Sanju Samson: ശ്രീശാന്തിന്റെ വിലക്ക് കെസിഎ നീക്കുമോ? അസോസിയേഷനോട് അഭ്യര്‍ത്ഥിച്ച് സഞ്ജു സാംസണ്‍
Sanju Samson on Kerala Cricket League: കേരള ക്രിക്കറ്റ് ലീഗിന് ഒരു മാസമുണ്ട്. പോസിറ്റീവ് ന്യൂസുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കി. ശ്രീശാന്താണ് കേരളത്തിന്റെ വൈബ്. ടിനു യോഹന്നാനെയും, ശ്രീശാന്തിനെയും കണ്ടിട്ടാണ് ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന് ആഗ്രഹിച്ചതെന്നും താരം
കൊച്ചി: ശ്രീശാന്തിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി വെളിപ്പെടുത്തി സഞ്ജു സാംസണ്‍. ‘സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍’ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. ‘ശ്രീശാന്ത് ചേട്ടനു’മായുള്ള വിഷയം എന്താണെങ്കിലും അത് നമുക്ക് സംസാരിച്ച് ശരിയാക്കാം എന്ന് കെസിഎയോട് അപേക്ഷിച്ചിട്ടുണ്ട്. ആ അപേക്ഷയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം. കേരള ക്രിക്കറ്റ് ലീഗിന് ഒരു മാസമുണ്ട്. പോസിറ്റീവ് ന്യൂസുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കി. ശ്രീശാന്താണ് കേരളത്തിന്റെ വൈബ്. ടിനു യോഹന്നാനെയും, ശ്രീശാന്തിനെയും കണ്ടിട്ടാണ് ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന് ആഗ്രഹിച്ചതെന്നും താരം പറഞ്ഞു.
സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ശ്രീശാന്തിന്റെ വിലക്കില്‍ കലാശിച്ചത്. അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മൂന്ന് വര്‍ഷത്തേക്കാണ് ശ്രീശാന്തിനെ കെസിഎ വിലക്കിയത്. കേരള ക്രിക്കറ്റ് ലീഗിലെ ടീമായ ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ സഹ ഉടമ കൂടിയായിരുന്നു ശ്രീശാന്ത്. അസോസിയേഷന്റെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ശ്രീശാന്തിന് ലീഗില്‍ പങ്കെടുക്കാനും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിനായി സഞ്ജു അസോസിയേഷനോട് അഭ്യര്‍ത്ഥിച്ചത്.
താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടായ ശേഷം അസോസിയേഷനുമായി സംസാരിക്കാന്‍ പോയിരുന്നുവെന്നും സഞ്ജു തുറന്നുപറഞ്ഞു. അത് തന്റെ ഉത്തരവാദിത്തമാണ്. തനിക്കാണ് അസോസിയേഷന്റെ ആവശ്യം. ഐപിഎല്‍ കഴിഞ്ഞ് നാട്ടിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം കെസിഎ ഓഫീസിലെത്തി സെക്രട്ടറി ‘വിനോദ് സാറു’മായി സംസാരിച്ചിരുന്നു. സംസാരിച്ചാല്‍ തീരാത്ത പ്രശ്‌നങ്ങളില്ലെന്നാണ് തോന്നിയിട്ടുള്ളത്. കുറച്ച് തെറ്റിദ്ധാരണകളും മിസ് കമ്മ്യൂണിക്കേഷനുമുണ്ടായിരുന്നു. നേരിട്ട് സംസാരിച്ചപ്പോള്‍ അതില്‍ വ്യക്തത വന്നുവെന്നും സഞ്ജു സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.




