നീട്ടിക്കിട്ടിയ ആയുസ്, മാറ്റിയ ബാറ്റിങ് ശൈലി, ചരിത്ര സെഞ്ചുറി; ന്യൂസിലൻഡിൽ കെഎൽ രാഹുലിന്റെ സേഫ് ലാൻഡ്
KL Rahul reveals secret to his success: ന്യൂസിലൻഡിനെതിരായ രാഹുലിന്റെ സെഞ്ചുറി നേട്ടത്തിൽ നന്ദി പറയേണ്ടത്, ന്യൂസിലൻഡ് താരങ്ങളോടുകൂടിയാണ്. ഇന്നിംഗ്സിന്റെ ഏഴാം ഓവറിൽ അഞ്ച് റൺസിൽ നിൽക്കുമ്പോൾ മാറ്റ് ഹെന്റിയുടെ പന്ത് നേരിട്ട രാഹുലിന് പിഴച്ചു. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് പ്രതിരോധിക്കാൻ രാഹുൽ മുന്നോട്ട് കയറി. സ്വിംഗ് ചെയ്ത പന്ത് പാഡിലും പിന്നീട് ബാറ്റിലും കൊണ്ടു. ന്യൂസിലൻഡ് ഡിആർഎസിന് തയാറാകാതിരുന്നതിനാൽ രാഹുൽ രക്ഷപ്പെട്ടു.
വെല്ലിങ്ടൺ: 71 ടെസ്റ്റുകൾ നീണ്ട തന്റെ ക്രിക്കറ്റ് കരിയറിൽ ആദ്യമായാണ് കെ എൽ രാഹുൽ എന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ന്യൂസിലൻഡിൽ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. ആ ആദ്യ മത്സരം ഒരു സെഞ്ചുറിയിലൂടെ രാഹുൽ ചരിത്രമാക്കി മാറ്റിയപ്പോൾ അതിൽ ഭാഗ്യവും കഠിനാധ്വാനവും ഒരുപോലെ നിറഞ്ഞുനിന്നിരുന്നു. ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം 290 പന്തിൽ 136 റൺസ് രാഹുൽ നേടി. അദ്ദേഹത്തിന്റെ കരിയറിലെ 13-ാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. ഇതോടെ SENA രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ) ടെസ്റ്റ് സെഞ്ച്വറി തികയ്ക്കുന്ന അപൂർവം ഇന്ത്യൻ താരങ്ങളുടെ പട്ടികയിലും, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ഓപ്പണറായും രാഹുൽ മാറി. ചരിത്ര സെഞ്ചുറി നേട്ടത്തിന് പിന്നാലെ കരിയറിലെ പ്രയാസകരമായ ഘട്ടത്തെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും രാഹുൽ മനസുതുറന്നു.
കരിയറിലെ പ്രയാസകരമായ ഘട്ടങ്ങളിൽ, തന്റെ ബാറ്റിങ് ടെക്നിക്ക് ആയിരുന്നില്ല പ്രശ്നമെന്നും, എല്ലാ പന്തുകളും കളിക്കാനുള്ള പ്രലോഭനത്തെ അതിജീവിച്ച് ശരിയായ രീതി കണ്ടെത്തിയതാണ് തന്റെ സമീപകാല വിജയങ്ങൾക്ക് പിന്നിലെന്നും രാഹുൽ വ്യക്തമാക്കി. ബാറ്റിംഗ് ഓർഡറിൽ പലപ്പോഴായി മാറ്റങ്ങൾക്ക് വിധേയനായ രാഹുൽ, മധ്യനിരയിൽ കളിച്ചിരുന്ന 15 മാസക്കാലം, മിക്കവാറും എല്ലാ പന്തുകളിലും ബാറ്റ് വെക്കുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞു.
