Sanju Samson: വൈഭവിന്റെ വരവ് സഞ്ജുവിനും ഇഷാനും തിരിച്ചടി; രണ്ടിലൊരാള്‍ പുറത്തേക്ക്?
India T20 Squad Selection : വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തിയാല്‍ ടോപ് ഓര്‍ഡറിലെ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമായേക്കാം. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ വൈഭവ് സൂര്യവംശിക്ക് സ്വഭാവികമായും ഓപ്പണിങ് പൊസിഷന്‍ ലഭിക്കും.
India T20 Squad: ഏഷ്യന്‍ ഗെയിംസിനും, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒട്ടേറെ സര്‍പ്രൈസുകള്‍ നിറഞ്ഞതായിരുന്നു പ്രഖ്യാപനം. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്ന് ഒഴിവാക്കി. മോശം ഫോമായിരുന്നു പ്രധാന കാരണം. 35 വയസുള്ള സൂര്യയുടെ പ്രായവും ഒരു ഘടകമായി. 15 വയസുള്ള വൈഭവ് സൂര്യവംശിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായിരുന്നു മറ്റൊരു സര്‍പ്രൈസ്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഓറഞ്ച് ക്യാപ് ജേതാവായ വൈഭവിന് തുണയായത്.
വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാല്‍ ടോപ് ഓര്‍ഡറിലെ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമായേക്കാം. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ വൈഭവിന് സ്വഭാവികമായും ഓപ്പണിങ് പൊസിഷന്‍ ലഭിക്കും. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ ടീമിന്റെ നിലവിലെ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവരില്‍ ഒരാള്‍ പുറത്തായേക്കാം.
എന്നാല്‍ അഭിഷേകിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ സഞ്ജു സാംസണും, ഇഷാന്‍ കിഷനും തമ്മിലാകും മത്സരം. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായിരുന്നു രണ്ട് താരങ്ങളും. സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഇഷാനും മികച്ച പ്രകടനം പുറത്തെടുത്തു. ഐപിഎല്ലിലും ഇരുതാരങ്ങളും മികവ് ആവര്‍ത്തിച്ചു.
ടീമിലെ നിലവിലെ പ്രധാന വിക്കറ്റ് കീപ്പര്‍ സഞ്ജുവാണ്. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍മാര്‍ അരങ്ങുവാഴുന്ന ടോപ് ഓര്‍ഡറില്‍ റൈറ്റ് ഹാന്‍ഡറായ സഞ്ജുവിനെ ഒഴിവാക്കുക അത്ര എളുപ്പമല്ല. സീനിയോരിറ്റിയും അനുകൂല ഘടകമാണ്. അതുകൊണ്ട് തന്നെ വൈഭവും, അഭിഷേകും ഓപ്പണര്‍മാരായി കളിച്ചാല്‍ സഞ്ജുവിനെക്കാളും ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകാനാണ് സാധ്യത.
പ്ലേയിങ് ഇലവന്‍
നാലു താരങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്ലേയിങ് ഇലവന്‍ രൂപപ്പെടുത്താനുള്ള സാധ്യത വിരളമാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും, വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയും സ്ഥാനം ഉറപ്പിച്ചതിനാല്‍ മധ്യനിരയിലും ഒഴിവുകളുണ്ടാകില്ല. വൈഭവ് പ്ലേയിങ് ഇലവനില്‍ എത്തിയാല്‍ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള സാധ്യത മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.
സഞ്ജുവും, അഭിഷേകും, ഇഷാനും മികച്ച ഫോമിലാണ്. മൂന്നു പേരെയും ഒരുപോലെ പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്താനാകും നിലവില്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കുക. അതുകൊണ്ട് തന്നെ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനില്‍ എത്താനുള്ള സാധ്യത തുടക്കത്തിലെ മത്സരങ്ങളിലെങ്കിലും കുറവാണ്. ജൂനിയറായ ഈ കുട്ടിതാരത്തിന് അരങ്ങേറ്റം കുറിക്കാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാം.
സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ നായകനാക്കിയതും തിലക് വർമ്മയെ വൈസ് ക്യാപ്റ്റനാക്കിയതും 2028-ലെ ഒളിമ്പിക്സും ടി20 ലോകകപ്പും ലക്ഷ്യം വെച്ചുള്ള ബിസിസിഐയുടെ ദീർഘകാല പ്ലാനിങ്ങിന്റെ ഭാഗമാണ്. വരും മത്സരങ്ങളിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാകും മാനേജ്‌മെന്റിന്റെ നീക്കം.
English Summary
India announced its T20 squad for the upcoming tours and Asian Games. 15-year-old prodigy Vaibhav Sooryavanshi earned his maiden international call-up. His inclusion creates intense competition for the opening slots. Either Sanju Samson or Ishan Kishan might lose their place If Vaibhav Sooryavanshi plays in India’s T20 XI.