U19 World Cup 2026: വിവാദങ്ങൾക്കിടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഇന്ന് ഏറ്റുമുട്ടുന്നു; കൗമാര ലോകകപ്പിൽ ആവേശപ്പോരാട്ടം
Ind vs Ban U19 World Cup: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. അണ്ടർ 19 ലോകകപ്പിലാണ് ഇന്നത്തെ ആവേശമത്സരം.

അണ്ടർ 19 ലോകകപ്പ്
അണ്ടർ 19 ലോകകപ്പിൽ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. കഴിഞ്ഞ ഏതാനും അണ്ടർ 19 ലോകകപ്പുകളിൽ ഇന്ത്യയെ അട്ടിമറിച്ചിട്ടുള്ളവരാണ് ബംഗ്ലാദേശ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ഇന്ത്യക്ക് നിർണായകമാണ്. ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനാൽ ഇരു ടീമുകൾക്കും ഇന്നത്തെ കളി അഭിമാനപ്രശ്നം കൂടിയാണ്.
സിംബാബ്‌വെയിലെ ബുലാവായോയിലുള്ള ക്വീൻസ് സ്പോർട്സ് പാർക്കിൽ വച്ചാണ് മത്സരം. പ്രാദേശികസമയം രാവിലെ 9.30നും ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയ്ക്കും മത്സരം ആരംഭിക്കും. സ്റ്റാർ നെറ്റ്‌വർക്ക് ആണ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുക. ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെയും ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും മത്സരം തത്സമയം കാണാം.
യുഎസ്എയ്ക്കെതിരായ ആദ്യ കളിയിൽ ഇന്ത്യയുടെ ജയം അത്ര ആധികാരികമായിരുന്നില്ല. 107 റൺസിന് യുഎസ്എയെ പുറത്താക്കിയെങ്കിലും നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയിച്ചത്. ക്യാപ്റ്റൻ ആയുഷ് മാത്രെയും വൈസ് ക്യാപ്റ്റൻ വൈഭവ് സൂര്യവൻശിയും നിരാശപ്പെടുത്തുകയും ചെയ്തു. മാത്രെ ഏറെക്കാലമായി ഫോം ഔട്ടാണ്. ക്യാപ്റ്റൻ ഫോമിലെത്തേണ്ടത് ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വളരെ അനിവാര്യമാണ്.
യുഎസ്എയ്ക്കെതിരായ കഴിഞ്ഞ കളിയിൽ മലയാളികളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ടീമിൽ ഇടം ലഭിച്ചിരുന്നില്ല. തുടരെ മികച്ച പ്രകടനങ്ങൾ നടത്തിയ ആരോൺ ജോർജിനെ ഒഴിവാക്കി ഇന്ത്യ കളിക്കാനിറങ്ങിയത് അതിശയമായിരുന്നു. ഇന്ന്, ബംഗ്ലാദേശിനെതിരെ ആരോൺ ജോർജ് കളിച്ചേക്കുമെന്നാണ് സൂചനകൾ. മുഹമ്മദ് ഇനാൻ ഇന്നും പുറത്തിരിക്കാനാണ് സാധ്യത.
ഗ്രൂപ്പ് എയിൽ ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. ജനുവരി 24ന് ബുലാവായോയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു തന്നെയാണ് ഈ കളി ആരംഭിക്കുക.