Sanju Samson: ടീമിലുള്ളത് മൂന്ന് ഓപ്പണർമാർ; സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ബാറ്റിംഗ് പൊസിഷൻ?
Why Sanju Samson Leaving Rajasthan Royals: രാജസ്ഥാൻ റോയൽസ് വിടാൻ സഞ്ജു സാംസൺ തീരുമാനമെടുത്തതിന് പിന്നിൽ ബാറ്റിംഗ് പൊസിഷനിലെ അവ്യക്തത. മൂന്ന് ഓപ്പണർമാർ ഉള്ളതിനാൽ സഞ്ജു ടീം വിടാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന.
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാനുള്ള തീരുമാനമെടുക്കാൻ കാരണം ബാറ്റിംഗ് പൊസിഷനിലെ അവ്യക്തതയെന്ന് സൂചന. നിലവിൽ സഞ്ജുവിനെക്കൂടാതെ മൂന്ന് ഓപ്പണർമാരാണ് രാജസ്ഥാൻ റോയൽസിലുള്ളത്. കഴിഞ്ഞ സീസണിലെ ചില മത്സരങ്ങളിൽ സഞ്ജു മൂന്നാം നമ്പറിൽ കളിക്കുകയും ചെയ്തു. അടുത്ത സീസണിൽ മൂന്നാം നമ്പറും സാധ്യതയില്ലാത്തതിനാലാണ് സഞ്ജു മറ്റ് ഓപ്ഷനുകൾ പരിഗണിക്കുന്നതെന്നാണ് വിവരം.
യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻശി, ലുവാൻ ദ്രെ പ്രിട്ടോറിയസ് എന്നിവരാണ് ഓപ്പണർമായി രാജസ്ഥാനിലുള്ളത്. ലേലത്തിൽ ടീമിലെത്തിയ വൈഭവ് സഞ്ജുവിന് പരിക്കേറ്റപ്പോഴാണ് അരങ്ങേറിയത്. ഒരു സെഞ്ചുറി അടക്കം തകർത്തുകളിച്ച വൈഭവ് സഞ്ജു തിരികെ എത്തിയപ്പോഴും ഓപ്പണിങ് പൊസിഷൻ കാത്തുസൂക്ഷിച്ചു. മൂന്നാം നമ്പറിലാണ് സഞ്ജു പിന്നീട് കളിച്ചത്. പരിക്കേറ്റ് പുറത്തായ നിതീഷ് റാണയ്ക്ക് പകരം രാജസ്ഥാൻ എത്തിച്ച താരമാണ് ലുവാൻ ദ്രെ പ്രിട്ടോറിയസ്. 19 വയസുകാരനായ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ഓപ്പണർ കഴിഞ്ഞ സീസണിൽ ഒരു കളി പോലും കളിച്ചില്ല. വരുന്ന സീസണിൽ പ്രിട്ടോറിയസ് കളിച്ചേക്കും.
Also Read: Sanju Samson: വീണ്ടും കാര്യങ്ങൾ മാറിമറിഞ്ഞു, റോയൽസിൽ നിന്നും പോയേ പറ്റൂവെന്ന് സഞ്ജു




ദക്ഷിണാഫ്രിക്കയുടെ ഭാവി താരമെന്നറിയപ്പെടുന്ന പ്രിട്ടോറിയസ് മൂന്നാം നമ്പറിൽ ഇറങ്ങാനാണ് സാധ്യത. നാലാം നമ്പറിൽ റിയാൻ പരഗ് മികച്ച പ്രകടനങ്ങൾ നടത്തുന്നു. അതുകൊണ്ട് തന്നെ ആദ്യ നാല് സ്ഥാനങ്ങളിൽ സഞ്ജുവിന് അവസരം ലഭിക്കില്ലെന്നുറപ്പ്. ഇത് സഞ്ജുവിൻ്റെ കരിയറിൽ തിരിച്ചടിയാവും. ഇന്ത്യയുടെ ടി20 ടീമിൽ സഞ്ജു ഓപ്പണറാണ്. സെഞ്ചുറികളടക്കം നേടി ഈ അവസരം സഞ്ജു മുതലെടുക്കുകയും ചെയ്തു. അതിനാൽ, രാജസ്ഥാൻ റോയൽസിലെ ബാറ്റിംഗ് പൊസിഷൻ മാറുന്നത് വ്യക്തിപരമായി സഞ്ജുവിന് തിരിച്ചടിയാണ്.
ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജുവിൻ്റെ മാറ്റം ഇപ്പോഴും സജീവപരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ. ട്രെഡ് ഡീൽ നടന്നില്ലെങ്കിൽ സഞ്ജു അടുത്ത ലേലത്തിലെത്തും. 20 കോടി രൂപയെങ്കിലും മലയാളിതാരത്തിന് ലേലത്തിൽ ലഭിച്ചേക്കും.