AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VC Appointment Row: വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ

Ciza Thomas Confirmed as KTU VC: ഇതോടെ, കഴിഞ്ഞ ഒരു വർഷത്തിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന സാങ്കേതിക സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങൾക്ക് താത്കാലികമായി ഒരു പരിഹാരമായിരിക്കുകയാണ്.

VC Appointment Row: വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ
Ciza ThomasImage Credit source: duk.ac.in
aswathy-balachandran
Aswathy Balachandran | Published: 16 Dec 2025 21:40 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലാ വൈസ് ചാൻസലർ (വി.സി.) നിയമനങ്ങളെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിൽ ധാരണയായതായി റിപ്പോർട്ട്. ഈ ഒത്തുതീർപ്പിന്റെ ഭാഗമായി സാങ്കേതിക സർവകലാശാലയുടെ വി.സിയായി പ്രൊഫസർ സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി സർക്കാർ അംഗീകരിച്ചിരിക്കുകയാണ്.

അതേസമയം, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥിന്റെ നിയമനവും ചാൻസലർ കൂടിയായ ഗവർണർ അംഗീകരിച്ചു. നിയമനം സംബന്ധിച്ച് ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന തർക്കത്തിനാണ് ഇതോടെ അയവു വന്നിരിക്കുന്നത്.

സർക്കാർ നിർദ്ദേശങ്ങളെ മറികടന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസ തോമസിനെ ഗവർണർ വി.സിയായി നിയമിച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

പുതിയ സാഹചര്യത്തിൽ, സിസ തോമസിന്റെ നിയമനം സർക്കാർ അംഗീകരിച്ചതോടെ, നിയമ പോരാട്ടത്തിൽ ഗവർണർക്ക് മേൽക്കൈ ലഭിച്ചു എന്ന വിലയിരുത്തലുണ്ട്.

 

സുപ്രീം കോടതിയെ അറിയിക്കും

 

വി.സി. നിയമനങ്ങളിലെ പുതിയ തീരുമാനം സർക്കാർ നാളെ സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിക്കും. ഈ കേസിൽ കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷ വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് സർവകലാശാലാ ഭരണത്തെ സ്തംഭിപ്പിച്ച തർക്കം ഒത്തുതീർപ്പാക്കാൻ സർക്കാർ തയ്യാറായത്.

ഇതോടെ, കഴിഞ്ഞ ഒരു വർഷത്തിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന സാങ്കേതിക സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങൾക്ക് താത്കാലികമായി ഒരു പരിഹാരമായിരിക്കുകയാണ്. സ്ഥിരം വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം അടക്കമുള്ള നടപടികൾ ഇനിയാണ് മുന്നോട്ട് പോകേണ്ടത്.