Sabarimala Gold Scam: മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീം കോടതിയിൽ; സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്ന് ഹൈക്കോടതി
Ex-Devaswom Secretary Jayashree: കട്ടിളപ്പാളികൾ ചെമ്പ് പൊതിഞ്ഞതാണെന്നും സ്വർണം പൊതിഞ്ഞതിന് രേഖകളോ തെളിവുകളോ ഇല്ലെന്നുമാണ് വാസു ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീയുടെ അപേക്ഷ. ഹൈക്കോടതി നേരത്തെ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. സന്നിധാനത്തെ അമൂല്യവസ്തുക്കളിൽ നിന്ന് സ്വർണം കവർന്നതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും, കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരാനുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കട്ടിളപ്പാളിക്ക് രേഖയുണ്ടോ? ഹൈക്കോടതിയുടെ നിർണായക ചോദ്യം
അതിനിടെ, സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി സർക്കാരിനോടും പ്രത്യേക അന്വേഷണ സംഘത്തോടും നിർണായക ചോദ്യം ഉയർത്തി.
ശബരിമലയിലെ വിവാദ കട്ടിളപ്പാളികളിൽ സ്വർണം പൊതിഞ്ഞതിന് എന്ത് രേഖയുണ്ട്? ദേവസ്വം ബോർഡിന്റെ പക്കലോ സന്നിധാനത്തോ ഇത് വ്യക്തമാക്കുന്ന എന്തെങ്കിലും രേഖകളുണ്ടോ? സന്നിധാനത്തെ ഒരു മൊട്ടുസൂചിക്കു പോലും കൃത്യമായ രജിസ്റ്റർ ഉണ്ടാകേണ്ടതല്ലേ? എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിനോട് ചോദിച്ചത്.
കട്ടിളപ്പാളികൾ ചെമ്പ് പൊതിഞ്ഞതാണെന്നും സ്വർണം പൊതിഞ്ഞതിന് രേഖകളോ തെളിവുകളോ ഇല്ലെന്നുമാണ് വാസു ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഈ വാദത്തിന്റെ പശ്ചാത്തലത്തിലാണ് സ്വർണ്ണമാണെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെങ്കിൽ വാസുവിനെതിരെ എങ്ങനെ കുറ്റം ചുമത്താൻ കഴിയുമെന്നും കോടതി ചോദിച്ചത്.
സ്വർണ്ണ മോഷണത്തിന് മുൻകൈയെടുത്തത് വാസുവാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച മൊഴികളിൽ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
നിലവിൽ, വാസുവിന്റെയും മറ്റൊരു പ്രതിയായ മുരാരി ബാബുവിന്റെയും ജാമ്യാപേക്ഷകൾ ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.