Vaibhav Suryavanshi: ആദ്യ പന്തിൽ ബൗണ്ടറി, 78 പന്തിൽ സെഞ്ചുറി; ടെസ്റ്റിൽ ടി20 കളിച്ച് സൂര്യവൻശി
Vaibhav Suryavanshi Century: ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടി വൈഭവ് സൂര്യവൻശി. 78 പന്തിലാണ് താരം സെഞ്ചുറിയിലെത്തിയത്.
ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ആദ്യ യൂത്ത് ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി വൈഭവ് സൂര്യവൻശി. ടി20 ശൈലിയിൽ ബാറ്റ് വീശിയ താരം കേവലം 78 പന്തിലാണ് സെഞ്ചുറി തികച്ചത്. വൈഭവിൻ്റെയും വേദാന്ത് ത്രിവേദിയുടെയും (140) സെഞ്ചുറിയുടെ മികവിൽ ഇന്ത്യ 185 റൺസിൻ്റെ ലീഡും ഒന്നാം ഇന്നിങ്സിൽ നേടി.
ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ വൈഭവ് ഒരിക്കൽ പോലും തൻ്റെ ശൈലി മാറ്റാൻ തയ്യാറായില്ല. തുടരെ സിക്സറും ബൗണ്ടറിയും നേടിയാണ് താരം 78 പന്തിൽ സെഞ്ചുറി തികച്ചത്. 86 പന്തിൽ 9 ബൗണ്ടറിയും 8 സിക്സറും സഹിതം 113 റൺസ് നേടിയ താരം ഒടുവിൽ ഹെയ്ഡൻ ഷില്ലറുടെ ഇരയായി മടങ്ങുകയായിരുന്നു.
140 റൺസ് നേടിയ വേദാന്ത് ത്രിവേദിയാണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്കോറർ. 49 റൺസ് നേടിയ ഖിലൻ പട്ടേലും തിളങ്ങി. ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് 21 റൺസ് നേടാനേ സാധിച്ചുള്ളൂ. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 243 റൺസിന് എറിഞ്ഞിട്ട ഇന്ത്യ മറുപടി ബാറ്റിംഗിൽ 428 റൺസിന് പുറത്തായി. 185 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ അണ്ടർ 19 ഒരു വിക്കറ്റ് നഷ്ടത്തിൽ ആറ് റണെന്ന നിലയിലാണ്.