RCB vs SRH: ജേക്കബ് ബെഥേലിനെ ഒഴിവാക്കാനാകുമോ ആര്‍സിബിക്ക്? ഹേസില്‍വുഡും, കമ്മിന്‍സും കളിക്കുമോ?
RCB vs SRH Predicted XIs: ജേക്കബ് ബെഥേല്‍ ആര്‍സിബിയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക ശ്രമകരമാണ്. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ കളിക്കാനും സാധ്യത കുറവാണ്. ഇരുടീമുകളുടെയും സാധ്യതാ പ്ലേയിങ് ഇലവന്‍ പരിശോധിക്കാം.

RCB Practice Session
ബെംഗളൂരു: ഐപിഎല്‍ 2026 സീസണ് ഇന്ന് തുടക്കം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കഴിഞ്ഞ വര്‍ഷം ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചതിന് ശേഷം ഇതാദ്യമായാണ് ചിന്നസ്വാമിയില്‍ മത്സരങ്ങള്‍ നടക്കുന്നത്.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം സീനിയര്‍ താരം വിരാട് കോഹ്ലി കളിക്കുന്ന ആദ്യ മത്സരമാണിത്. പരിക്കുകള്‍ ഇരുടീമുകളെയും വലച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ പേസാക്രമണത്തിന് കരുത്ത് പകര്‍ന്ന ജോഷ് ഹേസല്‍വുഡ് പരിക്കിന്റെ പിടിയിലാണ്. നിലവില്‍ താരം ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് വിവരം.
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പരിക്കേറ്റതാണ് സണ്‍റൈസേഴ്‌സിന് തിരിച്ചടിയായത്. ആഷസ് പരമ്പരയ്ക്കിടെയാണ് കമ്മിന്‍സിന് പരിക്കേറ്റത്. കമ്മിന്‍സിന് പരിക്കേറ്റതോടെ ഇഷാന്‍ കിഷനെ പകരം ക്യാപ്റ്റനായി സണ്‍റൈസേഴ്‌സ് നിയമിച്ചിരുന്നു. കമ്മിന്‍സ് സണ്‍റൈസേഴ്‌സിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തുന്നുണ്ടെങ്കിലും, താരം കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Also Read: Sanju Samson: സാഹചര്യങ്ങള്‍ സഞ്ജുവിന് അനുകൂലം; വിക്കറ്റ് കീപ്പര്‍ സ്ഥാനവും ഉറപ്പിച്ചു
ജേക്കബ് ബെഥേല്‍ കളിക്കുമോ?
ടി20 ലോകകപ്പിലെ സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ജേക്കബ് ബെഥേല്‍ ആര്‍സിബിയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക ശ്രമകരമാണ്. ഫിള്‍ സാള്‍ട്ട്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ് തുടങ്ങിയ വിദേശ താരങ്ങള്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടാനാണ് സാധ്യത. ഇത് ബെഥേലിന് തിരിച്ചടിയായേക്കാം.
സാധ്യതാ പ്ലേയിങ് ഇലവന്‍
ആർസിബി: വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പതിദാർ, ടിം ഡേവിഡ്, ജിതേഷ് ശർമ, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ, ജേക്കബ് ഡഫി.
എസ്ആര്‍എച്ച്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ലിയാം ലിവിംഗ്സ്റ്റൺ, ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഡി, ബ്രൈഡൻ കാർസെ, ജയ്ദേവ് ഉനദ്കട്ട്, ഹർഷൽ പട്ടേൽ, സീഷൻ അൻസാരി.