IND vs ENG: ഹിറ്റ്മാന്റെ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; ഏകദിന പരമ്പരയും കൈവിട്ട് ഇന്ത്യ
England defeats India in 3rd ODI to clinch series: ടി20യ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ കൈവിട്ടു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന പോരാട്ടത്തില്‍ 27 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 388 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 360 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ടി20യ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ കൈവിട്ടു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന പോരാട്ടത്തില്‍ 27 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 388 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന് 360 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ 2-1ന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് മത്സരത്തിലെ ഹൈലെറ്റ്. 110 പന്തില്‍ 138 റണ്‍സാണ് താരം നേടിയത്. 17 ഫോറും, അഞ്ച് സിക്‌സും ‘ഹിറ്റ്മാന്‍’ അടിച്ചുകൂട്ടി. രോഹിത് ശര്‍മയും, ശുഭ്മന്‍ ഗില്ലും ഓപ്പണിങ് വിക്കറ്റില്‍ 147 റണ്‍സാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 84 പന്തില്‍ 77 റണ്‍സെടുത്ത ഗില്ലിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു.
രണ്ടാം വിക്കറ്റില്‍ രോഹിതും, വിരാട് കോലിയും 113 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. 39-ാം ഓവറിലെ നാലാം പന്തില്‍ ജേക്കബ് ബെഥലിന് വിക്കറ്റ് സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്. രോഹിത് മടങ്ങിയതിന് ശേഷം ഇന്ത്യയുടെ സ്‌കോറിങിന്റെ താളം തെറ്റി. തുടര്‍ന്ന് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഇഷാന്‍ കിഷനും (12 പന്തില്‍ 14), ശ്രേയസ് അയ്യറും (മൂന്ന് പന്തില്‍ പൂജ്യം) വന്നപോലെ മടങ്ങി. ഇതിനിടെ 60 പന്തില്‍ 74 റണ്‍സെടുത്ത വിരാട് കോലി കൂടി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ച് തുടങ്ങി. കിഷനെയും, അയ്യരെയും, കോലിയെയും പുറത്താക്കിയത് സാം കറനായിരുന്നു.
കെഎല്‍ രാഹുല്‍-എട്ട് പന്തില്‍ 12, അക്‌സര്‍ പട്ടേല്‍-മൂന്ന് പന്തില്‍ രണ്ട്, ഗുര്‍നൂര്‍ ബ്രാര്‍-പുറത്താകാതെ 14 പന്തില്‍ 18, അര്‍ഷ്ദീപ് സിങ്-പുറത്താകാതെ ആറു പന്തില്‍ 15 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ നാലു വിക്കറ്റ് പിഴുതു.
Also Read: 39 വയസ്സുകാരനായ രോഹിത് ഇനിയും കളിക്കണോ? വിരമിക്കൽ അഭ്യൂഹങ്ങളിൽ BCCI പ്രതികരണം എത്തി
ഡക്കറ്റിന് സെഞ്ചുറി
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും, ജേക്കബ് ബെഥലും മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. 31-ാം ഓവറിലാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പ്രസിദ് കൃഷ്ണ എറിഞ്ഞ 31-ാം ഓവറിലെ ആദ്യ പന്തില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി ജേക്കബ് ബെഥലാണ് പുറത്തായത്. 93 പന്തില്‍ 91 റണ്‍സെടുത്ത ബെഥല്‍ മടങ്ങിയപ്പോള്‍ 192 റണ്‍സാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.
ബെഥല്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ജോ റൂട്ടിനൊപ്പം ചേര്‍ന്ന് ഡക്കറ്റ് ഇംഗ്ലണ്ടിന്റെ സ്‌കോറിങിന് കുതിപ്പേകി. രണ്ടാം വിക്കറ്റില്‍ ഇരുവരും 101 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 135 പന്തില്‍ 141 റണ്‍സെടുത്ത ഡക്കറ്റിനെ പുറത്താക്കി പ്രിന്‍സ് യാദവാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. 44-ാം ഓവറിലെ മൂന്നാം പന്തിലാണ് ഡക്കറ്റ് പുറത്തായത്.
തുടര്‍ന്ന് ക്രീസിലെത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനെ അധികനേരം ക്രീസില്‍ തുടരാന്‍ പ്രസിദ് കൃഷ്ണ അനുവദിച്ചില്ല. 12 പന്തില്‍ 14 റണ്‍സെടുത്ത ശേഷം ബ്രൂക്ക് മടങ്ങി. ബ്രൂക്കിനെ ചെറിയ സ്‌കോറില്‍ പുറത്താക്കാനായത് മാത്രമാണ് ഈ മത്സരത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ എടുത്തു പറയത്തക്ക ഏക നേട്ടം.
എന്നാല്‍ ബ്രൂക്കിന് ശേഷം ബാറ്റിങിന് വന്ന ജോസ് ബട്ട്‌ലര്‍, ക്രീസിലെത്തിയത് മുതല്‍ വെടിക്കെട്ടിന് തിരികൊളുത്തി. മൂന്ന് സിക്‌സറുകളുടെയും, നാല് ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 13 പന്തില്‍ 41 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. സിക്‌സുകള്‍ നേടാനായില്ലെങ്കിലും, കൃത്യമായ ഇടവേളകളില്‍ ഫോറുകള്‍ അടിച്ചുകൂട്ടി റൂട്ടും ഇംഗ്ലണ്ടിന്റെ സ്‌കോറിങിന് വേഗം പകര്‍ന്നു. പുറത്താകാതെ 48 പന്തില്‍ 74 റണ്‍സ് നേടിയ റൂട്ട് ഒമ്പത് ബൗണ്ടറികളാണ് സംഭാവന ചെയ്തത്.
English Summary
England defeated India by 27 runs in the final ODI to win the three-match series 2-1. Chasing a massive target of 388, India fell short and was restricted to 360 for 7. Ben Duckett smashed a brilliant 141, while Jacob Bethell (91) and Joe Root (74*) powered England’s batting. Rohit Sharma hit a spectacular 138, but Sam Curran’s four-wicket haul ruined India’s run chase.