Sanju Samson: പല തവണ കൈവിട്ട അവസരം, ഇത്തവണ സഞ്ജു സാംസണ്‍ ആ റെക്കോഡ് നേടുമോ?
Sanju Samson possible milestones: സഞ്ജു സാംസണ്‍ ടി20യിലെ ആയിരം റണ്‍സെന്ന നേട്ടം ഏഷ്യാ കപ്പില്‍ സ്വന്തമാക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ താരത്തിന് കിട്ടിയില്ല

സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ ഏഷ്യാ കപ്പിലെ പോലെ അഞ്ചാം നമ്പറിലാകും സഞ്ജു ഓസീസിനെതിരെ ബാറ്റു ചെയ്യുക. ഓസീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് നേട്ടങ്ങള്‍ക്കുള്ള അവസരങ്ങളാണ്. ടി20 പരമ്പരയില്‍ ആയിരം റണ്‍സെന്ന നേട്ടമാണ് ഇതില്‍ പ്രധാനം. രാജ്യാന്തര ടി20യില്‍ ആയിരം റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിന് ഇനി വെറും ഏഴ് റണ്‍സ് മാത്രം മതി.
42 ഇന്നിങ്‌സുകളില്‍ (49 മത്സരങ്ങള്‍) നിന്ന് താരം 993 റണ്‍സുകള്‍ നേടിയിട്ടുണ്ട്. 111 ആണ് ഉയര്‍ന്ന സ്‌കോര്‍. ആവറേജ് 26.13. സ്‌ട്രൈക്ക് റേറ്റ് 147.98. മൂന്ന് വീതം സെഞ്ചുറിയും, അര്‍ധ സെഞ്ചുറിയും സഞ്ജു ടി20യില്‍ നേടിയിട്ടുണ്ട്.
ടി20യിലെ ആയിരം റണ്‍സെന്ന നേട്ടം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പില്‍ സ്വന്തമാക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ താരത്തിന് കിട്ടിയില്ല. കിട്ടിയ അവസരത്തില്‍ താരത്തിന് ആ നേട്ടത്തിലേക്ക് എത്താനുമായില്ല. എന്തായാലും, ഓസീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ സഞ്ജു ആ നേട്ടം തികയ്ക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.
Also Read: സഞ്ജുവിന് പകരം റോയൽസിൽ ആരെത്തും?; ക്യാപ്റ്റൻ ടീം വിടുമ്പോൾ പരിഗണിക്കാനിടയുള്ള താരങ്ങൾ
ഇഷാന്‍ കിഷനെ മറികടക്കാം
ഓസ്‌ട്രേലിയക്കെതിരെ ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററാകാനും സഞ്ജുവിന് അവസരമുണ്ട്. നിലവില്‍ ഈ റെക്കോഡ് ഇഷാന്‍ കിഷന്റെ പേരിലാണ്. കിഷന്റെ റെക്കോഡ് (58 റണ്‍സ്) മറികടക്കാന്‍ സഞ്ജുവിന് 59 റണ്‍സ് നേടിയാല്‍ മതി.
പരമ്പര എന്ന്?
ഓസീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ 29നാണ്. 31, നവംബര്‍ 2, 6, 8 തീയതികളിലാണ് മറ്റ് മത്സരങ്ങള്‍.