Syed Mushtaq Ali Trophy 2025: സയ്യിദ് മുഷ്താഖ് അലി ട്രോഫി നാളെ മുതൽ; കേരളത്തിൻ്റെ ആദ്യ എതിരാളികൾ ഒഡീഷ
Kerala To Play Against Odisha In First SMAT Match: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിൻ്റെ ആദ്യ എതിരാളികൾ ഒഡീഷ. ഈ മാസം 26 മുതലാണ് ടൂർണമെൻ്റ് ആരംഭിക്കുക.

സഞ്ജു സാംസൺ
സയ്യിദ് മുഷ്താഖ് അലി ട്രോഫി പുതിയ സീസൺ നാളെ മുതൽ ആരംഭിക്കും. എലീറ്റ് ഗ്രൂപ്പ് എയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ കളി കേരളം ഒഡീഷയെ നേരിടും. ഉച്ചയ്ക്ക് 1.30ന് ലഖ്നൗവിലെ ശ്രീ അടൽ ബിഹാരി വാജ്പേയ് ഏകന സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങുക.
സഞ്ജു സാംസൺ ക്യാപ്റ്റനാവുമ്പോൾ യുവതാരം അഹമ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റൻ. സഞ്ജുവിൻ്റെ സഹോദരനും ഓൾറൗണ്ടറുമായ സാലി സാംസൺ ടീമിൽ ഇടം നേടി. കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനങ്ങളാണ് സാലിയ്ക്ക് തുണയായത്. രഞ്ജി ട്രോഫിയിൽ പരിക്കേറ്റ് പുറത്തിരുന്ന സൽമാൻ നിസാർ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിലുണ്ട്. ഇതരസംസ്ഥാന താരം അങ്കിത് ശർമ്മയും ടീമിൽ ഇടം നേടി. വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, കെഎം ആസിഫ്, എംഡി നിധീഷ്, രോഹൻ കുന്നുമ്മൽ തുടങ്ങിയ സ്ഥിരം താരങ്ങൾക്കൊപ്പം ഷറഫുദ്ദീൻ, കൃഷ്ണപ്രസാദ്, അഖിൽ സ്കറിയ, വിഗ്നേഷ് പുത്തൂർ, കൃഷ്ണ ദേവൻ, സിബിൻ ഗിരീഷ് തുടങ്ങിയവരും ടീമിൽ ഉൾപ്പെട്ടു.
സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമോ എന്നതിൽ വ്യക്തതയില്ല. അഹമ്മദ് ഇമ്രാനും രോഹൻ കുന്നുമ്മലും ഓപ്പണർമാരായി ടീമിലുണ്ട്. സഞ്ജു മൂന്നാം നമ്പറിൽ കളിക്കാനാണ് സാധ്യത.
കേരള ടീം: രോഹൻ കുന്നുമ്മൽ, സഞ്ജു സാംസൺ, അങ്കിത് ശർമ്മ, എംഡി നിധീഷ്, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ഷറഫുദ്ദീൻ, അബ്ദുൽ ബാസിത്ത്, കൃഷ്ണ പ്രസാദ്, അഖിൽ സ്കറിയ, വിഗ്നേഷ് പുത്തൂർ, അഹമ്മദ് ഇമ്രാൻ, സാലി സാംസൺ, കൃഷ്ണ ദേവൻ, സിബിൻ ഗിരീഷ്.