India vs South Africa: അപ്പോള്‍, എങ്ങനെയാ മത്സരത്തിനിടെ മഴ പെയ്യുമോ? സൂപ്പര്‍ എട്ടില്‍ പേടിക്കാനില്ല
India vs South Africa Super 8 Match Preview: ഇന്നത്തെ മത്സരം നടക്കേണ്ട അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ മഴ ഭീഷണിയില്ല. മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയില്ല. അതിനാൽ ആരാധകർക്ക് മത്സരം തടസമില്ലാതെ കാണാനാകും.

ഇന്ത്യന്‍ ടീം പരിശീലിക്കുന്നു
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് പോരാട്ടം ഇന്ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളി. ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഇഷാന്‍ കിഷന്‍ ഒഴികെയുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. എങ്കിലും ബാറ്റിങില്‍ ഇന്ത്യ കാര്യമായ അഴിച്ചുപണി നടത്താന്‍ സാധ്യതയില്ല.
ഇന്ത്യൻ ബാറ്റർമാർ സ്പിന്നിനെതിരെ ബുദ്ധിമുട്ടുന്നുണ്ടെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ മോർൺ മോർക്കൽ സമ്മതിച്ചു. എന്നാല്‍ ബാറ്റര്‍മാരുടെ പ്രകടനം മെച്ചപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സന്നാഹ മത്സരത്തിലും, ടി20 പരമ്പരയിലും ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലില്‍ പ്രോട്ടീസിനെ കീഴടക്കിയായിരുന്നു ഇന്ത്യ ജേതാക്കളായത്.
ഫെബ്രുവരി 26 ന് സിംബാബ്‌വെയെയും മാർച്ച് 1 ന് വെസ്റ്റ് ഇൻഡീസിനെയും സൂപ്പർ 8 ഘട്ടത്തിൽ ഇന്ത്യ നേരിടും. സൂപ്പര്‍ എട്ടില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
കൊളംബോയിലായിരുന്നു ഈ മത്സരം നടക്കേണ്ടിയിരുന്നത്. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. എന്നാല്‍ ഇന്നത്തെ മത്സരം നടക്കേണ്ട അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ മഴ ഭീഷണിയില്ല. മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയില്ല. അതിനാൽ ആരാധകർക്ക് മത്സരം തടസമില്ലാതെ കാണാനാകും.
കണക്കിലും കരുത്തിലും ഇന്ത്യ മുന്നില്‍
ടി20യില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ 31 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 18 തവണയും ഇന്ത്യ ജയിച്ചു. 12 തവണ പ്രോട്ടീസിനായിരുന്നു ജയം. ഒരു മത്സരം ഉപേക്ഷിച്ചു.
ആദ്യം ബാറ്റിങ്
അഹമ്മദാബാദിലെ പിച്ച് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാണ്. ഇവിടെ നടന്ന 15 മത്സരങ്ങളില്‍ 10 എണ്ണത്തിലും ആദ്യം ബാറ്റു ചെയ്തവര്‍ വിജയിച്ചു. അഞ്ച് തവണ ചേസിങ് ടീം ജയിച്ചു. 173 ആണ് ആവറേജ് ഫസ്റ്റ് ഇന്നിങ്‌സ് സ്‌കോര്‍. 151 ആണ് രണ്ടാം ഇന്നിങ്‌സിലെ ആവറേജ് സ്‌കോര്‍. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.