”വേറെ കുറേ മത്സരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം കേരള ക്രിക്കറ്റ് ലീഗ് കളിക്കാന്‍ സാധിച്ചില്ല. ഈ വര്‍ഷം കളിച്ചുകൂടേയെന്ന് വിനോദ് സര്‍ ചോദിച്ചിരുന്നു. കുറേ വര്‍ഷമായി കെസിഎ പിന്തുണയ്ക്കുന്നുണ്ട്. തൈക്കാട്ടെ കേരള ക്രിക്കറ്റ് കോംപ്ലക്‌സിലേക്ക് എത്തുന്നത് പത്താം വയസിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരു പ്ലാറ്റ്‌ഫോം തന്നതുകൊണ്ടാണ് മുന്നോട്ടുപോകാനായത്. അതൊരിക്കലും മറക്കാനാകില്ല. ആ നന്ദി എപ്പോഴുമുണ്ട്. 19 വര്‍ഷമായി അസോസിയേഷനുമായി ബന്ധമുണ്ട്”-സഞ്ജുവിന്റെ വാക്കുകള്‍.
ദീര്‍ഘനാളായുള്ള ബന്ധമാകുമ്പോള്‍ അതില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകും. അത് ഇവിടെയുമുണ്ടായിട്ടുണ്ട്. കേരളാ ക്രിക്കറ്റിന് കുറച്ചുകൂടി വളരാനുള്ള അവസരമാണ് കെസിഎല്‍ നല്‍കുന്നത്. താരങ്ങള്‍ക്കും അവരെ പിന്തുണയ്ക്കാന്‍ എത്തുന്നവര്‍ക്ക് ഈ ലീഗ് വലിയൊരു സംഭവമാണ്. കഴിഞ്ഞ വര്‍ഷം വളരെ നന്നായാണ് ലീഗ് സംഘടിപ്പിച്ചത്. കെസിഎല്‍ കളിച്ചതുകൊണ്ടാണ് വിഗ്നേഷ് പുത്തൂരിനെ പോലെ അറിയപ്പെടാതിരുന്ന താരം ഇപ്പോള്‍ ഇന്ത്യ അറിയുന്ന സ്പിന്നറായി മാറിയത്. മറ്റു നാടുകളില്‍ ഇത്തരം ലീഗ് നടക്കുമ്പോള്‍ ഇവിടെ എന്തുകൊണ്ടാണ് നടക്കാത്തതെന്ന വിഷമമുണ്ടായിരുന്നു. നമ്മുടെ ലീഗാണ്. ഇത് നമ്മളെല്ലാം സംരക്ഷിക്കണമെന്നും സഞ്ജു പറഞ്ഞു.
ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരമാണ് സഞ്ജു. സഞ്ജുവിന്റെ സഹോദരന്‍ സാലി സാംസണാണ് ടീമിന്റെ ക്യാപ്റ്റന്‍. തങ്ങള്‍ ഒരുമിച്ച് കളിക്കുന്നതില്‍ വീട്ടുകാര്‍ ആകാംക്ഷയിലാണെന്നും സഞ്ജു വ്യക്തമാക്കി. ചേട്ടനൊപ്പമാണ് ക്രിക്കറ്റ് കളിച്ചുവളര്‍ന്നത്. പിന്നീട് പരിക്കുമൂലം ചേട്ടന്‍ പിന്നാക്കം പോയി. ഇപ്പോള്‍ ഡൊമസ്റ്റിക് ടൂര്‍ണമെന്റ്‌സ് കളിക്കുന്നുണ്ട്. അദ്ദേഹത്തിന് ക്രിക്കറ്റിനോട് പാഷനാണ്. കെസിഎല്‍ ചേട്ടന് നല്‍കിയത് റീ എന്‍ട്രിയാണ്. ചേട്ടനൊപ്പം നിരവധി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരുമിച്ച് കളിച്ചിട്ട് കുറച്ച് ഗ്യാപായി. ഇപ്പോള്‍ ഒരുമിച്ച് കളിക്കുന്നതില്‍ കുടുംബത്തിന് ആകാംക്ഷയുണ്ടെന്ന് താരം പറഞ്ഞു.
കൊച്ചി ബ്ലൂ ടൈഗേഴ്‌സില്‍ കെജെ രാഗേഷ് എന്ന ഒരു ചേട്ടനുണ്ട്. തന്റെ റൂം മേറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടറായിരുന്നു. അദ്ദേഹം ആ ജോലി വിട്ടിട്ടാണ് കളിക്കാരനായി എത്തിയത്. അത് ഭയങ്കര വലിയ കഥയാണ്. അത് മോട്ടിവേഷനുമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.