Sanju Samson: ബാറ്റിങില്‍ മാത്രമല്ല, വിക്കറ്റ് കീപ്പിങിലും ഫിഫ്റ്റി! സഞ്ജുവിന് നേട്ടങ്ങളുടെ ഇരട്ടിമധുരം
Sanju Samson Reaches 50 T20I Dismissals as Wicketkeeper in T20I: സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പിങിലും ചരിത്ര നേട്ടം സ്വന്തമാക്കി. രാജ്യാന്തര ടി20യിൽ ഇന്ത്യക്കായി വിക്കറ്റിന് പിന്നിൽ 50 ഡിസ്മിസലുകൾ (ക്യാച്ചുകളും സ്റ്റംപിംഗുകളും) തികയ്ക്കുന്ന അപൂർവം ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ പട്ടികയില്‍ സഞ്ജു സാംസണും ഇടം നേടി.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ടി20 പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസണ് ഇരട്ടി മധുരം. മത്സരത്തിൽ ബാറ്റിങില്‍ വെടിക്കെട്ട് അർധസെഞ്ചുറിയുമായി (22 പന്തിൽ 57 റൺസ്) തിളങ്ങിയ സഞ്ജു വിക്കറ്റ് കീപ്പിങിലും ചരിത്ര നേട്ടം സ്വന്തമാക്കി. രാജ്യാന്തര ടി20യിൽ ഇന്ത്യക്കായി വിക്കറ്റിന് പിന്നിൽ 50 ഡിസ്മിസലുകൾ (ക്യാച്ചുകളും സ്റ്റംപിംഗുകളും) തികയ്ക്കുന്ന അപൂർവം ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ പട്ടികയില്‍ സഞ്ജു സാംസണും ഇടം നേടി. എംഎസ് ധോണിയും, ഋഷഭ് പന്തുമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍.
ഗുല്‍ബാദിന്‍ നായിബിന്റെ ക്യാച്ചെടുത്താണ് സഞ്ജു തന്റെ അമ്പതാം ‘ഡിസ്മിസല്‍’ പൂര്‍ത്തിയാക്കിയത്. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ പതിനൊന്നാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം. നിതീഷിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ഗുല്‍ബാദിന് പിഴച്ചു. വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തിയ സഞ്ജു അത് കൃത്യമായി ഗ്ലൗസിനുള്ളിലാക്കി. ഇതോടെയാണ് സഞ്ജു അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
ബാറ്റിങിലും നേട്ടം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടായിരം റണ്‍സെന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു. 16 ഏകദിന മത്സരങ്ങളിലെ 14 ഇന്നിംഗ്സുകളിൽ നിന്ന്, ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടെ 56.66 ശരാശരിയിലും 99.60 സ്ട്രൈക്ക് റേറ്റിലും 510 റൺസ് സഞ്ജു നേടിയിട്ടുണ്ട്. 68 ട്വന്റി20 മത്സരങ്ങളിലെ 60 ഇന്നിംഗ്സുകളിൽ നിന്നായി 27.25 ശരാശരിയിലും 158.12 സ്ട്രൈക്ക് റേറ്റിലും മൂന്ന് സെഞ്ചുറികളും ഏഴ് അർദ്ധസെഞ്ചുറികളും അടക്കം 1,499 റൺസ് അദ്ദേഹം നേടി. ഇതോടെ ആകെ റണ്‍സ് 2,009 ആയി.
Also Read: Sanju Samson: ‘ഞാന്‍ മെഷീനും റോബോട്ടുമല്ല…’; വിമര്‍ശനങ്ങളില്‍ തളരാതെ സഞ്ജു സാംസണ്‍
ഫോമിലേക്ക് തിരിച്ചെത്തി
അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. 22 പന്തില്‍ 57 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. നാല് സിക്‌സും, ഏഴ് ഫോറും കണ്ടെത്തി. 259.09 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ആദ്യ 10 പന്തില്‍ വെറും എട്ട് റണ്‍സായിരുന്നു സഞ്ജു നേടിയത്. എന്നാല്‍ തുടര്‍ന്ന് നേരിട്ട 12 പന്തില്‍ നിന്ന് 49 റണ്‍സ് അടിച്ചുകൂട്ടി.
സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യ അഫ്ഗാനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 159 റണ്‍സെടുത്തു. 14.5 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അഭിഷേക് ശര്‍മ 19 പന്തില്‍ 39 റണ്‍സെടുത്തു. 23 പന്തില്‍ 38 റണ്‍സുമായി ഇഷാന്‍ കിഷനും, 14 പന്തില്‍ 15 റണ്‍സുമായി തിലക് വര്‍മയും പുറത്താകാതെ നിന്നു.
English Summary
Sanju Samson shined with both bat and gloves in India’s second T20 match against Afghanistan. He scored a fiery half-century, smashing 57 runs off just 22 balls. Sanju Samson completed 50 T20I dismissals behind the stumps. With this performance, Samson also crossed the milestone of 2,000 international runs across formats.