Sreesanth KCA Ban: എല്ലാം പറഞ്ഞ് ‘കോംപ്ലിമെന്റാക്കി ! ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കെസിഎ
KCA Lifts Ban on Former Cricketer Sreesanth: മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍വലിച്ചു. ശ്രീശാന്തിന്റെ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി. കെസിഎല്‍ തുടങ്ങാനിരിക്കെയാണ് നടപടി. കെസിഎല്ലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് ശ്രീശാന്ത്.

Sreesanth
മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍വലിച്ചു. ശ്രീശാന്തിന്റെ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി. കെസിഎല്‍ തുടങ്ങാനിരിക്കെയാണ് നടപടി. കെസിഎല്ലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് ശ്രീശാന്ത്. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയത്. കഴിഞ്ഞ വര്‍ഷം വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ സഞ്ജു സാംസണെ കേരള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇതിനു പിന്നാലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലും സഞ്ജുവിന് ഇടം ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ശ്രീശാന്ത് അസോസിയേഷനെതിരെ വിമര്‍ശനമുന്നയിച്ചത്. സഞ്ജുവിന് ശേഷം അന്താരാഷ്ട്ര തലത്തിൽ മറ്റൊരു കളിക്കാരനെപ്പോലും വളർത്തിയെടുക്കാൻ കെസിഎയ്ക്ക് കഴിഞ്ഞിട്ടില്ലെന്നടക്കം അന്ന് ശ്രീശാന്ത് വിമര്‍ശിച്ചിരുന്നു.
ശ്രീശാന്തിന്റെ പ്രസ്താവനകൾ അസോസിയേഷന്റെ അന്തസ്സിനെ കെടുത്തുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് കെസിഎ വിശദീകരിച്ചിരുന്നു. സഞ്ജുവിനെ പിന്തുണച്ചതിനല്ല, മറിച്ച് അസോസിയേഷനെതിരെ വ്യാജവും അപകീർത്തികരവുമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടിയെന്നും അന്ന് കെസിഎ പ്രസ്താവനയില്‍ വ്യക്തമാക്കി. ശ്രീശാന്തിന്റെ ഫ്രാഞ്ചൈസിയായ കൊല്ലം ഏരീസിനും ആലപ്പി റിപ്പിൾസിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും അവരുടെ മറുപടി തൃപ്തികരമായതിനാൽ കൂടുതൽ നടപടികളിൽ നിന്ന് ഒഴിവാക്കി.
അന്ന് കെസിഎ വിശദീകരിച്ചത്
കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീര്‍ത്തികരമായി കാര്യങ്ങള്‍ പറഞ്ഞത് കരാര്‍ ലംഘനമാണെന്ന് കെസിഎ തുറന്നടിച്ചിരുന്നു.
താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് അസോസിയേഷന്‍ സ്വീകരിച്ചിട്ടുള്ളത്. അസോസിയേഷന്റെ സംരക്ഷക നിലപാടുമൂലമാണ് ശ്രീശാന്തിന് രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ കെസിഎ വീണ്ടും അവസരം നല്‍കിയത്. സഞ്ജു സാംസണ് ശേഷം ഇന്ത്യന്‍ ടീമില്‍ ആരു വന്നുവെന്ന ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണെന്നും കെസിഎ വിമര്‍ശിച്ചിരുന്നു.
Also Read: Sanju Samson: ‘ഒന്നൂടെ തുടങ്ങാമിനി’! സഞ്ജുവിന് ഇന്ന് നിര്‍ണായകം; ഒരിക്കല്‍ കൂടി പാളിയാല്‍
സജന സജീവന്‍, മിന്നു മണി, ആശ ശോഭന അടക്കമുള്ള താരങ്ങള്‍ ദേശീയ ടീമിലെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് കെസിഎ വിശദീകരിച്ചത്. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് അസോസിയേഷന്‍ അന്ന് ശ്രീശാന്തിനെതിരെ നടപടി സ്വീകരിച്ചത്. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് കാണിച്ച്, ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് എറണാകുളത്ത് ചേര്‍ന്ന അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ശ്രീശാന്തിനെ വിലക്കാന്‍ തീരുമാനിച്ചത്.
സഞ്ജുവിന്റെ അഭ്യര്‍ത്ഥന
അതേസമയം, ശ്രീശാന്തിനെതിരായ വിലക്ക് നീക്കണമെന്ന് അസോസിയേഷനോട് അഭ്യര്‍ത്ഥിച്ചതായി സഞ്ജുവും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്ത് വിഷയമാണെങ്കിലും നമുക്ക് സംസാരിച്ച് ശരിയാക്കാം എന്ന് താന്‍ അസോസിയേഷനോട് അപേക്ഷിച്ചതായും, പോസിറ്റീവ് ന്യൂസുണ്ടാകുമെന്നാണ് വിശ്വാസമെന്നും ഒരു അഭിമുഖത്തില്‍ സഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്തായാലും, വിലക്ക് നീക്കിയ അസോസിയേഷന്റെ നടപടി ശ്രീശാന്തിന് ആശ്വാസകരമാണ്. ഇനി ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ സഹ ഉടമ യെന്ന നിലയില്‍ കെസിഎല്ലിന്റെ ഭാഗമാകാനും അദ്ദേഹത്തിന് സാധിക്കും.
English Summary
The Kerala Cricket Association (KCA) has lifted its ban on former cricketer Sreesanth. The decision comes after Sreesanth expressed regret for his remarks against the association. He was originally banned last year for criticizing KCA regarding Sanju Samson’s omission. Sreesanth can now participate in the Kerala Cricket League as co-owner of Aries Kollam Sailors.