പുരുഷന്മാര്‍ വരുത്തിയ നാണക്കേട് പെണ്‍പട അങ്ങ് തീര്‍ത്തു! ലോര്‍ഡ്‌സ് ടെസ്റ്റില്‍ ചരിത്രജയം
India Women vs England Women Test Match: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്രജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ 270 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. 457 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 186 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 170 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

India W vs England W
ലോര്‍ഡ്‌സ്: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്രജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ 270 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. 457 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 186 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 170 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 285 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 341 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. നാല് വിക്കറ്റെടുത്ത സ്‌നേഹ് റാണ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സയാലി സത്ഘരെ, ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവരുടെ ബൗളിങ് മികവാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കിയത്.
80 പന്തില്‍ 54 റണ്‍സെടുത്ത ആമി ജോണ്‍സിനും, 66 പന്തില്‍ 50 റണ്‍സെടുത്ത സോഫി എക്ലെസ്റ്റോണും മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചുനില്‍ക്കാനായത്. മറ്റൊരു ഇംഗ്ലണ്ട് ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല. കൂട്ടത്തകര്‍ച്ചയോടെയാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. ആദ്യ മൂന്നോവറില്‍ ഓപ്പണര്‍മാരായ മായ ബൗച്ചിയർ (എട്ടു പന്തില്‍ രണ്ട്), ടാംസിൻ ബ്യൂമോണ്ട് (ഗോള്‍ഡന്‍ ഡക്ക്) എന്നിവരെ നഷ്ടമായി.
ഹീതര്‍ നൈറ്റ് (34 പന്തില്‍ 13), ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രന്റ് (25 പന്തില്‍ 11) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനാകാതെ വന്നതോടെ ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നു. 35 പന്തില്‍ 21 റണ്‍സെടുത്ത ആലിസ് കാപ്‌സി, 63 പന്തില്‍ 26 റണ്‍സെടുത്ത മാഡി വില്ലിയേഴ്‌സ് എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികനേരം ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഇസി വോങ് (33 പന്തില്‍ ഒന്ന്), ലോറന്‍ ബെല്‍ (10 പന്തില്‍ പൂജ്യം) എന്നിവരും വന്നപോലെ മടങ്ങി. 22 പന്തില്‍ നാലു റണ്‍സുമായി ലോറെന്‍ ഫില്ലര്‍ പുറത്താകാതെ നിന്നു.
Also Read: ലോർഡ്‌സ് മണ്ണിൽ ചരിത്രമെഴുതി യാസ്തിക ഭാട്ടിയ! തകർപ്പൻ ജയത്തിലേക്ക് കുതിച്ച് ഇന്ത്യ
യാസ്തിക ഭാട്ടിയക്ക് സെഞ്ചുറി
സെഞ്ചുറി നേടിയ യാസ്തിക ഭാട്ടിയയുടെ പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 158 പന്തില്‍ 113 റണ്‍സെടുത്തു. ഓപ്പണര്‍ സ്മൃതി മന്ദാനയും (130 പന്തില്‍ 70), റിച്ച ഘോഷും (പുറത്താകാതെ 52 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സോഫി എക്ലെസ്റ്റോണ്‍ ഇംഗ്ലണ്ട് നിരയില്‍ മികച്ചുനിന്നു.
ഷഫാലി വര്‍മ്മ-55 പന്തില്‍ 33, ജെമിമ റോഡ്രിഗസ്-12 പന്തില്‍ മൂന്ന്, ഹര്‍മന്‍പ്രീത് കൗര്‍-34 പന്തില്‍ 16, ദീപ്തി ശര്‍മ-33 പന്തില്‍ 10, സ്‌നേഹ് റാണ-14 പന്തില്‍ ഒന്ന്, സയാലി സത്ഘരെ- 31 പന്തില്‍ 18 നോട്ടൗട്ട് എന്നിങ്ങനെയാണ് രണ്ടാം ഇന്നിങ്‌സില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സംഭാവന ചെയ്ത സ്‌കോറുകള്‍.
ആദ്യ ഇന്നിങ്‌സില്‍
ആദ്യ ഇന്നിങ്‌സിലും മന്ദാന മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 108 പന്തില്‍ 83 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഹര്‍മന്‍പ്രീത് കൗര്‍ (121 പന്തില്‍ 58), ദീപ്തി ശര്‍മ (87 പന്തില്‍ 57) എന്നിവരും അര്‍ധ സെഞ്ചുറികള്‍ നേടി. 62 പന്തില്‍ 52 റണ്‍സ് നേടിയ ആമി ജോണ്‍സ് മാത്രമാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ അര്‍ധ സെഞ്ചുറി നേടിയ ഏക ബാറ്റര്‍. അഞ്ച് വിക്കറ്റെടുത്ത ക്രാന്തി ഗൗഡിന്റെ ബൗളിങ് മികവാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത്.
English Summary
India Women achieved a historic Test match victory by defeating England by 270 runs at Lord’s. Chasing a massive target of 457 runs, England’s second innings collapsed for just 186 runs. Yastika Bhatia starred for India with a brilliant century (113 runs) in the second innings. Sneh Rana took four wickets in the second innings, while Kranti Gaudh claimed a five-wicket haul in the first.