IPL 2026: ‘മുസ്തഫിസുർ റഹ്മാനെ കളിപ്പിച്ചാൽ ഐപിഎൽ മുടക്കും, പിച്ചുകൾ തകർക്കും’; ഭീഷണിയുമായി മതനേതാക്കൾ
Threat Over Mustafizur Rahman In IPL: മുസ്തഫിസുർ റഹ്മാൻ ഐപിഎൽ കളിച്ചാൽ പിച്ചുകൾ തകർക്കുമെന്ന് മതനേതാക്കളുടെ ഭീഷണി. ഐപിഎൽ മുടക്കുമെന്നും ഭീഷണിയുണ്ട്.

മുസ്തഫിസുർ റഹ്മാൻ
ബംഗ്ലാദേശ് താരമായ മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽ കളിപ്പിച്ചാൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ഭീഷണി. മത്സരങ്ങൾ തടയുമെന്നും പിച്ചുകൾ തകർക്കുമെന്നുമാണ് പ്രാദേശിക മതനേതാക്കൾ ഭീഷണിമുഴക്കിയത്. ഉജ്ജയിനിലെ റിൻമുക്തേശ്വർ മഹാദേവ് ക്ഷേത്രം മുഖ്യ പൂജാരി മഹാവീർ നാഥ് ഉൾപ്പെടെ ഒരുവിഭാഗം മതനേതാക്കളാണ് ഭീഷണിയുമായി രംഗത്തുവന്നത്.
ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദു സമൂഹത്തിന് നേരെ ആക്രമണങ്ങൾ ശക്തമാവുന്ന സാഹചര്യത്തിലാണ് മതനേതാക്കളുടെ ഭീഷണി. മുസ്തഫിസുറിനെ കളിപ്പിച്ചാൽ ഐപിഎൽ തടസപ്പെടുത്തുമെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ഐപിഎൽ അധികൃതർ ബംഗ്ലാദേശിൽ നടക്കുന്ന സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ബംഗ്ലാദേശി താരങ്ങളെ ഇന്ത്യൻ മണ്ണിൽ കളിക്കാൻ ഇവർ അനുവദിക്കുകയാണ് എന്നും മതനേതാക്കൾ പ്രതികരിച്ചു.
Also Read: Rishabh Pant: ഏകദിന ക്രിക്കറ്റിൽ ‘സർവം മായ’ ! ഋഷഭ് പന്ത് പുറത്തേക്ക്; പകരമെത്തുന്നത് സഞ്ജുവോ, ഇഷാനോ?
9.2 കോടി രൂപ മുടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് മുസ്തഫിസുർ റഹ്മാനെ ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ബംഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. സീസണിൽ ഐപിഎൽ ടീമുകൾ ടീമിലെത്തിച്ച ഒരേയൊരു ബംഗ്ലാദേശ് താരമാണ് മുസ്തഫിസുർ റഹ്മാൻ. മുസ്തഫിസുറിനെ ടീമിലെത്തിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സമൂഹമാധ്യമ ക്യാമ്പെയിനുകൾ നടക്കുകയാണ്. കെകെആറിനെ ബഹിഷ്കരിക്കണമെന്നാണ് ആഹ്വാനം. ഏഴ് ബംഗ്ലാദേശ് താരങ്ങളാണ് ലേലത്തിൽ ഉണ്ടായിരുന്നത്. ഷൊരീഫുൽ ഇസ്ലാം, ടസ്കിൻ അഹ്മദ്, നാഹിദ് റാണ, തൻസിം ഹസൻ സാക്കിബ്, റിഷാദ് ഹുസൈൻ, റാകിബുൽ ഹസൻ എന്നിവരെയൊന്നും ടീമുകൾ പരിഗണിച്ചില്ല.
ഫാക്ടറി തൊഴിലാളിയായ ദീപുചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയിൽ ബംഗ്ലാദേശ് വിരുദ്ധവികാരം ശക്തിപ്രാപിച്ചത്. മതനിന്ദ ആരോപിച്ചായിരുന്നു കൊലപാതകം. ജോലിസ്ഥലത്തുനിന്ന് ഇയാളെ വലിച്ചിറക്കി മർദ്ദിച്ച് അവശനാക്കിയതിന് ശേഷം മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.