India vs West Indies: മൂന്നാം ദിനത്തിൽ ട്വിസ്റ്റ്; ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്
India Declares First Innings: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഇന്നിംഗ്സ് ഇന്ത്യ ഡിക്ലയർ ചെയ്തു. 286 റൺസിൻ്റെ ലീഡാണ് ഇന്ത്യക്കുള്ളത്.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യ. രണ്ടാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 റൺസെന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിച്ച ഇന്ത്യ ഇന്ന് ബാറ്റിംഗിനിറങ്ങിയില്ല. 286 റൺസിൻ്റെ ലീഡാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കുള്ളത്. മൂന്ന് ദിവസം ബാക്കിനിൽക്കെ ടെസ്റ്റിന് ഫലമുണ്ടാവുമെന്നുറപ്പാണ്.
ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസിനെ 162 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് എന്ന പടുകൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 125 റൺസ് നേടിയ ധ്രുവ് ജുറേൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജ (104 നോട്ടൗട്ട്), കെഎൽ രാഹുൽ (100) എന്നിവരും സെഞ്ചുറികൾ നേടി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (50) അർദ്ധസെഞ്ചുറി നേടി പുറത്തായി. വെസ്റ്റ് ഇൻഡീസിനായി റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസെന്ന നിലയിലാണ്.
32 റൺസ് നേടിയ ജസ്റ്റിൻ ഗ്രീവ്സ് ആണ് വിൻഡീസിനായി ടോപ്പ് സ്കോററായത്. ഷായ് ഹോപ്പ് (26), റോസ്റ്റൺ ചേസ് (24) തുടങ്ങിയവരും ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഇന്ത്യൻ നിരയിൽ നാല് വിക്കറ്റുകളുമായി മുഹമ്മദ് സിറാജ് തിളങ്ങിയപ്പോൾ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.
2025- 2027 കാലയളവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പരയാണ് ഇത്. ഇംഗ്ലണ്ടിനെതിരായ എവേ പരമ്പരയായിരുന്നു ആദ്യത്തേക്ക്. ഈ പരമ്പരയിൽ ഇന്ത്യ സമനില നേടിയിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.