T20 World Cup 2026: ഓസ്ട്രേലിയക്ക് വൻ തിരിച്ചടി; പാറ്റ് കമ്മിൻസ് ടി20 ലോകകപ്പിൽ നിന്ന് പുറത്ത്
Pat Cummins Out Of T20 WC: ഓസ്ട്രേലിയയുടെ ടി20 ലോകകപ്പ് ടീമിൽ നിന്ന് പാറ്റ് കമ്മിൻസ് പുറത്ത്. പരിക്കിൽ നിന്ന് മുക്തനാവാത്തതാണ് താരത്തിന് തിരിച്ചടിയായത്.

പാറ്റ് കമ്മിൻസ്
ഓസീസിന് തിരിച്ചടിയായി ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിൻ്റെ പരിക്ക്. പരിക്കിൽ നിന്ന് മുക്തനാവാത്ത താരത്തെ ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കിയതാണ് ഓസീസിന് തിരിച്ചടിയായത്. കമ്മിൻസിന് പകരം പേസർ ബെൻ ഡ്വാർഷുയിസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഓസ്ട്രേലിയ അവസാന സ്ക്വാഡ് പ്രഖ്യാപിച്ചത്. ഇന്നാണ് ടി20 ലോകകപ്പ് ടീമിൽ മാറ്റം വരുത്താനുള്ള അവസാന തീയതി.
കമ്മിൻസിനൊപ്പം ടോപ്പ് ഓർഡർ ബാറ്റർ മാത്യു ഷോർട്ടിനെയും ഓസ്ട്രേലിയ 15 അംഗ സ്ക്വാഡിൽ നിന്ന് വെട്ടി. മറ്റ് റെൻഷാ ആണ് ഷോർട്ടിന് പകരക്കാരനായി ടീമിലെത്തിയത്. നേരത്തെ, ലോകകപ്പിന് മുൻപ് കമ്മിൻസ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം പ്രഖ്യാപിച്ചത്. എന്നാൽ, പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് കഴിയാതായതോടെ വന്നതോടെ കമ്മിൻസിനെ മാറ്റുകയായിരുന്നു.
Also Read: Ishan Kishan: കാര്യവട്ടത്ത് ഇഷാൻ കിഷൻ കളിക്കുമോ? വ്യക്തമാക്കി പരിശീലകൻ
“പാറ്റ് കമ്മിൻസിൻ ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയമെടുക്കും. ബെൻ പകരക്കാരനാവും. ലെഫ്റ്റ് ആം പേസറാണ്. നല്ല ഫീൽഡറും അവസാന ഓവറുകളിൽ മികച്ച ബാറ്ററുമാണ് ബെൻ. നല്ല പേസിൽ പന്ത് സ്വിങ് ചെയ്യാൻ ഡ്വാർഷുയിസിന് കഴിയും. വേരിയേഷനുകളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ, എല്ലാ ഫോർമാറ്റുകളിലും മാറ്റ് റെൻഷാ നന്നായി കളിക്കുന്നു. ടോപ് ഓർഡർ സെറ്റിലാണെന്നതും ശ്രീലങ്കയിൽ സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകൾ ആണെന്നതും പരിഗണിച്ച് റെൻഷാ മധ്യനിരയിൽ നല്ല ചോയിസ് ആവുമെന്ന് കരുതുന്നു. ടിം ഡേവിഡ് ടീമിലേക്ക് തിരികെയെത്തും.”- സെലക്ടർ ടോണി ഡോഡെമൈയ്ഡെ പറഞ്ഞു.
ലോകകപ്പിൽ ഗ്രൂപ്പ് ബിയിലാണ് ഓസ്ട്രേലിയ ഉൾപ്പെട്ടിരിക്കുന്നത്. അയർലൻഡ്, സിംബാബ്‌വെ, ശ്രീലങ്ക, ഒമാൻ എന്നീ ടീമുകളും ഗ്രൂപ്പിലുണ്ട്. ഫെബ്രുവരി 11ന് അയർലൻഡിനെതിരെ കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഓസീസിൻ്റെ ആദ്യ മത്സരം.
ഓസീസ് ടീം: മിച്ചൽ മാർഷ്, സാവിയർ ബാർലറ്റ്, കൂപ്പർ കൊണോലി, ടിം ഡേവിഡ്, ബെൻ ഡ്വാർഷുയിസ്, കാമറൂൺ ഗ്രീൻ, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുൻമൻ, ഗ്ലെൻ മാക്സ്‌വൽ, മാറ്റ് റെൻഷാ, മാർക്കസ് സ്റ്റോയിനിസ്, ആദം സാമ്പ.