂറുകൾ സംഭവബഹുലം. സമനിലയ്ക്ക് ബെൻ സ്റ്റോക്സ് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യൻ താരങ്ങൾ സമ്മതിച്ചില്ല.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ സമനില പിടിച്ചു. തോൽവി ഭയന്ന ഇന്ത്യയെ ബാറ്റർമാർ ചേർന്ന് സുരക്ഷിതമായി സമനിലയിലെത്തിക്കുകയായിരുന്നു. മൂന്ന് സെഞ്ചുറികളും ഒരു 90 ഉം പിറന്ന ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ബൗളർമാർ എറിഞ്ഞുതളർന്നു. അതുകൊണ്ട് തന്നെ കളിയുടെ അവസാന മണിക്കൂറുകൾ സംഭവബഹുലമായിരുന്നു.
സമനില സമ്മാനിച്ച് കൈകൊടുത്ത് പിരിയാം എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആവശ്യപ്പെട്ടെങ്കിലും ജഡേജയും വാഷിംഗ്ടൺ സുന്ദറും സമ്മതിച്ചില്ല. സ്റ്റോക്സ് സമനിലയ്ക്കായി സമീപിച്ച സമയത്ത് രവീന്ദ്ര ജഡേജ 89 റൺസിലും വാഷിംഗ്ടൺ സുന്ദർ 80 റൺസിലുമാണ് ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ജഡേജയും വാഷിംഗ്ടണും ഇത് സമ്മതിച്ചില്ല. വാഷിംഗ്ടൺ മുൻപ് രണ്ട് തവണ 90കളിലെത്തിയിട്ടുണ്ടെങ്കിലും ഒരു ടെസ്റ്റ് സെഞ്ചുറി ഇല്ല. ജഡേജയ്ക്ക് സെഞ്ചുറിയിലേക്ക് വെറും 11 റൺസ്. അതുകൊണ്ട് തന്നെ ഇരുവരും ബാറ്റിംഗ് തുടരാൻ തീരുമാനിച്ചു.




ഇത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന് ഇഷ്ടമായില്ല. താരം ജഡേജയെയും വാഷിംഗ്ടണെയും സ്ലെഡ്ജ് ചെയ്തു, സമനിലയ്ക്ക് നിർബന്ധിച്ചു. ഒപ്പം ഹാരി ബ്രൂക്ക്, ബെൻ ഡക്കറ്റ്, സാക്ക് ക്രോളി തുടങ്ങിയവരും ചേർന്നു. എന്നാൽ, ഇന്ത്യൻ താരങ്ങൾക്ക് കുലുക്കമില്ലായിരുന്നു. ഇതോടെ സ്റ്റോക്സ് അമ്പയറിനോട് പരാതിപ്പെട്ടു. എന്നാൽ, രണ്ട് ടീം ക്യാപ്റ്റന്മാരും സമ്മതിച്ചാലേ സമനില അനുവദിക്കാനാവൂ എന്നതായിരുന്നു അമ്പയറിൻ്റെ നിലപാട്. ഇതോടെ ഇന്ത്യ ബാറ്റിംഗ് തുടർന്നു. അഞ്ച് ഓവറുകൾക്കുള്ളിൽ ഇരുവരും സെഞ്ചുറി നേടുകയും കളി സമനിലയ്ക്ക് സമ്മതിക്കുകയും ചെയ്തു.
വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ചേർന്ന് അഞ്ച് സെഷനുകളാണ് പൊരുതിനിന്നത്. അപരാജിതമായ 203 റൺസിൻ്റെ കൂട്ടുകെട്ട് ഇരുവരും പടുത്തിയർത്തി. റൺസെടുക്കും മുൻപ് രണ്ട് വിക്കറ്റ് എന്ന പ്രതിസന്ധിയിൽ നിന്നാണ് ഇന്ത്യ പൊരുതിക്കയറി സമനില പിടിച്ചത്.