Rohit Sharma: ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്നുറപ്പിക്കാൻ രോഹിത് ശർമ്മ; എത്തുന്നത് 10 കിലോ ശരീരഭാരം കുറച്ച്
Rohit Sharma Sheds Body Weight: ശരീരഭാരം കുറച്ച് രോഹിത് ശർമ്മ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. പരിശീലകൻ അഭിഷേക് നായർ ചിത്രം പങ്കുവച്ചു.
ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെവരാനൊരുങ്ങുകയാണ്. ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം നടക്കുന്ന ഏകദിന പരമ്പരയിലാണ് താരം അടുത്തതായി കളിക്കുക. രാജ്യാന്തര ക്രിക്കറ്റിലേക്ക് അദ്ദേഹം തിരികെയെത്തുന്നത് 10 കിലോ ശരീരഭാരം കുറച്ചാണ്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം അദ്ദേഹം ഇതുവരെ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിട്ടില്ല.
ഫിറ്റ്നസുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും രോഹിത് ശർമ്മയും വിരാട് കോലിയും ഫിറ്റ്നസ് തെളിയിച്ചിരുന്നു. 2027ലെ ഏകദിന ലോകകപ്പാണ് ഇരുവരുടെയും ലക്ഷ്യം. എന്നാൽ, ഇത് അത്ര എളുപ്പമാവില്ല എന്നാണ് വിവരം. ഫിറ്റ്നസും ഫോമും കാത്തുസൂക്ഷിച്ചെങ്കിലേ ഇരുവർക്കും ടീമിൽ തുടരാൻ കഴിയൂ. അതുകൊണ്ട് തന്നെ ഫിറ്റ്നസ് സംരക്ഷിക്കാൻ രോഹിത് ശർമ്മ ഉറച്ചിരിക്കുകയാണ്.
Also Read: Asia Cup 2025: പുതിയ റോളിലും മികവ് തെളിയിച്ച് സഞ്ജു; ടി20 ലോകകപ്പിൽ പ്രതീക്ഷ വെക്കാമോ?
ഇന്ത്യയുടെ മുൻ ബാറ്റിംഗ് പരിശീലകൻ അഭിഷേക് നായരാണ് രോഹിതിൻ്റെ വെയിറ്റ് ലോസിനെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ‘1000 ഗ്രാമിന് ശേഷം, നമ്മൾ വീണ്ടും ശ്രമിക്കണം’ എന്ന് രോഹിതിൻ്റെ ചിത്രം പങ്കുവച്ച് അഭിഷേക് നായർ കുറിച്ചു. ഒക്ടോബർ 19ന് താരം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒക്ടോബർ 19ന് ആരംഭിക്കും.
നേരത്തെ ഓസ്ട്രേലിയ എയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ച് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെവരാനായിരുന്നു കോലിയുടെയും രോഹിതിൻ്റെയും തയ്യാറെടുപ്പ്. എന്നാൽ, ഇരുവരും ഈ പരമ്പരയിൽ കളിക്കില്ല.