Ranji Trophy 2025: സക്സേന ഇന്ത്യൻ ടീമിൽ കളിക്കാത്തത് അതിശയമെന്ന് കമൻ്റേറ്റർ; നമ്മളായിരുന്നു മുൻ സെലക്ടർമാരെന്ന് സഹ കമൻ്റേറ്റർ
Jalaj Saxena Vs Kerala: ജലജ് സക്സേനയുടെ ഇന്ത്യൻ ടീം പ്രതിനിധാനവുമായി ബന്ധപ്പെട്ട് സെൽഫ് ട്രോളുമായി കമൻ്റേറ്റർമാർ. മുൻ സെലക്ടർമാരായ സലിൽ അങ്കോളയും ചേതൻ ശർമ്മയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിൽ കമൻ്റേറ്റർമാരുടെ സെൽഫ് ട്രോൾ. കമൻ്ററി ബോക്സിലുണ്ടായിരുന്ന സലിൽ അങ്കോളയും ചേതൻ ശർമ്മയുമാണ് സ്വയം ട്രോൾ ചെയ്തത്. മഹാരാഷ്ട്ര താരം ജലജ് സക്സേനയുമായി ബന്ധപ്പെട്ട ഇരുവരുടെയും പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കേരളത്തിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 18 റൺസെന്ന നിലയിൽ പതറിയ മഹാരാഷ്ട്രയെ സക്സേനയും ഋതുരാജ് ഗെയ്ക്വാദും തമ്മിലുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ഈ കൂട്ടുകെട്ട് പുരോഗമിക്കുന്നതിനിടെ സലിൽ അങ്കോളയുടെ കമൻ്റെത്തി. “ജലജ് സക്സേന ഇന്ത്യക്കായി ഒരിക്കലും കളിച്ചിട്ടില്ലെന്നത് അതിശയമാണ്.” ഉടൻ ചേതൻ ശർമ്മയുടെ മറുപടി. “സലിൽ, നിങ്ങൾ അതിശയകരമെന്ന വാക്ക് ഉപയോഗിച്ചല്ലോ. ഒരു കാര്യം പറയട്ടെ, നമ്മൾ രണ്ട് പേരും സെലക്ടർമാരായിരുന്നു.” ഇതിനോട് “താങ്കളായിരുന്നു ചെയർമാൻ” എന്ന് സലിൽ അങ്കോള തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ “നമുക്ക് നേരെയും വിരലുകൾ ചൂണ്ടപ്പെടണം” എന്ന് പറഞ്ഞ് ചേതൻ ശർമ്മ കമൻ്ററി അവസാനിപ്പിച്ചു.
മത്സരത്തിൽ പൊരുതിക്കളിച്ച മഹാരാഷ്ട്ര 239 റൺസ് നേടിയാണ് ഓളൗട്ടായത്. മധ്യനിരയുടെയും വാലറ്റത്തിൻ്റെയും പ്രകടനങ്ങളാണ് മഹാരാഷ്ട്രയെ മാന്യമായ സ്കോറിലെത്തിച്ചത്. ആദ്യ നാല് താരങ്ങൾ പൂജ്യത്തിന് പുറത്തായ മഹാരാഷ്ട്ര അഞ്ച് റൺസിന് നാല് വിക്കറ്റ് എന്ന നിലയിലും 18 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലുമായിരുന്നു. പിന്നീടാണ് മഹാരാഷ്ട്ര പൊരുതിക്കയറിയത്. 91 റൺസ് നേടി ഋതുരാജ് ഗെയ്ക്വാദ് ടോപ്പ് സ്കോററായി. 49 റൺസ് നേടിയ ജലജ് സക്സേനയും തിളങ്ങി. വാലറ്റവും മഹാരാഷ്ട്രയ്ക്ക് നിർണായ സംഭാവനകൾ നൽകി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 3 വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ നിൽക്കെ രണ്ടാം ദിനം കളി അവസാനിക്കുകയായിരുന്നു.
വിഡിയോ കാണാം
When they showed Jalaj Saxena’s domestic stats one commentator said he has such great stats but it’s surprising that he hasn’t played for India and the other commentator replied
“Surprisingly” both of us were the selectors and you were the chairman. pic.twitter.com/QvtzZEbWkG https://t.co/q8kHY6rkkv
— Aditya Soni (@imAdsoni) October 15, 2025