India Vs New Zealand: കോഹ്ലിയുടെ സെഞ്ചുറി പാഴായി; ഏകദിന പരമ്പര കീവിസ് കൊത്തിക്കൊണ്ടുപോയി
India Vs New Zealand Third ODI Updates: ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 41 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് 296 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ഇന്‍ഡോര്‍: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 41 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് 296 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 337, ഇന്ത്യ 46 ഓവറില്‍ 296 ഓള്‍ ഔട്ട്. വിരാട് കോഹ്ലിയുടെ സെഞ്ചുറി പാഴായി. 108 പന്തില്‍ 124 റണ്‍സാണ് കോഹ്ലി നേടിയത്. രാജ്യാന്തര ക്രിക്കറ്റില്‍ 85-ാമത്തെയും, ഏകദിനത്തില്‍ 54-ാമത്തെയും സെഞ്ചുറിയാണ് കോഹ്ലി നേടിയത്.
കോഹ്ലിക്ക് പുറമെ നിതീഷ് കുമാര്‍ റെഡ്ഡിയും, ഹര്‍ഷിത് റാണയും മാത്രമാണ് ബാറ്റിങില്‍ തിളങ്ങിയത്. നിതീഷും, റാണയും അര്‍ധ സെഞ്ചുറി നേടി. നിതീഷ് 57 പന്തില്‍ 53 റണ്‍സും, റാണ 43 പന്തില്‍ 52 റണ്‍സും നേടി.
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നീ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. 13 പന്തില്‍ 11 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ ഗില്‍ 18 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. 10 പന്തില്‍ മൂന്ന് റണ്‍സെടുക്കാനെ ശ്രേയസിന് സാധിച്ചുള്ളൂ. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയടിച്ച കെഎല്‍ രാഹുലും ഇന്ന് നിരാശപ്പെടുത്തി. ആറു പന്തില്‍ ഒരു റണ്‍സായിരുന്നു രാഹുലിന്റെ സംഭാവന.
രവീന്ദ്ര ജഡേജ-16 പന്തില്‍ 12, മുഹമ്മദ് സിറാജ്-ഗോള്‍ഡന്‍ ഡക്ക്, കുല്‍ദീപ് യാദവ്-മൂന്ന് പന്തില്‍ അഞ്ച്, അര്‍ഷ്ദീപ് സിങ്-രണ്ട് പന്തില്‍ നാലു നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. കീവിസിനായി സാക്കറി ഫോള്‍ക്ക്‌സും, ക്രിസ് ക്ലര്‍ക്കും മൂന്ന് വിക്കറ്റ് വീതവും, ജെയ്ഡന്‍ ലെന്നോക്‌സ് രണ്ട് വിക്കറ്റും, കൈല്‍ ജാമിസണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
സെഞ്ചുറികള്‍ നേടിയ ഡാരില്‍ മിച്ചലിന്റെയും (131 പന്തില്‍ 137), ഗ്ലെന്‍ ഫിലിപ്‌സിന്റെയും (88 പന്തില്‍ 106) ബാറ്റിങാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 2-1നാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയും, രണ്ടാമത്തേതില്‍ ന്യൂസിലന്‍ഡും ജയിച്ചിരുന്നു.