”ടെക്നിക്ക് ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. ന്യൂസിലൻഡിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഗാർഡും പൊസിഷനും കണ്ടെത്താനാണ് ഞാൻ ശ്രമിച്ചത്. സ്വിംഗും സീമും ലഭിക്കുന്ന പിച്ചുകളിൽ പന്തിൽ അധികം ബാറ്റ് വെക്കാതിരിക്കുന്നതാണ് ഏറ്റവും മികച്ച രീതി,” എന്ന് രാഹുൽ വ്യക്തമാക്കി. ന്യൂസിലൻഡ് പര്യടനത്തിനായി മൂന്നാഴ്ച മുമ്പ് തന്നെ ഇവിടെയെത്തിയ രാഹുലിന് ഇന്ത്യ ‘എ’ ടീമിനായുള്ള മത്സരങ്ങളിൽ തിളങ്ങാനായിരുന്നില്ല.
”നെറ്റ്സിൽ മണിക്കൂറുകളോളം ചെലവഴിച്ചതും, മുൻപ് ന്യൂസിലൻഡിൽ റൺസ് നേടിയ താരങ്ങളുടെ വീഡിയോകൾ കണ്ടതും വ്യക്തമായ പദ്ധതികളോടെ ഇറങ്ങാൻ സഹായിച്ചു” എന്ന് രാഹുൽ പറഞ്ഞു. ടോസ് നേടിയതും ആദ്യ സെഷനിൽ ഇന്ത്യൻ ബൗളർമാർ നടത്തിയ മികച്ച പ്രകടനവും ന്യൂസിലൻഡിനെ 368 റൺസിൽ ഒതുക്കാൻ സഹായിച്ചുവെന്ന് രാഹുൽ പറഞ്ഞു.
ഭാഗ്യവും തുണച്ചു
ന്യൂസിലൻഡിനെതിരായ രാഹുലിന്റെ സെഞ്ചുറി നേട്ടത്തിൽ നന്ദി പറയേണ്ടത്, ന്യൂസിലൻഡ് താരങ്ങളോടുകൂടിയാണ്. ഇന്നിംഗ്സിന്റെ ഏഴാം ഓവറിൽ അഞ്ച് റൺസിൽ നിൽക്കുമ്പോൾ മാറ്റ് ഹെന്റിയുടെ പന്ത് നേരിട്ട രാഹുലിന് പിഴച്ചു. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് പ്രതിരോധിക്കാൻ രാഹുൽ മുന്നോട്ട് കയറി. സ്വിംഗ് ചെയ്ത പന്ത് പാഡിലും പിന്നീട് ബാറ്റിലും കൊണ്ടു.
ഹെന്റി അപ്പീൽ ചെയ്തെങ്കിലും അംപയർ നിരസിച്ചു. അതോടെ ഹെന്റി റിവ്യൂ ആവശ്യപ്പെട്ടു. എന്നാൽ രാഹുൽ നോട്ടൗട്ടാണെന്ന ഗ്ലെൻ ഫിലിപ്സിന്റെ വിലയിരുത്തലിനെ തുടർന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാതം റിവ്യൂ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അതോടെ രാഹുലിന് ആയുസ് നീട്ടിക്കിട്ടുകയായിരുന്നു. റീപ്ലേകളിൽ രാഹുൽ ഔട്ട് ആണെന്ന് വ്യക്തമായിരുന്നു. ഡിആർഎസുമായി ന്യൂസിലൻഡ് മുന്നോട്ട് പോയിരുന്നെങ്കിൽ അഞ്ച് റൺസിൽ രാഹുലിന്റെ ഇന്നിങ്സ് അവസാനിച്ചേനെ.
English Summary
In a Test career spanning 71 matches, this marked the first time Indian cricketer KL Rahul played a Test match in New Zealand. He turned this debut appearance there into a historic occasion by scoring a century an achievement fueled by a blend of both good fortune and hard work. Reflecting on the challenging phases of his career, Rahul explained after the match that his batting technique was never the issue; rather, his recent success stems from his ability to resist the temptation to play at every delivery and, instead, adopting the right approach.