Karun Nair: ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയ കരുൺ നായർക്ക് രഞ്ജിയിൽ വമ്പൻ സെഞ്ചുറി; ഗോവയ്ക്കെതിരെ നേടിയത് 174 റൺസ്
Karun Nair vs Goa: ഗോവയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി കരുൺ നായർ. രഞ്ജി ട്രോഫി മത്സരത്തിൽ 174 റൺസ് നേടി താരം നോട്ടൗട്ടാണ്.
ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയ കരുൺ നായർക്ക് രഞ്ജിയിൽ തകർപ്പൻ സെഞ്ചുറി. രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബിയിൽ ഗോവയ്ക്കെതിരെ നടന്ന മത്സരത്തിൽ പുറത്താവാതെ 174 റൺസാണ് താരം നേടിയത്. ഇതോടെ 25ആം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയും കരുൺ നായർ തൻ്റെ പേരിൽ കുറിച്ചു. കരുണിൻ്റെ മികവിൽ 371 റൺസാണ് കർണാടക ആദ്യ ഇന്നിംഗ്സിൽ നേടിയത്.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിലാണ് രണ്ടാം ദിവസം കർണാടക ബാറ്റിംഗ് പുനരാരംഭിച്ചത്. കരുൺ 86 റൺസിലായിരുന്നു. മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടപ്പെടുമ്പോഴും പിടിച്ചുനിന്ന കരുൺ കർണാടകയെ മികച്ച സ്കോറിലേക്ക് നയിച്ചു. വാലറ്റത്ത് 31 റൺസ് നേടിയ വൈശാഖ് വിജയകുമാറിൻ്റെ പ്രകടനവും നിർണായകമായി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഗോവ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിലാണ്.
Also Read: Ranji Trophy 2025: തലപൊക്കി വാലറ്റം; കേരളത്തിനെതിരെ പടുകൂറ്റൻ സ്കോറുമായി പഞ്ചാബ്
കരുൺ നായർക്ക് ശേഷം 57 റൺസ് നേടിയ ശ്രേയാസ് ഗോപാലാണ് കർണാടയ്ക്കായി മികച്ചുനിന്നത്. ക്യാപ്റ്റൻ മായങ്ക് അഗർവാൾ (28) അടക്കമുള്ളവർ നിരാശപ്പെടുത്തി. 2 വിക്കറ്റ് നഷ്ടത്തിൽ 26 റൺസെന്ന നിലയിൽ ക്രീസിലെത്തിയ കരുൺ പുറത്താവാതെ നിന്നു. ഗോവയ്ക്ക് വേണ്ടി അർജുൻ തെണ്ടുൽക്കറും വാസുകി കൗശികും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ട് പരമ്പരയിലാണ് കരുൺ നായർ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയത്. നാല് മത്സരങ്ങൾ കളിച്ച കരുൺ ആകെ പരമ്പരയിൽ നേടിയത് 205 റൺസ്. 25 ആയിരുന്നു ശരാശരി. കേവലം ഒരു ഫിഫ്റ്റി മാത്രമായിരുന്നു താരത്തിൻ്റെ ശ്രദ്ധേയമായ പ്രകടനം. അതുകൊണ്ട് തന്നെ ഇക്കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ കരുണിന് പകരം ദേവ്ദത്ത് പടിക്കലാണ് ടീമിൽ ഇടം പിടിച്ചത്.