India vs England: സ്‌റ്റോക്ക്‌സും വീണു, എഡ്ജ്ബാസ്റ്റണില്‍ വിജയത്തിന് തൊട്ടരികിലേക്ക് ഇന്ത്യ
India vs England Edgbaston Test Day 5 Updates: വെറും നാലു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് എഡ്ജ്ബാസ്റ്റണില്‍ വിജയക്കൊടി പാറിക്കാം. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ജാമി സ്മിത്ത് ക്രീസിലുള്ളതാണ് നേരിയ തലവേദന

എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ ഇന്ത്യ വിജയപ്രതീക്ഷയില്‍. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറു വിക്കറ്റിന് 153 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. വിജയിക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും 455 റണ്‍സ് വേണം. മറുവശത്ത്, വെറും നാലു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് എഡ്ജ്ബാസ്റ്റണില്‍ വിജയക്കൊടി പാറിക്കാം. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ജാമി സ്മിത്ത് ക്രീസിലുള്ളതാണ് നേരിയ തലവേദന. നിലവില്‍ 53 പന്തില്‍ താരം 32 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സില്‍ പുറത്താകാതെ 207 പന്തില്‍ 184 റണ്‍സെടുത്തിരുന്നു.
പേസര്‍ ആകാശ് ദീപിന്റെ തകര്‍പ്പന്‍ ബൗളിങാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഇതുവരെ താരം നാലു വിക്കറ്റുകള്‍ വീഴ്ത്തി. ടോപ് ഓര്‍ഡറില്‍ സൗക്ക് ക്രൗളിയൊഴികെയുള്ളവരുടെ വിക്കറ്റുകള്‍ ആകാശ് ദീപാണ് പിഴുതത്.
ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പിയായിരുന്ന ബെന്‍ ഡക്കറ്റ് (15 പന്തില്‍ 25), ഒലി പോപ്പ് (50 പന്തില്‍ 24), ജോ റൂട്ട് (16 പന്തില്‍ 6) എന്നിവരെ ആകാശ് ദീപ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. 31 പന്തില്‍ 23 റണ്‍സെടുത്ത ഹാരി ബ്രൂക്കിനെ എല്‍ബിഡബ്ല്യുവിലും കുരുക്കി.




ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സെടുക്കും മുമ്പേ സാക്ക് ക്രൗളിയെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. കടുത്ത പ്രതിരോധം ഉയര്‍ത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിനെ (73 പന്തില്‍ 33) വാഷിങ്ടണ്‍ സുന്ദര്‍ വീഴ്ത്തി.