Sanju Samson : സഞ്ജു ഇനി എന്തൊക്കെ ചെയ്താലും ബെഞ്ചിൽ തന്നെ തുടരും ; കാരണം ഈ താരങ്ങൾ
India vs South Africa Sanju Samson : ടോപ്പ് ഓർഡറിൽ സഞ്ജു അവസരം നൽകാനുള്ള സ്ലോട്ട് നിലവിൽ ഇന്ത്യൻ ടി20 ടീമിൽ ഇല്ല. അഞ്ചാം നമ്പറിൽ ഇറങ്ങി വേണ്ടത്ര പരിചയവും സഞ്ജുവിനില്ല.

Sanju Samson
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടി20 ടീമിൽ ഇടം നേടിയെങ്കിലും ബെഞ്ചിൽ ഇരിക്കുക എന്നതാണ് മലയാളി താരം സഞ്ജു സാംസണിൻ്റെ വിധി. കട്ടക്ക് ടി20യിൽ സഞ്ജുവിന് ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ എന്ന പരിഗണനയിൽ പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുമെന്ന കരുതിയെങ്കിലും ആരാധകർക്ക് തെറ്റി. പകരം ജിതേഷ് ശർമയെയാണ് ഇന്ത്യൻ ടീം മാനേജ്മെൻ്റ് കട്ടക്കിൽ അവസരം നൽകിയത്. പ്രധാനമായും രണ്ട് താരങ്ങൾ കാരണമാണ് സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിലേക്കുള്ള അവസരം നിഷേധിക്കുന്നത്.
ടോപ്പ് ഓർഡറിൽ സഞ്ജുവിനെ തഴയാനുള്ള പ്രധാന കാരണം വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ്. ഇന്ത്യൻ ക്രിക്കറ്റിൻ്റെ അടുത്ത മുഖമായി ബിസിസിഐ തന്നെ വളർത്തിയെടുത്ത ഗില്ലിനെ ഇപ്പോൾ എല്ലാ ഫോർമാറ്റിലും ഏതെങ്കിലും വിധത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യമാണ് ടീം മാനേജ്മെൻ്റിനുള്ളത്. ടെസ്റ്റ്, ഏകദിന ഫോർമാറ്റിൽ മാത്രം മികവ് പുലർത്തുന്ന ഗില്ലിനെ ക്യാപ്റ്റൻസിയുടെ പേരിലാണ് ടി20യിലേക്ക് പരിഗണിക്കുന്നത്. ഗില്ലിൻ്റെ കാര്യത്തിൽ ബിസിസിഐയുടെ തീരുമാനം മാറാതെ 31കാരാനായ സഞ്ജുവിന് ടോപ്പ് ഓർഡറിൽ അവസരം ലഭിക്കില്ല. അല്ലെങ്കിൽ ഫോം കണ്ടെത്താനാകാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ സ്വന്തം സ്ഥാനം മലയാളി താരത്തിന് നൽകണം. എന്നാൽ സഞ്ജുവിന് നൽകേണ്ട എല്ല അവസരവും നൽകിയെന്നാണ് സൂര്യകുമാർ യാദവിൻ്റെ ഭാഷ്യം.
ഇനി സഞ്ജുവിന് ലഭിക്കാവുന്ന ഏക സ്ഥാനം മധ്യനിരയിൽ അഞ്ച നമ്പർ ബാറ്റിങ് പൊസിഷനാണ്. അവിടെ കാര്യമായ പ്രകടനം സഞ്ജുവിന് ടി20യിൽ കാഴ്ചവെക്കാനായിട്ടില്ല. അടുത്തിടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ആ പൊസിഷനിൽ ഇറങ്ങിയെങ്കിലും ശ്രദ്ധേയമായ പ്രകടനം സഞ്ജുവിന് പുറത്തെടുക്കാനായില്ല. നിലവിൽ അഞ്ചാം നമ്പർ പൊസിഷൻ ജിതേഷ് ശർമയിലേക്കെത്തിച്ചിരിക്കുകയാണ് ടീം മാനേജ്മെൻ്റ്. ജിതേഷാകട്ടെ ഐപിഎല്ലിലും മറ്റ് ആഭ്യന്തര ക്രിക്കറ്റിലും സമാനമായ പൊസിഷനിൽ കളിച്ച് മികവ് കാട്ടിട്ടുണ്ട്. എന്നാലും സഞ്ജുവിനോളം വരില്ല!
ഇനി സഞ്ജുവിനാകെയുള്ള പ്രതീക്ഷ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഇറങ്ങി തൻ്റെ മികവ് കാട്ടുക എന്നതാണ്. പക്ഷേ സിഎസ്കെയ്ക്ക് വേണ്ടിയുള്ള ആദ്യ സീസണിൽ മലയാളി താരത്തിന് ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് കാര്യത്തിൽ സംശയമാണ്.