T20 World Cup 2026: ഇന്ത്യക്കാരനായ ഐസിസി വക്താവിന് വീസ നിഷേധിച്ച് ബംഗ്ലാദേശ്; വിവാദങ്ങൾ അവസാനിക്കാതെ ടി20 ലോകകപ്പ്
Bangladesh Denies Visa For ICC Officials: ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇന്ത്യക്കാരനായ ഐസിസി വക്താവിന് ബംഗ്ലാദേശ് വീസ നിഷേധിച്ചതാണ് പ്രശ്നങ്ങൾ വഷളാക്കിയത്.
ഐസിസി അധികൃതർക്ക് വക്താവിന് വീസ നിഷേധിച്ച് ബംഗ്ലാദേശ്. ടി20 ലോകകപ്പിൽ പങ്കെടുക്കണമെന്ന് ക്രിക്കറ്റ് ബോർഡിനെ നിർബന്ധിക്കാനായി ബംഗ്ലാദേശ് പര്യടനത്തിന് ശ്രമിച്ച രണ്ട് പേരിൽ ഒരാളുടെ വീസയാണ് ബംഗ്ലാദേശ് തള്ളിയത്. ഇന്ത്യൻ പൗരനാണ് അനുമതി ലഭിക്കാതിരുന്നത്. ഇതോടെ ടി20 ലോകകപ്പിലെ വിവാദങ്ങൾ തുടരുകയാണ്.
ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോവില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട് മയപ്പെടുത്താനുള്ള ശ്രമങ്ങൾ ഐസിസി തുടരുന്നതിനിടെയാണ് പുതിയ വിവാദം. ജനുവരി 17ന് ഐസിസി അഴിമതിവിരുദ്ധ, സുരക്ഷാ ചുമതലയുള്ള ആൻഡ്രൂ എഫ്ഗ്രേവ് ബംഗ്ലാദേശിലെത്തിയിരുന്നു. ടി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കണമെന്ന് നിർബന്ധിക്കാനാണ് ആൻഡ്രൂവിൻ്റെ സന്ദർശനം. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുതിർന്ന ഐസിസി എക്സിക്യൂട്ടിവ് ആയ ഇന്ത്യൻ പൗരന് ബംഗ്ലാദേശ് വീസ നിഷേധിച്ചു എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read: T20 World Cup 2026: മാപ്പ് പറയാൻ തയ്യാറെന്ന് ബിസിബി ഡയറക്ടർ; ആ മാപ്പ് കയ്യിൽ വച്ചോളാൻ താരങ്ങൾ
ഇന്ത്യയിൽ ടി20 ലോകകപ്പ് കളിക്കാനെത്തില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട് മയപ്പെടുത്താനുള്ള ഐസിസിയുടെ അവസാന ശ്രമമായിരുന്നു ഇത്. എന്നാൽ, വീസ നിഷേധിച്ചതോടെ ഈ ശ്രമം പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ലോകകപ്പിൽ കളിക്കില്ലെന്ന നിലപാടിൽ തന്നെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തുടർന്നേക്കും. ഒറ്റയ്ക്ക് ബംഗ്ലാദേശിലെത്തി ബോർഡ് അംഗങ്ങളെ സന്ദർശിച്ച എഫ്ഗ്രേവ് ഇന്ത്യയിലെ സുരക്ഷാ മുന്നൊരുക്കങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉറപ്പുനൽകും. താരങ്ങൾക്ക് മതിയായ സുരക്ഷ ലഭിക്കുമെന്നും അദ്ദേഹം ബോർഡ് അംഗങ്ങളെ ബോധ്യപ്പെടുത്തുമെന്നാണ് വിവരം. എന്നാൽ, ഇത് മതിയാവുമോ എന്ന് വ്യക്തമല്ല.
ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ മുസ്തഫിസുറിനെ ടീമിലെടുത്ത കൊൽക്കത്തയ്ക്കെതിരെ കടുത്ത വിമർശനങ്ങളുയർന്നിരുന്നു. ഇതോടെ താരത്തെ റിലീസ് ചെയ്യാൻ ബിസിസിഐ ആവശ്യപ്പെട്ടു. തുടർന്നാണ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലെത്തില്ലെന്നും കളി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടത്.