India vs Zimbabwe: ഇന്ത്യയുടെ പ്രഹരമേറ്റ് സിംബാബ്‌വെ ‘ഠിം’! ഇനി കരീബിയന്‍ പരീക്ഷ

India beat Zimbabwe in T20 World Cup 2026 Super 8 match: ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി ടീം ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ സിംബാബ്‌വെയെ ഇന്ത്യ തോല്‍പിച്ചു. ഇനി മാര്‍ച്ച് ഒന്നിന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ അവസാനത്തെ മത്സരം.

India vs Zimbabwe: ഇന്ത്യയുടെ പ്രഹരമേറ്റ് സിംബാബ്‌വെ ഠിം! ഇനി കരീബിയന്‍ പരീക്ഷ

ഇന്ത്യ-സിംബാബ്‌വെ മത്സരം

Updated On: 

26 Feb 2026 | 10:46 PM

ചെന്നൈ: ബാറ്റിങിലും ബൗളിങിലും പുറത്തെടുത്ത സര്‍വാധിപത്യത്തില്‍, സിബാംബ്‌വെയെ തകര്‍ത്ത് തരിപ്പണമാക്കി വിജയവഴിയിലേക്ക് ഇന്ത്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. 257 റണ്‍സ് എന്ന ഹിമാലയന്‍ സ്‌കോര്‍ പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റിന് 184 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പുറത്താകാതെ 59 പന്തില്‍ 97 റണ്‍സെടുത്ത ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.

കൂറ്റന്‍ വിജയലക്ഷ്യം മുന്നിലുള്ളതിന്റെ അങ്കലാപ്പ് സിംബാബ്‌വെ ബാറ്റര്‍മാരില്‍ പ്രകടമായിരുന്നു. 20 പന്തില്‍ 20 റണ്‍സെടുത്ത തദിവനാഷെ മരുമണിയുടെ വിക്കറ്റാണ് സിംബാബ്‌വെയ്ക്ക് ആദ്യം നഷ്ടമായത്. പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തിയ വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ഇഷാന്‍ കിഷന്‍ ക്യാച്ചെടുത്താണ് മരുമണി പുറത്തായത്.

തൊട്ടുപിന്നാലെ ഡിയോണ്‍ മിയേഴ്‌സിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. ഒമ്പത് പന്തില്‍ ആറു റണ്‍സെടുക്കാനെ മിയേഴ്‌സിന് സാധിച്ചുള്ളൂ. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ബെന്നെറ്റിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലവത്തായില്ല. 21 പന്തില്‍ 31 റണ്‍സെടുത്ത റാസയെ അര്‍ഷ്ദീപ് സിങ് പുറത്താക്കി.

Also Read: India vs Zimbabwe: ഈ പ്ലേയിങ് ഇലവന്‍ പൊളിച്ചു; അടിയെന്ന് പറഞ്ഞാല്‍ ഒന്നൊന്നരയടി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

തുടര്‍ന്ന് ക്രീസിലെത്തിയ റിയാന്‍ ബുളിനെ അര്‍ഷ്ദീപ് പൂജ്യത്തിന് പുറത്താക്കി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട ബുള്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു. ആറു പന്തില്‍ 11 റണ്‍സെടുത്ത ടോണി മുൻയോംഗയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് അര്‍ഷ്ദീപ് തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി.

നാല് പന്തില്‍ ഏഴ് റണ്‍സെടുത്ത തഷിംഗ മുസെകിവയെ ശിവം ദുബെയുടെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പുറത്താക്കി. ഒരു റണ്‍സെടുത്ത ബ്രാഡ് ഇവാന്‍സ് ബെന്നെറ്റിനൊപ്പം പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്. വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ബാറ്റു ചെയ്ത ആറു പേരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. എല്ലാവരുടെയും സ്‌ട്രൈക്ക് റേറ്റ് 150-ന് മുകളിലായിരുന്നു.

ഓപ്പണര്‍മാരായ സഞ്ജു സാംസണും, അഭിഷേക് ശര്‍മയും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 15 പന്തില്‍ 24 റണ്‍സ് നേടിയ ശേഷമാണ് സഞ്ജു മടങ്ങിയത്. ഫോമിലേക്ക് തിരികെയെത്തിയ അഭിഷേക് ശര്‍മ 30 പന്തില്‍ 55 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഫോം ഔട്ടിലായിരുന്ന തിലക് വര്‍മയും തകര്‍പ്പനടികളുമായി ട്രാക്കിലെത്തി. പുറത്താകാതെ 16 പന്തില്‍ 44 റണ്‍സാണ് തിലക് അടിച്ചുകൂട്ടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകാതെ 23 പന്തില്‍ 50 റണ്‍സെടുത്തു.

ഇഷാന്‍ കിഷന്‍-24 പന്തില്‍ 38, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്-13 പന്തില്‍ 33 എന്നിവരും തകര്‍പ്പനടികളുമായി കളം നിറഞ്ഞു. ഇന്ത്യയുടെ എല്ലാ ബാറ്റര്‍മാരും സിക്‌സറിച്ചെന്നതാണ് മറ്റൊരു പ്രത്യേകത. ഈ വിജയത്തോടെ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമായി. മാര്‍ച്ച് ഒന്നിന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഫൈനലിലെത്താം.

Follow Us
പാന്‍ ഇല്ലാതെ ഗ്യാസ് ഫ്ലെയിമിൽ ചപ്പാത്തി ചുട്ടാല്‍ കുഴപ്പമോ?
ഇറച്ചി എത്ര കാലം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം
ആർത്തവം കൃത്യസമയത്തല്ലേ! ഈ മാറ്റങ്ങൾ അവഗണിക്കരുത്
ഈ ഫുഡ് കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് വില്ലന്‍?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്