Sanju Samson: തുടക്കം മിന്നിച്ചു, ഒടുക്കം എല്ലാം പാളി! സഞ്ജുവിന് പിഴച്ചത് എവിടെ?
Sanju Samson Performance Review in New Zealand: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം കണ്ടപ്പോള്‍ ആരാധകര്‍ അല്‍പമൊന്ന് ആശ്വസിച്ചതാണ്. തുടക്കം മിന്നിച്ചെങ്കിലും, ഒടുക്കം പരിതാപകരമായി മാറുമെന്ന് ആരും അപ്പോള്‍ ചിന്തിച്ചുകാണില്ല. സഞ്ജുവിന് എവിടെയാണ് പിഴച്ചത്?

ന്യൂസിലന്‍ഡ് പരമ്പരയില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍
ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം കണ്ടപ്പോള്‍ ആരാധകര്‍ അല്‍പമൊന്ന് ആശ്വസിച്ചതാണ്. തുടക്കം മിന്നിച്ചെങ്കിലും, ഒടുക്കം പരിതാപകരമായി മാറുമെന്ന് ആരും അപ്പോള്‍ ചിന്തിച്ചുകാണില്ല. എന്നാല്‍ പിന്നീട് നടന്ന നാലു മത്സരങ്ങളിലും നിരാശപ്പെടുത്തുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. ആദ്യ മത്സരത്തിലെ പ്രകടനത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ സഞ്ജുവിന് സാധിച്ചില്ല. സഞ്ജുവിന് എവിടെയാണ് പിഴച്ചത്?
ആദ്യ മത്സരത്തില്‍ 33 പന്തില്‍ 67 റണ്‍സെടുത്ത സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച്. എന്നാല്‍ രണ്ടാം മത്സരത്തില്‍ സഞ്ജുവിന് നേടാനായത് 17 പന്തില്‍ 14 റണ്‍സ് മാത്രമാണ്. മൂന്നാം മത്സരത്തില്‍ നേടിയാതാകട്ടെ എട്ടു പന്തില്‍ നാല് റണ്‍സ് മാത്രവും. നാലാം മത്സരത്തിലെ സമ്പാദ്യം രണ്ട് പന്തില്‍ നാല് റണ്‍സ്. അഞ്ചാം മത്സരത്തില്‍ 10 പന്തില്‍ നാലു റണ്‍സ്.
സഞ്ജു കടുത്ത സമ്മര്‍ദ്ദത്തില്‍?
പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ഉറച്ച പിന്തുണയുണ്ടെങ്കിലും കടുത്ത സമ്മര്‍ദ്ദത്തിലാണ് സഞ്ജുവെന്ന് തോന്നിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍. ടീമിലെത്തിയപ്പോള്‍ മുതല്‍ ഏതെങ്കിലും താരം അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തിയിരുന്നു. 15-കാരന്‍ വൈഭവ് സൂര്യവംശിയായാണ് ഇപ്പോള്‍ ഓപ്പണിങ് സ്ഥാനത്തിന് ഭീഷണിയായുള്ളത്.
സ്വഭാവികമായും സഞ്ജുവിന് ടീമില്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടാകണം. മുന്‍ പരമ്പരകളിലെ പോലെ ഈ സീരിസിലും സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ അമ്മാനമാടിയിരുന്നു. മൂന്നാം മത്സരത്തില്‍ വണ്‍ ഡൗണായി കളിച്ച സഞ്ജുവിന് ഓപ്പണിങ് സ്ഥാനം വൈഭവ് സൂര്യവംശിക്ക് വിട്ടുകൊടുക്കേണ്ടി വന്നു. ഒരു നിശ്ചിത ബാറ്റിങ് പൊസിഷനില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാത്തതാണ് സഞ്ജു നേരിടുന്ന പ്രതിസന്ധി.
Also Read: ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ട്വന്റി-20 റൺസ്; സൂര്യകുമാർ യാദവിന്റെ റെക്കോർഡ് തകർത്ത് ഇഷാൻ കിഷൻ
മറ്റാര്‍ക്കുമില്ല പ്രശ്‌നം
മുന്‍ താരം ദിനേശ് കാര്‍ത്തിക് ചൂണ്ടിക്കാട്ടിയതുപോലെ ഏതെങ്കിലും ബാറ്ററെ പ്ലേയിങ് ഇലവനില്‍ പരീക്ഷിക്കണമെങ്കില്‍ അവിടെ ഇരയാകേണ്ടി വരുന്നത് സഞ്ജുവാണ്. ഒരിക്കല്‍ പോലും അഭിഷേക് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ച് വൈഭവ് സൂര്യവംശിയെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ ഓപ്പണറായി കളിപ്പിക്കാമെന്ന ഓപ്ഷന്‍ മാനേജ്‌മെന്റ് ചിന്തിക്കുന്നുപോലുമുണ്ടാകില്ല. വൈഭവ് കളിക്കണമെങ്കില്‍ സഞ്ജു പൊസിഷന്‍ മാറണം, അല്ലെങ്കില്‍ പുറത്തിരിക്കണം; അതാണ് മാനേജ്‌മെന്റിന്റെ നയം.
സഞ്ജുവിനും പിഴച്ചു?
എന്നാല്‍ സഞ്ജുവിന്റെ ബാറ്റിങിലെ പിഴവുകള്‍ കണ്ടില്ലെന്നും നടിക്കാനാകില്ല. അലക്ഷ്യമായ ഷോട്ടുകളാണ് സഞ്ജുവിന് പലപ്പോഴും വിനയാകുന്നത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ പലയിടത്തും പിഴച്ചത് ഇത്തരം മോശം ഷോട്ടുകളായിരുന്നു.
ഇനിയെന്ത്?
ഇനി ഇന്ത്യയ്ക്ക് കുറച്ചു ദിവസത്തേക്ക് ടി20 മത്സരങ്ങളില്ല. ഡിസംബര്‍ 22ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയാണ് അടുത്ത മിഷന്‍. ന്യൂസിലന്‍ഡില്‍ നിരാശപ്പെടുത്തിയെങ്കിലും ഈ പരമ്പരയിലും സഞ്ജു ഇടം നേടാനാണ് സാധ്യത. ഈ പരമ്പരയിലും നിരാപ്പെടുത്തിയാല്‍ സഞ്ജു തിരിച്ചടി നേരിടേണ്ടി വരും. പിന്നെ ഐപിഎല്‍ മാത്രമാകും തിരിച്ചുവരവിനുള്ള ഏക പിടിവള്ളി.
English Summary
Despite a stellar 67 in the first T20I against New Zealand, Sanju Samson struggled significantly in the remaining four matches. Constant batting position changes and the pressure of securing his spot amidst rising competition have deeply affected his consistency. While poor shot selection also contributed to his downfall.