Sanju Samson: അഭിഷേക് ശര്‍മ്മ വേണ്ട; സഞ്ജു സാംസണിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് തിരികെയെത്തിക്കണമെന്ന് മുന്‍ സെലക്ടര്‍
Sanju Samson vs Abhishek Sharma: മോശം ഫോമിലുള്ള അഭിഷേക് ശര്‍മയ്ക്ക് പകരം, സഞ്ജു സാംസണെ ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെയെത്തിക്കണമെന്ന് മുന്‍ താരവും, മുന്‍ സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ട്വന്റി-20 ലോകകപ്പ് മുതൽ തന്നെ എതിരാളികൾ അഭിഷേക് ശർമ്മയുടെ ബലഹീനതകൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞെന്ന് ശ്രീകാന്ത്.
മോശം ഫോമിലുള്ള അഭിഷേക് ശര്‍മയ്ക്ക് പകരം, സഞ്ജു സാംസണെ ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെയെത്തിക്കണമെന്ന് മുന്‍ താരവും, മുന്‍ സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ട്വന്റി-20 ലോകകപ്പ് മുതൽ തന്നെ എതിരാളികൾ അഭിഷേക് ശർമ്മയുടെ ബലഹീനതകൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞെന്ന് ശ്രീകാന്ത് പറഞ്ഞു. അഭിഷേകിന്റെ കാര്യത്തില്‍ ഇനി കടുത്ത നിലപാടുകള്‍ സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സഞ്ജുവിന് ഇനി വീണ്ടും അവസരം ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.
100 ശതമാനവും സഞ്ജുവിനുള്ള വിളി വരും. സെലക്ടര്‍മാര്‍ അഭിഷേകിനെ ഒഴിവാക്കുന്നതില്‍ കടുത്ത തീരുമാനമെടുക്കണമെന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ശ്രീകാന്ത് വ്യക്തമാക്കി. അവസാനം കളിച്ച ആറു ടി20 മത്സരങ്ങളിലും നിരാശജനകമായ പ്രകടനമാണ് അഭിഷേക് ശര്‍മ പുറത്തെടുത്തത്. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരെണ്ണത്തില്‍ പോലും രണ്ടക്കം കടക്കാനോ, ഒരു സിക്‌സെങ്കിലും പറത്താനോ സാധിച്ചില്ല.
ഇതിന് പിന്നാലെ അഭിഷേകിനെ ഒഴിവാക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ടി20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ’യിരുന്നിട്ടും രണ്ടോ, മൂന്നോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെ ഒഴിവാക്കി. വിശ്രമം നല്‍കിയതാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ആരാധകര്‍ അത് വിശ്വസിക്കുന്നില്ല. അഭിഷേകിന് ലഭിക്കുന്നതിന്റെ നാലിനൊന്ന് പിന്തുണ പോലും ടീം മാനേജ്‌മെന്റ് സഞ്ജുവിന് നല്‍കുന്നില്ലെന്നാണ് വിമര്‍ശനം.
Also Read: ‘ഞാൻ കളിക്കും, പക്ഷെ എന്റെ വഴിക്ക് മാത്രം’: ‘റാറ്റ് റേസി’ന്റെ ഭാഗമാകാനില്ലെന്ന് സഞ്ജു
എട്ട് പന്തില്‍ ഒന്ന്, എട്ട് പന്തില്‍ എട്ട്, നാല് പന്തില്‍ രണ്ട് എന്നിങ്ങനെയായിരുന്നു സിംബാബ്‌വെ പര്യടനത്തിലെ ഓരോ മത്സരങ്ങളിലെയും അഭിഷേകിന്റെ സ്‌കോറുകള്‍. 3, 16, 10 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്ന് മത്സരത്തില്‍ അഭിഷേകിന്റെ സ്‌കോറുകള്‍. കഴിഞ്ഞ ആറു ഇന്നിങ്സുകളിൽ ഒരു മികച്ച സ്കോർ പോലും നേടാൻ അഭിഷേക് ശർമ്മയ്ക്ക് സാധിച്ചിട്ടില്ല.
മത്സരപ്പന്തയത്തിന് ഇല്ലെന്ന് സഞ്ജു
അതേസമയം, ഇന്ത്യൻ ക്രിക്കറ്റിൽ എപ്പോഴുമുള്ള ഈ ‘മത്സരപ്പന്തയത്തിന്റെ’ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സഞ്ജു സാംസൺ വ്യക്തമാക്കിയിരുന്നു. ദേശീയ ടീമിനായി കളിക്കുന്നത് തുടരാൻ തനിക്ക് ആഗ്രഹമുണ്ടെങ്കിലും, അത് സ്വന്തം നിലപാടുകളില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“നിരന്തരമായ ഒരു മത്സരപ്പന്തയം നിലനിൽക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. 2026-ലെ ട്വന്റി-20 ലോകകപ്പിന് മുമ്പ് തന്നെ ഇതിന്റെ ഭാഗമാകില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നതാണ്. എനിക്ക് കളി ആസ്വദിക്കാൻ മാത്രമാണ് ആഗ്രഹം. ദൈവാനുഗ്രഹം കൊണ്ട് ഞാൻ വലിയ കാര്യങ്ങൾ നേടിയിട്ടുണ്ട്. എനിക്കിപ്പോൾ 31 വയസ്സായി, കുറച്ചുകാലം കൂടി മാത്രമേ മുന്നിലുമുള്ളൂ. അതുകൊണ്ട് എന്റെ സ്വന്തം നിബന്ധനകളിൽ കളിക്കാൻ ഞാൻ തീരുമാനിച്ചു. എന്നോട് എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ആരും ഉപദേശിക്കേണ്ടതില്ല. സഞ്ജുവിനുള്ള കാര്യങ്ങൾ സഞ്ജു തന്നെ തീരുമാനിക്കും,” അദ്ദേഹം പറഞ്ഞു.
English Summary
Krishnamachari Srikkanth stated that opposition teams have figured out Abhishek Sharma’s technique in international cricket. He urged the selectors to take a tough decision regarding Abhishek’s spot in the playing XI. The former cricketer strongly advocated for Sanju Samson’s return to the T20I squad. Srikkanth expressed full confidence that Samson will receive a national team recall soon.