IPL 2026 Auction: പഴ്സ് പൊട്ടിച്ച് ചെന്നൈയും കൊൽക്കത്തയും; ഒടുവിൽ കാമറൂൺ ഗ്രീൻ കൊൽക്കത്തയിൽ
Cameron Green To KKR: വരുന്ന ഐപിഎൽ സീസണിൽ കാമറൂൺ ഗ്രീൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കും. 25.2 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത സ്വന്തമാക്കിയത്.

കാമറൂൺ ഗ്രീൻ
പ്രതീക്ഷകളും കണക്കുകൂട്ടലും ശരിവച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനായി ഐപിഎൽ താരലേളത്തിൽ പിടിവലി. രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകളാണ് ഗ്രീനിനായി പോരടിച്ചത്. ഒടുവിൽ 25.20 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കുകയും ചെയ്തു. ഐപിഎലിൽ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
ഇത്തവണ ഐപിഎൽ ലേലത്തിൽ ഏറ്റവുമധികം തുക നേടുന്ന താരം കാമറൂൺ ഗ്രീൻ ആവുമെന്നായിരുന്നു കണക്കുകൂട്ടൽ. ഋഷഭ് പന്തിൻ്റെ 27 കോടി രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് തകർക്കുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും താരം ഇത്തവണ ലേലത്തിൽ മികച്ച തുക നേടുമെന്ന് ഉറപ്പായിരുന്നു. ഇത് ശരിവച്ചുകൊണ്ടാണ് ഗ്രീനായി താരലേലത്തിൽ പോരാട്ടം നടന്നത്.
Also Read: IPL 2026 Auction: പഴ്സ് പൊട്ടിച്ച് ചെന്നൈയും കൊൽക്കത്തയും; ഒടുവിൽ കാമറൂൺ ഗ്രീൻ കൊൽക്കത്തയിൽ
രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഗ്രീനായി ആദ്യം മുംബൈ ഇന്ത്യൻസാണ് പാഡിൽ ഉയർത്തിയത്. വെറും 2.75 കോടി പഴ്സുമായി എത്തിയ മുംബൈ 2.4 കോടി വരെ വിളിച്ച് പിന്മാറി. രാജസ്ഥാൻ റോയൽസ് ആയിരുന്നു ഈ സമയത്ത് മുംബൈയുടെ എതിരാളി. മുംബൈ പിന്മാറിയതോടെ കൊൽക്കത്ത കളത്തിലിറങ്ങി. 13.4 കോടിയിൽ കൊൽക്കത്ത പിന്മാറി ചെന്നൈ എത്തി. ചെന്നൈയും കൊൽക്കത്തയും തകർത്ത് ലേലം വിളിച്ച് ഒടുവിൽ 25.2 കോടി രൂപയ്ക്ക് കാമറൂൺ ഗ്രീനെ കൊൽക്കത്ത സ്വന്തമാക്കുകയായിരുന്നു.
39.1 കോടി രൂപയാണ് കൊൽക്കത്തയുടെ പഴ്സിൽ ബാക്കിയുള്ളത്. 12 താരങ്ങളെക്കൂടി കൊൽക്കത്തയ്ക്ക് ഇനി കണ്ടെത്തേണ്ടതുണ്ട്. ജേക്ക് ഫ്രേസർ മക്കർക്ക്, പൃഥ്വി ഷാ, ഡെവോൺ കോൺവേ, സർഫറാസ് ഖാൻ, രചിൻ രവീന്ദ്ര, ലിയാം ലിവിങ്സ്റ്റൺ തുടങ്ങി പ്രമുഖ താരങ്ങളെയൊന്നും ആദ്യ റൗണ്ടിൽ വാങ്ങാൻ ആളുണ്ടായില്ല.