India vs New Zealand: കാര്യവട്ടം ടി20; തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
Traffic Restrictions In Thiruvananthapuram: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. കാര്യവട്ടം ടി20യുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്.

ഗ്രീൻഫീൽഡ് സ്റ്റേഡിയം
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അവസാന ടി20 മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. മത്സരദിവസമായ ജനുവരി 31നാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക.
31ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 12 മണി വരെ ഗതാഗത നിയന്ത്രണമുണ്ടാവും. കഴക്കൂട്ടം-അമ്പലത്തിന്‍കര- കാര്യവട്ടം എന്‍എച്ച് റോഡിൻ്റെ ഇരു വശങ്ങളിലും പാർക്കിങ് അനുവദിക്കില്ല. സ്റ്റേഡിയത്തിന് ചുറ്റുമുളള അമ്പലത്തിന്‍കര – കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി – കാര്യവട്ടം റോഡിൻ്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദനീയമല്ല. കാര്യവട്ടത്ത് തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടും. വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ.
Also Read: Abhishek Sharma: അഭിഷേക് ശർമ്മയെ എങ്ങനെ പുറത്താക്കും?; തന്ത്രം വെളിപ്പെടുത്തി മാറ്റ് ഹെൻറി
ആറ്റിങ്ങൽ ഭാഗത്തുനിന്നും കാര്യവട്ടം – ശ്രീകാര്യം വഴി തിരുവനന്തപുരം നഗരത്തിലേക്ക് പോകേണ്ട വാഹനങ്ങളും വഴിതിരിഞ്ഞ് പോകണം. വെട്ടുറോഡ് – ചന്തവിള – കാട്ടായിക്കോണം – ചെമ്പഴന്തി – ശ്രീകാര്യം വഴിയാണ് ഈ വാഹനങ്ങൾ കടന്നുപോകേണ്ടത്. ഉള്ളൂര്‍ ഭാഗത്ത് നിന്നും വെട്ടുറോഡ് – ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ക്ക് ഉളളൂര്‍ – ആക്കുളം – കുഴിവിള വഴി ബൈപ്പാസിലൂടെ കടന്നുപോകാനേ അനുവാദമുള്ളൂ. കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി തിരുവനന്തപുരം നഗരത്തിലേക്ക് പോകേണ്ട വാഹനങ്ങൾ കാട്ടായിക്കോണം – ചേങ്കോട്ടുകോണം – ചെമ്പഴന്തി – ശ്രീകാര്യം വഴിയാണ് പോകേണ്ടത്.
ഇരുചക്ര വാഹനങ്ങളിൽ മത്സരം കാണാനെത്തുന്നവർ സ്റ്റേഡിയത്തിൻ്റെ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൗണ്ടിലും അമ്പലത്തിന്‍കര ജംഗ്ഷനിലുള്ള മുസ്ലിം ജമാ അത്തിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടിലും അമ്പലത്തിന്‍കര- ടെക്‌നോപാര്‍ക്ക് റോഡിന്റെ വശങ്ങളിലുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. ആറ്റിങ്ങൽ ഭാഗത്തുനിന്നും കാറിൽ വരുന്നവർ അള്‍സാജ് കണ്‍വെന്‍ഷന്‍ സെന്റെര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ് പാര്‍ക്കിങ് ഗ്രൗണ്ടിലുമാവണം പാർക്ക് ചെയ്യേണ്ടത്. എല്‍എന്‍സിപിഇ, യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ട്, ബി എഡ് കോളേജ്, ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ട്, കരിക്കകം ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യമുണ്ട്. വിവിധയിടങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ ഷട്ടിൽ സർവീസുകളുണ്ടാവും.