India vs England : ട്വിസ്റ്റോട് ട്വിസ്റ്റ്! അവസാനം ലോർഡ്സിൽ ഇന്ത്യ വീണു
India vs England 3rd Test Highlights : 193 റൺസ് വിജയലക്ഷ്യവുമായി മത്സരത്തിൻ്റെ അവസാന ദിനം ഇറങ്ങിയ ഇന്ത്യ 170 റൺസിന് പുറത്താകുകയായിരുന്നു.

Ravindra Jadeja Lord's Test
ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 22 റൺസിൻ്റെ തോൽവി. രണ്ടാം ഇന്നിങ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 170 റൺസിന് പുറത്തായി. വാലറ്റത്ത് ജസ്പ്രിത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനൊപ്പം ചേർന്ന് രവീന്ദ്ര ജഡേജ സമ്മർദ്ദങ്ങളെ മറികടന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമ്പോഴാണ് നിർഭാഗ്യം സന്ദർശകരെ വീഴ്ത്തിയത്. ജയത്തോടെ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിലെത്തി.
കൈയ്യിൽ ആറ് വിക്കറ്റും 112 റൺസ് വിജയലക്ഷ്യവുമായിട്ടാണ് ഇന്ത്യ മത്സരത്തിൻ്റെ അവസാനം ദിനമായ ഇന്ന് ലോർഡ്സിൽ ഇറങ്ങിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ഇംഗ്ലീഷ് താരങ്ങൾ വീണതിനെക്കാൾ വേഗത്തിലാണ് ഇന്ത്യയുടെ ബാറ്റിങ് നിര ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. 58 റൺസിന് മുന്നേറ്റ് നിര വീണപ്പോൾ രവീന്ദ്ര ജഡേജയും കെ.എൽ രാഹുലുമാണ് പ്രതിരോധം തീർത്ത് ഇന്ത്യയെ കരകയറ്റാൻ അവസാന ദിനത്തിൽ ഇറങ്ങിയത്. ജഡേജ പ്രതിരോധം തീർത്തപ്പോൾ മറ്റുള്ളവർ പ്രതിരോധത്തിൽ വിള്ളൽ ഉണ്ടാക്കി ടീമിനെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തി.
വാലറ്റത്തുള്ള ബോളർമാരായ ജസ്പ്രിത് ബുമ്രയെയും മുഹമ്മദ് സിറാജിനെയും കൂട്ടുപ്പിടിച്ചാണ് ജഡേജ ഒരുവിധം സ്കോർ ബോർഡ് 150 കടത്തി വിജയത്തിലേക്ക് നയിച്ചത്. 50ൽ ഏറെ പന്തുകൾ പ്രതിരോധിച്ച് ബുമ്ര കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. പിന്നാലെ സിറാജ് എത്തി ജഡേജയ്ക്ക് പിന്തുണ നൽകി. അഞ്ചാം ദിനത്തിലെ മൂന്നാം സെക്ഷനും പൂർത്തിയായി ജയം ഏകദേശം ഉറപ്പിച്ചപ്പോഴാണ് നിർഭാഗ്യം ഇന്ത്യയെ വീഴ്ത്തിയത്. ഷൊയ്ബ് ബഷീറിൻ്റെ പന്ത് കൃത്യമായി സിറാജ് പ്രതിരോധിച്ചെങ്കിലും നിർഭാഗ്യവശാൽ പന്ത് പിന്നോട്ട് വന്ന് സ്റ്റമ്പിൽ തട്ടുകയായിരുന്നു. ആരും പ്രതീക്ഷിക്കാതെ വിക്കറ്റ് വീണതോടെ അതിഥേയർ വിജയാഘോവുമായി കളം നിറഞ്ഞപ്പോൾ ഇന്ത്യൻ ഡ്രെസ്സിങ് റൂം മൗനതയിലാർന്നു.
ആദ്യ ഇന്നിങ്സിൽ ഇരു ടീമുകളും 387 റൺസെടുത്ത പുറത്താകുകയായിരുന്നു. ആതിഥേയർക്കായി ജോ റൂട്ട് സെഞ്ചുറി നേടി നയിച്ചപ്പോൾ കെ എൽ രാഹുൽ ശതകം തീർത്തു. ഒപ്പം റിഷഭ് പന്തും ജഡേജയും 70ൽ അധികം റൺസെടുത്ത് ഇന്ത്യയെ ലീഡ് വഴങ്ങുന്നതിൽ നിന്നും രക്ഷപ്പെടുത്തി. രണ്ടാം ഇന്നിങ്സിലേക്കെത്തിയപ്പോൾ ഇരു ടീമുകളുടെയും ബോളർമാർ കളം നിറഞ്ഞു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ നാല് വിക്കറ്റ് നേടിയപ്പോൾ ആതിഥേയർക്കായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സും പേസർ ജോഫ്രാ ആർച്ചെറും മൂന്ന് വീതം വിക്കറ്റുകൾ നേടി.
ജയത്തോടെ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിലെത്തി. ജൂലൈ 23-ാം തീയതിയാണ് പരമ്പരയിലെ നാലാം മത്സരം. മാഞ്ചസ്റ്ററിൽ ഓൾഡ് ട്രഫോർഡ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുക.