KCL 2025: ‘എന്നെ ഉച്ചക്ക് രണ്ട് മണിക്ക് വിടണേ’; ഷാജി കൈലാസിനോട് മോഹൻലാലിൻ്റെ അഭ്യർത്ഥന: കെസിഎൽ പരസ്യം വൈറൽ
KCL Ad With Mohanlal Goes Viral: കേരള ക്രിക്കറ്റ് ലീഗിൻ്റെ പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. മോഹൻലാൽ അഭിനയിക്കുന്ന പരസ്യമാണ് ശ്രദ്ധ നേടുന്നത്.

മോഹൻലാൽ, ഷാജി കൈലാസ്
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻ്റെ പരസ്യം വൈറൽ. മോഹൻലാൽ, ഷാജി കൈലാസ്, ഭാമ അരുൺ, സുരേഷ് കുമാർ തുടങ്ങിയവർ അഭിനയിക്കുന്ന പരസ്യം തങ്ങളുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെ കെസിഎൽ തന്നെ പുറത്തുവിട്ടു. ഒരു സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടതാണ് പരസ്യത്തിൻ്റെ ഉള്ളടക്കം. ഈ മാസം 21 മുതലാണ് കേരള ക്രിക്കറ്റ് ലീഗ് ആരംഭിക്കുക. സെപ്തംബർ ആറിന് ലീഗ് അവസാനിക്കും.
പരസ്യം കാണാം
തന്നെ ഷൂട്ടിങ് തീർത്ത് രണ്ട് മണിക്ക് തന്നെ വിടണമെന്ന് മോഹൻലാൽ പറയുന്നു. സംവിധായകൻ ഷാജി കൈലാസിനോടും നിർമ്മാതാവ് സുരേഷ് കുമാറിനോടുമൊക്കെ താരം ഇത് ഇടക്കിടെ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ സുരേഷ് കുമാറും തനിക്ക് രണ്ട് മണിക്ക് പോകണമെന്ന് ആവശ്യപ്പെടുന്നു. പറ്റില്ലെന്ന് ഷാജി കൈലാസ് പറയുമ്പോൾ താൻ പോകുമെന്ന് പറഞ്ഞ് സുരേഷ് കുമാർ എഴുന്നേറ്റ് പോകുന്നു. പിന്നാലെ ഷാജി കൈലാസ് വന്ന് ‘കെസിഎൽ കാണാനല്ലേ രണ്ട് മണിക്ക് പോകുന്നത്’ എന്ന് ചോദിക്കുമ്പോൾ മോഹൻലാൽ ചിരിക്കുന്നു. പിന്നീട് സെറ്റിൽ തന്നെ വലിയ ഒരു സ്ക്രീൻ വച്ച് കെസിഎൽ പ്രദർശിപ്പിക്കുകയാണ്.
Also Read: Sanju Samson: ടീമിലുള്ളത് മൂന്ന് ഓപ്പണർമാർ; സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ബാറ്റിംഗ് പൊസിഷൻ?
കെസിഎൽ താരലേലത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസണാണ് ഏറ്റവുമധികം വില ലഭിച്ചത്. 26.8 ലക്ഷം രൂപ ചിലവഴിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ ടീമിലെത്തിച്ചു. 50 ലക്ഷം രൂപയാണ് ഇത്തവണ ടീമുകൾക്ക് ആകെ പഴ്സിലുള്ള തുക. ഇതിൻ്റെ പകുതിയിലധികവും കൊച്ചി ഫ്രാഞ്ചൈസി സഞ്ജുവിനായി ചിലവഴിച്ചു. സഞ്ജുവിൻ്റെ സഹോദരൻ സാലി സാംസണും ടീമിലുണ്ട്. സാലിയാണ് സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിക്കുക. സഞ്ജു വൈസ് ക്യാപ്റ്റനാണ്. 12.8 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിലെത്തിച്ച വിഷ്ണു വിനോദിന് ലേലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.