SMAT 2025: കേരളത്തെ കണ്ടാൽ മുട്ട് വിറയ്ക്കുന്ന മുംബൈ; കഴിഞ്ഞ സീസണുകളിലെല്ലാം തിരിച്ചടി
Mumbai vs Kerala In SMAT: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളമാണ് മുംബൈയുടെ ദൗർബല്യം. കഴിഞ്ഞ അഞ്ച് സീസണുകളിൽ ഒരു തവണ പോലും കേരളത്തെ തോല്പിക്കാൻ മുംബൈക്ക് സാധിച്ചിട്ടില്ല.
ഇന്ത്യൻ ആഭ്യന്തര സർക്കിളിലെ ഏറ്റവും ശക്തരായ ടീമുകളിൽ ഒന്നാണ് മുംബൈ. ദേശീയ ടീമിലേക്ക് സൂപ്പർ സ്റ്റാറുകളെ സംഭാവന ചെയ്ത മുംബൈ ടീമിൽ എല്ലാ സീസണിലും രാജ്യാന്തര താരങ്ങൾ കളിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവരെ തോല്പിക്കുക അത്ര എളുപ്പവുമല്ല. എന്നാൽ, കേരളത്തിന് മുംബൈ ഒരു പ്രശ്നമില്ല. 2020 സീസൺ മുതൽ മുംബൈക്കെതിരെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ എല്ലാ കളിയും കേരളം വിജയിച്ചു.
2020-21 സീസണായിരുന്നു വഴിത്തിരിവ്. അതുവരെ സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നല്ല, ഒരു ഫോർമാറ്റിലും കേരളം മുംബൈയെ തോല്പിച്ചിരുന്നില്ല. അക്കൊല്ലം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വച്ച് കേരളം 15.5 ഓവറിൽ 196 റൺസ് ചേസ് ചെയ്ത് വിജയിച്ചു. 54 പന്തിൽ പുറത്താവാതെ 133 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു വിജയശില്പി. ആസിഫ് കെഎം മൂന്ന് വിക്കറ്റ് വീഴ്ത്തി.
പിന്നീട് രണ്ട് സീസണുകളിൽ കേരളവും മുംബൈയും തമ്മിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചില്ല. 2024-25 സീസണിൽ വീണ്ടും മുംബൈ കേരളത്തിൻ്റെ മുന്നിലെത്തി തോറ്റു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 234 റൺസ് നേടി. സൽമാൻ നിസാർ 49 പന്തിൽ 99 റൺസുമായി നോട്ടൗട്ട്. രോഹൻ കുന്നുമ്മൽ 48 പന്തിൽ 87 റൺസ്. മറുപടി ബാറ്റിംഗിൽ മുംബൈ നേടിയത് 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ്. കേരളത്തിന് 43 റൺസ് ജയം. നിധീഷ് എംഡി നാല് വിക്കറ്റുമായി തിളങ്ങി.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ്. മുംബൈ 163ന് ഓൾ ഔട്ട്. കെഎം ആസിഫിന് അഞ്ച് വിക്കറ്റ്. കേരളത്തിന് 15 റൺസ് വിജയം.