Sanju Samson: ഉറപ്പിച്ചു; സിഎസ്‌കെയില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍; കൂട്ടിന് ക്യാപ്റ്റനും
Sanju Samson to open with Ruturaj Gaikwad for CSK: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറാകും. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഇക്കാര്യം സ്ഥിരീകരിച്ചു. റുതുരാജാണ് സഹ ഓപ്പണര്‍. ഇതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. സഞ്ജു ഓപ്പണറായി കളിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും
സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഓപ്പണറാകുമെന്ന് സ്ഥിരീകരിച്ച് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്. റുതുരാജാണ് സഹ ഓപ്പണര്‍. സഞ്ജു സിഎസ്‌കെയിലെത്തിയതോടെ ആരൊക്കെയാകും ഓപ്പണര്‍മാര്‍ എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ആയുഷ് മാത്രെയെയും, സഞ്ജുവിനെയും ഓപ്പണര്‍മാരാക്കി റുതുരാജ് വണ്‍ ഡൗണായി കളിക്കുമെന്നായിരുന്നു ചിലരുടെ നിരീക്ഷണം.
മാത്രെയും, റുതുരാജും ഓപ്പണര്‍മാരായി, സഞ്ജു വണ്‍ ഡൗണിലെത്തിയേക്കാമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. എന്നാല്‍ ഓപ്പണര്‍മാരെ ക്യാപ്റ്റന്‍ തന്നെ വെളിപ്പെടുത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഓപ്പണിങ് സ്‌പോട്ട് നഷ്ടപ്പെട്ട, ആയുഷ് മാത്രെയ്ക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉണ്ടാകുമോയെന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.
മുംബൈയിൽ നടന്ന ഐപിഎൽ ക്യാപ്റ്റൻമാരുടെ മീറ്റിനിടെയാണ് റുതുരാജ് പുതിയ ഓപ്പണര്‍മാരെ വെളിപ്പെടുത്തിയത്. ആയുഷ് മാത്രെ-സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്ക്വാദ്-സഞ്ജു സാംസൺ, ആയുഷ് മാത്രെ-റുതുരാജ് ഗെയ്ക്ക്വാദ് ഇവരില്‍ ആരാകും ഓപ്പണര്‍മാര്‍ എന്നായിരുന്നു അവതാരകന്റെ ചോദ്യം. റുതുവും സഞ്ജുവും എന്നായിരുന്നു ചെന്നൈ ക്യാപ്റ്റന്റെ മറുപടി.
Also Read: Sanju Samson: സഞ്ജു സാംസണ്‍ നല്‍കിയ പുരസ്‌കാരം കണ്ട് സിറാജ് ഞെട്ടി; താരം എയറില്‍
റുതുരാജിന്റെ വാക്കുകള്‍
From the skipper himself 👀@Ruutu1331 reveals CSK’s opening pair at #CaptainsDay 🏏#TATAIPL 2026 👉 Starts 28 Mar, 5:30 PM pic.twitter.com/xOhS4GOmUC
— Star Sports (@StarSportsIndia) March 26, 2026
ദേശീയ ടി20 ടീമില്‍ സഞ്ജുവും, അഭിഷേക് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഓപ്പണറാക്കുന്നതില്‍ ചെന്നൈ മാനേജ്‌മെന്റിന് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല. ടി20 ലോകകപ്പില്‍ ഓപ്പണറായി ക്രീസിലെത്തിയ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും സഞ്ജുവായിരുന്നു.
ചെന്നൈയുടെ ഷെഡ്യൂള്‍
മാര്‍ച്ച് 30-നാണ് സീസണിലെ ചെന്നൈയുടെ ആദ്യ മത്സരം. ഗുവാഹത്തിയിൽ നടക്കുന്ന എവേ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും. തന്റെ മുന്‍ ടീമിനെയാണ് ആദ്യ മത്സരത്തില്‍ സഞ്ജു നേരിടുന്നത്. ഏപ്രില്‍ മൂന്നിനാണ് ആദ്യം ഹോം മത്സരം. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.