ഇന്ന് വൈകിട്ട് കറന്റ് പോകുമേ! വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്ന് നിയന്ത്രണം വേണ്ടിവരുമെന്ന് KSEB
KSEB power outages: പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് (13.07.2026) വൈകുന്നേരം 7 മണിക്കുശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് KSEB മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും വൈദ്യുതി ക്ഷാമം നേരിടുന്നതായും ബോർഡ് പറയുന്നു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകുന്നേരം വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് KSEB മുന്നറിയിപ്പ്. തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. KSEB യുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇതാ: ”എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് (13.07.2026) വൈകുന്നേരം 7 മണിക്കുശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം”.
വൈകിട്ട് പാചകം ഒഴിവാക്കണം
വൈകുന്നേരം 7 മണിക്ക് ശേഷം വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഒഴിവാക്കിയാൽ പല ഗുണങ്ങളുണ്ട് എന്ന് കെഎസ്ഇബി ഫെയ്സബുക്കിലൂടെ ഉപദേശിക്കുന്നു. ”വൈദ്യുതി ബില്ലിൽ ലാഭം നേടാം എന്നതാണ് ഒന്നാമത്തേത്. രാത്രിയിൽ ലഭ്യമാകുന്ന വൈദ്യുതിയുടെ സിംഹഭാഗവും കൽക്കരി ഇന്ധനമായ താപനിലയങ്ങളിൽ നിന്നുള്ളതായതിനാൽ ഈ സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാണ്” എന്നാണ് ഉപദേശം.
വൈദ്യുതി വരുന്നത് പുറത്തുനിന്ന്
കേരളത്തിൽ വൈകുന്നേരം 7 മണിക്ക് ശേഷമുള്ള വൈദ്യുതി ആവശ്യകതയുടെ 80 ശതമാനത്തോളം നിറവേറ്റുന്നത് സംസ്ഥാനത്തിന് പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതി ഉപയോഗിച്ചാണ് എന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഇങ്ങനെ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ സിംഹഭാഗവും കൽക്കരി ഇന്ധനമായ താപവൈദ്യുത നിലയങ്ങളിൽ നിന്നുള്ളതാണ്.
അതിനാൽ, രാത്രി സമയങ്ങളിലെ അധിക വൈദ്യുതി ഉപയോഗം കാർബൺ പുറന്തള്ളലും പരിസ്ഥിതി മലിനീകരണവും വലിയതോതിൽ വർധിപ്പിക്കുന്നുണ്ട്. വൈകിട്ട് 7നുശേഷം അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ ഒഴിവാക്കുന്നതിലൂടെ ഊർജം ലാഭിക്കാം, പ്രകൃതിയെയും സംരക്ഷിക്കാം എന്ന് ഫെയ്സ്ബുക്കിൽ പൊതുജനങ്ങൾക്കായി നൽകിയ ബോധവൽക്കരണ കുറിപ്പിൽ കെഎസ്ഇബി പറയുന്നു.
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫും പറഞ്ഞു. പാലക്കാട്, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ മഴ കുറവാണ്. മഴ കുറയുന്നതോടെ സംഭരണികളിലെ വെള്ളത്തിന്റെ അളവ് കുറയുന്നത് വൈദ്യുതി ഉൽപ്പാദനത്തെ ബാധിക്കുന്നുണ്ട്. ചൂട് വർദ്ധിച്ചത് വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയരാനും കാരണമായി എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കടുത്ത ചൂടിന്റെ സമയത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നു. ഈ വൈദ്യുതി നിലവിൽ തിരികെ നൽകിക്കൊണ്ടിരിക്കുകയാണ്. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭ്യമാകാത്തതും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. രാത്രികാലങ്ങളിലെ പീക്ക് സമയത്തും ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന സമയത്തും തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
English Summary
KSEB has warned that partial power control may be required in the state after 7 pm today (13.07.2026) if there is a situation where the required amount of power is not available through the power exchange. The board said that due to the lack of rainfall due to the El Nino phenomenon and the relatively high ambient temperature, the state has been facing a significant increase in power consumption and is facing a power shortage.