India Vs South Africa: ഗില്ലും സൂര്യയും പിന്നെയും ഫോം ഔട്ട്, മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് അനായാസ ജയം
India Beat South Africa In 3rd T20: ഇന്ത്യയ്ക്ക് അനായാസ ജയം. ഏഴ് വിക്കറ്റിനാണ് ആതിഥേയര്‍ പ്രോട്ടീസിനെ തകര്‍ത്തത്. 118 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിമറികടന്നു
ധര്‍മ്മശാല: മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ഏഴ് വിക്കറ്റിനാണ് ആതിഥേയര്‍ പ്രോട്ടീസിനെ തകര്‍ത്തത്. 118 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിമറികടന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 117, ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 120. മികച്ച തുടക്കമാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്ത്യ നല്‍കിയത്. 18 പന്തില്‍ 35 റണ്‍സെടുത്ത അഭിഷേകിനെ ആറാം ഓവറില്‍ കോര്‍ബിന്‍ ബോഷ് പുറത്താക്കി.
തപ്പിത്തടഞ്ഞ് ബാറ്റു ചെയ്ത ഗില്‍ 12-ാം ഓവറില്‍ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി പുറത്തായി. 28 പന്തില്‍ 28 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തി. 11 പന്തില്‍ 12 റണ്‍സെടുത്ത സൂര്യയെ ലുങ്കി എന്‍ഗിഡി പുറത്താക്കി. 34 പന്തില്‍ 26 റണ്‍സുമായി തിലക് വര്‍മയും, നാല് പന്തില്‍ 10 റണ്‍സുമായി ശിവം ദുബെയും പുറത്താകാതെ നിന്നു.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രമിന്റെ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക 100 കടന്നത്. മര്‍ക്രം 46 പന്തില്‍ 61 റണ്‍സെടുത്തു. രണ്ട് സിക്‌സും, ആറു ഫോറും അടങ്ങുന്നതായിരുന്നു മര്‍ക്രത്തിന്റെ ഇന്നിങ്‌സ്. മര്‍ക്രത്തിന് പുറമെ ഡൊനോവന്‍ ഫെരേരയ്ക്കും, ആന്റിച് നോഷെയ്ക്കും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായത്. ഫെരേര 20 റണ്‍സും, നോഷെ 12 റണ്‍സുമെടുത്തു.
ക്വിന്റോണ്‍ ഡി കോക്ക്-1, റീസ ഹെന്‍ഡ്രിക്‌സ്-0, ഡെവാള്‍ഡ് ബ്രെവിസ്-2, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്-9, കോര്‍ബിന്‍ ബോഷ്-4, മാര്‍ക്കോ യാന്‍സെന്‍-2, ലുങ്കി എന്‍ഗിഡിഡ-2 നോട്ടൗട്ട്, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍-1 എന്നിവര്‍ നിറം മങ്ങി. ഇന്ത്യയുടെ ബൗളര്‍മാരെല്ലാം വിക്കറ്റ് സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യയും, ശിവം ദുബെയും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ ടി20യില്‍ ഇന്ത്യയും, രണ്ടാമത്തേതില്‍ ദക്ഷിണാഫ്രിക്കയും ജയിച്ചിരുന്നു. നാലാം ടി20 17ന് നടക്കും. ലഖ്‌നൗവിലാണ് നാലാം ടി20 നടക്കുന്നത്. 19നാണ് അഞ്ചാം ടി20. അഞ്ചാം ടി20 അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്.