IPL 2026 Auction: മലയാളി താരങ്ങളോട് മുഖം തിരിച്ച് ഫ്രാഞ്ചൈസികൾ; ടീമുകളിൽ ഇടം ലഭിച്ചത് വിഗ്നേഷിന് മാത്രം
Malayali Players In IPL 2026 Auction: 11 പേർ ലേലത്തിനെത്തിയിട്ടും ഐപിഎൽ കരാർ ലഭിച്ചത് ഒരേയൊരു താരത്തിന്. വിഗ്നേഷ് പുത്തൂർ മാത്രമാണ് കരാർ നേടിയത്.
മലയാളി താരങ്ങളോട് മുഖം തിരിച്ച് ഐപിഎൽ ഫ്രാഞ്ചൈസികൾ. 11 താരങ്ങൾ ലേലത്തിലുണ്ടായിരുന്നെങ്കിലും ഒരാളെ മാത്രമാണ് ടീമുകൾ പരിഗണിച്ചത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിൽ കളിച്ച ചൈനമാൻ ബൗളർ വിഗ്നേഷ് പുത്തൂറിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മറ്റാർക്കും ഐപിഎൽ കരാർ ലഭിച്ചില്ല.
പലരും ഐപിഎൽ ലേലത്തിൽ വന്നതുപോലുമില്ല. ഈദൻ ആപ്പിൾ ടോമിനെ ആരും പരിഗണിച്ചില്ല. സൽമാൻ നിസാർ, കെഎം ആസിഫ്, ജിക്കു എസ് ബ്രൈറ്റ് എന്നിവർ എന്നിവർ ആക്സിലറേറ്റഡ് റൗണ്ടിൻ്റെ ഒന്നാം റൗണ്ടിൽ എത്തിയെങ്കിലും ആരും ബിഡ് ചെയ്തില്ല. സൽമാൻ്റെ അടിസ്ഥാന വില 30 ലക്ഷം രൂപയും ആസിഫിൻ്റെ അടിസ്ഥാന വില 40 ലക്ഷം രൂപയുമായിരുന്നു.
Also Read: Prashant Veer: കോടികൾ കൊയ്ത അൺക്യാപ്ഡ് താരം; ജഡേജയുടെ പിൻഗാമി; ആരാണ് പ്രശാന്ത് വീർ?
കഴിഞ്ഞ സീസണിലെ നെറ്റ് ബൗളറായിരുന്ന ജിക്കുവിനെ മുംബൈ ഇന്ത്യൻസ് തന്നെ ടീമിലെത്തിക്കുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല. ആക്സലറേറ്റഡ് ഓക്ഷനിലെ രണ്ടാം റൗണ്ടിലും സൽമാൻ നിസാർ വന്നു. പക്ഷേ, ടീമുകൾ താത്പര്യം കാണിച്ചില്ല. 55 ലക്ഷം രൂപ ബാക്കിനിൽക്കെ ടീമിൽ 25 പേരെ തികച്ച് മുംബൈ ഇന്ത്യൻസ് ലേല ഹാളിൽ നിന്ന് പുറത്തുപോയി.
രോഹൻ കുന്നുമ്മൽ, ഷറഫുദ്ദീൻ, ശ്രീഹരി എസ് നായർ, അഖിൽ സ്കറിയ, അബ്ദുൽ ബാസിത്ത്, അഹമദ് ഇമ്രാൻ എന്നിവരൊന്നും ലേലത്തിൽ വന്നില്ല. ആക്സിലറേറ്റഡ് റൗണ്ടുകളിൽ പോലും ഇവരുടെയൊന്നും പേര് വിളിച്ചില്ല. ഇതോടെ വരുന്ന സീസണിലെ മലയാളി സാന്നിധ്യം മൂന്നുപേരാണ്. സഞ്ജു സാംസൺ (ചെന്നൈ സൂപ്പർ കിംഗ്സ്), വിഷ്ണു വിനോദ് (പഞ്ചാബ് കിംഗ്സ്), വിഗ്നേഷ് പുത്തൂർ (രാജസ്ഥാൻ റോയൽസ്) എന്നിവരാണ് മലയാളി താരങ്ങൾ.