India Won Edgbaston Test: ഇത് ചരിത്രം, എഡ്ജ്ബാസ്റ്റണില്‍ കന്നി ജയവുമായി ഇന്ത്യ; ഗില്ലിന്റെ കിരീടത്തില്‍ പൊന്‍തൂവല്‍
India Won by 336 Runs In Edgbaston Test Against England: മഴ മൂലം ഒന്നര മണിക്കൂറോളം വൈകിയാണ് അഞ്ചാം ദിനം കളി പുനഃരാരംഭിച്ചത്. ഇന്ത്യ അര്‍ഹിച്ച ജയം മഴ തട്ടിയെടുക്കുമോ എന്നായിരുന്നു ആദ്യ മണിക്കൂറുകളിലെ ആശങ്ക. ഇതിനു മുമ്പ് എഡ്ജ്ബാസ്റ്റണില്‍ എട്ട് ടെസ്റ്റുകള്‍ കളിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്‍ എത്രത്തോളം ശോഭിക്കും? ജസ്പ്രീത് ബുംറയില്ലാതെ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് എത്രത്തോളം പെര്‍ഫോം ചെയ്യാനാകും? ഇതുവരെ ജയിക്കാനാകാത്ത എഡ്ജ്ബാസ്റ്റണിലെ മണ്ണില്‍ വീണ്ടും കാലിടറുമോ? ഇങ്ങനെ ഒരുപാട് ചോദ്യശരങ്ങളുടെ നടുവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയത്. ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചതോടെ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലായിരുന്നു ഇന്ത്യന്‍ ടീം. എന്നാല്‍, ചോദ്യം ഉന്നയിച്ചവരുടെയും, വിമര്‍ശനങ്ങളുടെ പെരുമഴ തീര്‍ത്തവരുടെയും വായടപ്പിച്ച് ഗില്ലും സംഘവും നേടിയ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ടായിരുന്നു. ഒപ്പം, അവര്‍ പ്രകടനമികവിലൂടെ ലോകക്രിക്കറ്റിനോട് വിളിച്ചു പറഞ്ഞു, ഇത് പുതിയ ഇന്ത്യന്‍ ടീമാണ്, അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ളവരുടെ ടീം !
336 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ 587, ആറിന് 427 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് 407, 201. എഡ്ജ്ബാസ്റ്റണില്‍ നേടിയ ചരിത്രജയത്തിന് കൂടുതല്‍ കയ്യടികള്‍ അര്‍ഹിക്കുന്നത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ്. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും താരം ഒരുപോലെ തിളങ്ങി. ആദ്യ ഇന്നിങ്‌സില്‍ 269 റണ്‍സും, രണ്ടാം ഇന്നിങ്‌സില്‍ 161 റണ്‍സും നേടിയ ഗില്‍ ഇംഗ്ലണ്ടിന്റെ സര്‍വ പ്രതീക്ഷകളും തല്ലിക്കെടുത്തി.
ബുംറയുടെ അഭാവത്തില്‍ പ്ലേയിങ് ഇലവനിലെത്തിയ ആകാശ് ദീപ്, നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് ഉയര്‍ന്ന മുഹമ്മദ് സിറാജ് എന്നിരും വിജയശില്‍പികളാണ്. ആകാശ് ദീപ് ആദ്യ ഇന്നിങ്‌സില്‍ നാലും, രണ്ടാം ഇന്നിങ്‌സില്‍ ആറും വിക്കറ്റുകളാണ് പിഴുതത്. ആദ്യ ഇന്നിങ്‌സില്‍ സിറാജ് ആറു വിക്കറ്റുകള്‍ കൊയ്തു. രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
രണ്ട് ഇന്നിങ്‌സിലും അര്‍ധ ശതകം നേടിയ രവീന്ദ്ര ജഡേജ (89, 69 നോട്ടൗട്ട്), ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയടിച്ച യശ്വസി ജയ്‌സ്വാള്‍ (87), രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കെഎല്‍ രാഹുല്‍ (55), ഋഷഭ് പന്ത് (65) എന്നിവരും വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നു.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടിയ ജാമി സ്മിത്ത് (184 നോട്ടൗട്ട്, 88) ആണ് ഇന്ത്യയുടെ വിജയം വൈകിപ്പിച്ചത്. ഹാരി ബ്രൂക്കും ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയിരുന്നു (158 റണ്‍സ്).
മഴ മൂലം ഒന്നര മണിക്കൂറോളം വൈകിയാണ് അഞ്ചാം ദിനം കളി പുനഃരാരംഭിച്ചത്. ഇന്ത്യ അര്‍ഹിച്ച ജയം മഴ തട്ടിയെടുക്കുമോ എന്നായിരുന്നു ആദ്യ മണിക്കൂറുകളിലെ ആശങ്ക. ഇതിനു മുമ്പ് എഡ്ജ്ബാസ്റ്റണില്‍ എട്ട് ടെസ്റ്റുകള്‍ കളിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. ഏഴിലും തോറ്റു. ഒരു മത്സരം സമനിലയായി. 1986ലാണ് ഇന്ത്യന്‍ എഡ്ജ്ബാസ്റ്റണില്‍ സമനില വഴങ്ങിയത്.