Syed Mushtaq Ali Trophy 2025: സഞ്ജുവും ഷറഫുദ്ദീനും തല്ലിപ്പരത്തി, ആസിഫ് എറിഞ്ഞുവീഴ്ത്തി; മുംബൈയെ പറപ്പിച്ച് കേരളം
Kerala Beat Mumbai by 15 runs: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം മുംബൈയെ തോല്‍പിച്ചു. 15 റണ്‍സിനാണ് ജയം. സ്‌കോര്‍: കേരളം-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 178. മുംബൈ-19.4 ഓവറില്‍ 163ന് ഓള്‍ ഔട്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. 15 റണ്‍സിനാണ് കേരളം ജയിച്ചത്. കേരളം ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റു ചെയ്ത കേരളം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും, ഷറഫുദ്ദീന്റെയും ബാറ്റിങ് മികവിലാണ് 178 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 28 പന്തില്‍ 46 റണ്‍സെടുത്തു. ഏഴാമനായി ക്രീസിലെത്തിയ ഷറഫുദ്ദീന്‍ പുറത്താകാതെ 15 പന്തില്‍ 35 റണ്‍സെടുത്തു. ഷറഫുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കേരളത്തിന്റെ സ്‌കോറിങിന് വേഗത പകര്‍ന്നത്.
പുറത്താകാതെ 40 പന്തില്‍ 43 റണ്‍സെടുത്ത വിഷ്ണു വിനോദ്, 25 പന്തില്‍ 32 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു. രോഹന്‍ കുന്നുമ്മല്‍-അഞ്ച് പന്തില്‍ രണ്ട്, സല്‍മാന്‍ നിസാര്‍-രണ്ട് പന്തില്‍ 1, അബ്ദുല്‍ ബാസിത്ത്-അഞ്ച് പന്തില്‍ എട്ട് എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല.
ബാറ്റിങില്‍ സഞ്ജുവും ഷറഫുദ്ദീനും തിളങ്ങിയപ്പോള്‍, ബൗളിങില്‍ കെഎം ആസിഫ് കൊടുങ്ങാറ്റായി. അഞ്ച് വിക്കറ്റുകളാണ് ആസിഫ് പിഴുതത്. ഓള്‍ റൗണ്ട് മികവ് പുറത്തെടുത്ത ഷറഫുദ്ദീന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. വിഗ്നേഷ് പുത്തൂര്‍ രണ്ടും, എംഡി നിധീഷ്, അബ്ദുല്‍ ബാസിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Also Read: Sanju Samson: സഞ്ജു സാംസണ്‍ കേരള ക്യാമ്പ് വിടും, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിരിച്ചടി
40 പന്തില്‍ 52 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അജിങ്ക്യ രഹാനെ-18 പന്തില്‍ 32, സൂര്യകുമാര്‍ യാദവ്-25 പന്തില്‍ 32 എന്നിവര്‍ പൊരുതിനോക്കിയെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല.
ആയുഷ് മാത്രെ-3, ശിവം ദുബെ-11, സായ്‌രാജ് പാട്ടില്‍-13, ക്യാപ്റ്റന്‍ ശാര്‍ദ്ദുല്‍ താക്കൂര്‍-ഗോള്‍ഡന്‍ ഡക്ക്, ഹാര്‍ദിക് തമോറെ-9, ഷാംസ് മുളാനി-1, തുഷാര്‍ ദേശ്പാണ്ഡെ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റര്‍മാരുടെ പ്രകടനം. സീസണില്‍ മുംബൈ നേരിടുന്ന ആദ്യ തോല്‍വിയാണ്. ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച മുംബൈ എലൈറ്റ് ഗ്രൂപ്പ് എയില്‍ ഒന്നാമതാണ്. അഞ്ചില്‍ മൂന്ന് വിജയവുമായി കേരളം മൂന്നാമതെത്തി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെട്ടതിനാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ബാക്കി മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യതയില്ല. സഞ്ജുവിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്‍ ക്യാപ്റ്റനായേക്കും. അഹമ്മദ് ഇന്ന് കളിച്ചില്ല. കാരണം വ്യക്തമല്ല.