KCL 2025: ഉദ്ഘാടന മത്സരം കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിൽ; ഫൈനൽ സെപ്തംബർ ഏഴിന്: കെസിഎൽ മത്സരക്രമം
KCL 2025 Season Schedule: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ഉദ്ഘാടന മത്സരം ഏരീസ് കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും തമ്മിൽ. ഓഗസ്റ്റ് 21നാണ് ലീഗ് ആരംഭിക്കുക.

കേരള ക്രിക്കറ്റ് ലീഗ്
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ മത്സരക്രമം പുറത്ത്. ഓഗസ്റ്റ് 21ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഏരീസ് കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും തമ്മിൽ ഏറ്റുമുട്ടും. സെപ്തംബർ ഏഴിനാണ് ഫൈനൽ മത്സരം നടക്കുക.
സെമി ഫൈനൽ ഉൾപ്പെടെ എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതമുണ്ട്. ഉച്ചകഴിഞ്ഞ് 2.30നും രാത്രി 6.45നുമാണ് മത്സരങ്ങൾ. 21ആം തീയതിയിലെ രണ്ടാം മത്സരം മാത്രം 7.45ന് ആരംഭിക്കും. അദാനി ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്സുമാണ് ഈ കളി ഏറ്റുമുട്ടുക. സെമിഫൈനൽ മത്സരങ്ങൾ സെപ്തംബർ അഞ്ചിന് നടക്കും.
17 ദിവസങ്ങളിലായി 33 മത്സരങ്ങളാണ് ലീഗിലുള്ളത്. എല്ലാ മത്സരങ്ങളും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാവും നടക്കുക. വനിതാ ലോകകപ്പിനായി വേദി വിട്ടുകൊടുക്കേണ്ട സാഹചര്യം വന്നാൽ മറ്റ് വേദികൾ പരിഗണിച്ചേക്കും.
ആറ് ടീമുകളാണ് ലീഗിൽ മത്സരിക്കുക. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സ് ഇത്തവണയും സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ ഇറങ്ങും. റണ്ണേഴ്സ് അപ്പായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനും കഴിഞ്ഞ സീസണിലെ അതേ നായകനാണ്, രോഹൻ കുന്നുമ്മൽ. ആലപ്പി റിപ്പിൾസിൻ്റെ ക്യാപ്റ്റനായി മുഹമ്മദ് അസ്ഹറുദ്ദീൻ തുടരും. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് റിപ്പിൾസ് ഫിനിഷ് ചെയ്തത്.
മൂന്നാം സ്ഥാനത്തെത്തിയ അദാനി ട്രിവാൻഡ്രം റോയൽസിനെ ഇത്തവണ കൃഷ്ണ പ്രസാദാണ് നയിക്കുക. അബ്ദുൽ ബാസിത്തായിരുന്നു കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ. വരുൺ നായനാരിൻ്റെ കീഴിൽ കഴിഞ്ഞ സീസൺ കളിച്ച തൃശൂർ ടൈറ്റൻസിനെ ഇക്കുറി സിജോമോൻ ജോസഫാണ് നയിക്കുക. കഴിഞ്ഞ സീസണിൽ ബേസിൽ തമ്പി നയിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഇത്തവണ സാലി വി സാംസൺ നയിക്കും.