India vs South Africa: ഈഡന്‍ ഗാര്‍ഡന്‍സില്‍ പ്രോട്ടീസിനെ എറിഞ്ഞുവീഴ്ത്തി ബുംറ, ദക്ഷിണാഫ്രിക്ക 159ന് പുറത്ത്
India vs South Africa Eden Gardens Test 1st Day: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 159ന് പുറത്ത്. ജസ്പ്രീത് ബുംറയുടെ ബൗളിങിന് മുന്നില്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 159ന് പുറത്ത്. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ ബൗളിങിന് മുന്നില്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് സിറാജും, കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും, അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും അര്‍ധ ശതകം നേടാനായില്ല. 48 പന്തില്‍ 31 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രമാണ് ടോപ് സ്‌കോറര്‍.
ആദ്യ പത്തോവറില്‍ വിക്കറ്റുകള്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. പിന്നീടാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ഓപ്പണര്‍മാരായ മര്‍ക്രമും, റയാന്‍ റിക്കല്‍ട്ടണും ദക്ഷിണാഫ്രിക്കയ്ക്കായി 56 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് സമ്മാനിച്ചു. എന്നാല്‍ 22 പന്തില്‍ 23 റണ്‍സെടുത്ത റിക്കല്‍ട്ടണെ ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ പ്രോട്ടീസിന്റെ തകര്‍ച്ച ആരംഭിച്ചു.
പതിമൂന്നാം ഓവറില്‍ മര്‍ക്രത്തെയും ബുംറ വീഴ്ത്തി. അടുത്ത ഊഴം കുല്‍ദീപ് യാദവിന്റേതായിരുന്നു. 11 പന്തില്‍ മൂന്ന് റണ്‍സെടുത്ത പ്രോട്ടീസ് ക്യാപ്റ്റന്‍ ടെംബ ബാവുമയെ കുല്‍ദീപ് പുറത്താക്കി. വണ്‍ ഡൗണായെത്തിയ വിയാന്‍ മുല്‍ഡറെയും കുല്‍ദീപ് വീഴ്ത്തിയതോടെ 30 ഓവറില്‍ നാല് വിക്കറ്റിന് 114 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.
51 പന്തില്‍ 24 റണ്‍സെടുത്ത മുള്‍ഡര്‍ എല്‍ബിഡബ്ല്യുവിലാണ് പുറത്തായത്. ടോണി ഡി സോര്‍സി-15, കൈല്‍ വെറിന്‍-16, മാര്‍ക്കോ യാന്‍സെന്‍-0, കോര്‍ബിന്‍ ബോഷ്-3, ഷിമോണ്‍ ഹാര്‍മര്‍-5, കേശവ് മഹാരാജ്-0 എന്നിവരും നിരാശപ്പെടുത്തി. 15 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സ് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 37 എന്ന നിലയിലാണ്. 27 പന്തില്‍ 12 റണ്‍സെടുത്ത ഓപ്പണര്‍ യശ്വസി ജയ്‌സ്വാളാണ് പുറത്തായത്. മാര്‍ക്കോ യാന്‍സന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 13 റണ്‍സുമായി കെഎല്‍ രാഹുലും, ആറു റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.