India Vs South Africa: ബൗളര്‍മാര്‍ മിന്നിച്ചു, പൊരുതിയത് മര്‍ക്രം മാത്രം; ഇന്ത്യയ്ക്ക് 118 റണ്‍സ് വിജയലക്ഷ്യം
India Vs South Africa 3rd T20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 118 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ 20 ഓവറില്‍ 117 റണ്‍സിന് പ്രോട്ടീസ് പുറത്തായി

India Vs South Africa
ധര്‍മ്മശാല: മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 118 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ 20 ഓവറില്‍ 117 റണ്‍സിന് പ്രോട്ടീസ് പുറത്തായി. 46 പന്തില്‍ 61 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രമിന് മാത്രമേ മികച്ച പ്രകടനം പുറത്തെടുക്കാനായുള്ളൂ. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരും, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും, ശിവം ദുബെയും ഇന്ത്യയ്ക്കായി തിളങ്ങി. ഇന്ത്യയുടെ എല്ലാ ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തി.
തകര്‍ച്ചയോടെയായിരുന്നു പ്രോട്ടീസിന്റെ തുടക്കം. ആദ്യ ഓവറില്‍ റീസ ഹെന്‍ഡ്രിക്‌സിനെ അര്‍ഷ്ദീപ് സിങ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. റണ്ണൊന്നുമെടുക്കുന്നതിന് മുമ്പേയായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ മടക്കം. തൊട്ടടുത്ത ഓവറില്‍ ക്വിന്റോണ്‍ ഡി കോക്കിനെ ഹര്‍ഷിത് റാണ എല്‍ബിഡബ്ല്യുവിലൂടെ വീഴ്ത്തി. ഒരു റണ്‍സ് മാത്രമെടുക്കാനെ ഡി കോക്കിന് സാധിച്ചുള്ളൂ.
നാലാം ഓവറില്‍ രണ്ട് റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസിനെ കൂടി റാണ പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് ഏഴ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക പതറി. നാലാം വിക്കറ്റില്‍ എയ്ഡന്‍ മര്‍ക്രമും, ട്രിസ്റ്റണ്‍ സ്റ്റബ്‌സും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 13 പന്തില്‍ 9 റണ്‍സെടുത്ത സ്റ്റബ്‌സിനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ആ കൂട്ടുക്കെട്ട് പൊളിച്ചു.
ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും മര്‍ക്രം പാറപോലെ ഉറച്ചുനിന്നു. കോര്‍ബിന്‍ ബോഷ്-4, ഡൊനോവന്‍ ഫെരേര-20, മാര്‍ക്കോ യാന്‍സന്‍-2, ആന്റിച് നോഷെ-12, ലുങ്കി എന്‍ഗിഡി-2 നോട്ടൗട്ട്, ഒട്ട്‌നീല്‍ ബാര്‍ട്ട്‌മെന്‍-1 എന്നിങ്ങനെയായിരുന്നു പിന്നീടെത്തിയ പ്രോട്ടീസ് ബാറ്റര്‍മാരുടെ പ്രകടനം.