Virat Kohli: ‘ഹലോ, പടിദാറല്ലേ?’; ഫോൺ വിളിച്ചത് കോലി മുതൽ ഡിവില്ല്യേഴ്സ് വരെ; ഒടുവിൽ മുറ്റത്ത് പോലീസും
Virat Kohli Calls Someone Mistaking Him As Rajat Patidar: വിരാട് കോലിയും എബി ഡിവില്ല്യേഴ്സ് അടക്കമുള്ള താരങ്ങളുടെ ഫോൺ കോളിൽ പൊറുതിമുട്ടി യുവാവ്. ഒടുവിൽ വീട്ടുമുറ്റത്ത് പോലീസും എത്തി.

മനീഷ്, രജത് പടിദാർ
പുതിയ സിം കാർഡ് എടുത്തതിൻ്റെ പേരിൽ ക്രിക്കറ്റർമാരുടെ ഫോൺ വിളികൾ കൊണ്ട് ‘പൊറുതിമുട്ടി’ യുവാവ്. വിരാട് കോലിയും എബി ഡിവില്ല്യേഴ്സും അടക്കമുള്ള വമ്പൻ ക്രിക്കറ്റർമാരാണ് ഛത്തീസ്ഗഡ് സ്വദേശിയായ മനേഷിനെ നിരന്തരം വിളിച്ച് ‘ശല്യപ്പെടുത്തിയത്’. ഒടുവിൽ മനീഷിനെത്തേടി വീട്ടുമുറ്റത്ത് പോലീസും എത്തി.
ഇക്കഴിഞ്ഞ ജൂൺ 28നാണ് മനീഷ് ഒരു പുതിയ റിലയൻസ് ജിയോ സിം കാർഡ് വാങ്ങിയത്. സിം കാർഡ് ആക്ടീവാക്കി വാട്സപ്പ് ലോഡ് ചെയ്തപ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പടിദാറിൻ്റെ ചിത്രം കണ്ടു. പടിദാറിൻ്റെയോ ആർസിബിയുടെയോ ആരാധകരിൽ ആരെങ്കിലും ഉപയോഗിച്ച നമ്പറാവാമെന്ന് കരുതി മനീഷ് അത് വിട്ടു. എന്നാൽ, പിന്നീട് വിരാട് കോലിയും എബി ഡിവില്ല്യേഴ്സും അടക്കമുള്ളവർ ഇടയ്ക്കിടെ വിളിയ്ക്കാൻ തുടങ്ങി. ഇതോടെ പ്രാങ്ക് കോളുകളാവാം ഇതെന്ന് മനീഷ് കരുതി.
ക്രിക്കറ്റർമാരെന്ന പേരിൽ ‘പറ്റിക്കൽ’ തുടർന്നതോടെ ‘ഇത് ധോണിയാണ് സംസാരിക്കുന്നത്’ എന്ന് പറഞ്ഞ് മനീഷ് കോളുകൾ കട്ട് ചെയ്യാൻ തുടങ്ങി. പിന്നാലെ ജൂലായ് 15ന് രജത് പടിദാർ ആണെന്ന അവകാശവാദവുമായി മറ്റൊരാൾ വിളിച്ചു. തൻ്റെ നമ്പർ തിരികെവേണമെന്നായിരുന്നു വിളിച്ചയാളുടെ ആവശ്യം. പരിശീലകരും സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ നമ്പർ ആവശ്യമാണെന്നും വിളിച്ചയാൾ പറഞ്ഞു. എന്നാൽ, ‘സംസാരിക്കുന്നത് ധോണിയാണ്’ എന്ന് മറുപടി നൽകി. താനിപ്പോൾ പോലീസിനെ വിവരമറിയിക്കുമെന്ന് മറുവശത്തുള്ളയാൾ പറഞ്ഞപ്പോൾ മനീഷ് കോൾ കട്ട് ചെയ്തു.
10 മിനിട്ടിനകം വീട്ടിമുറ്റത്ത് പോലീസെത്തി. ഇതോടെയാണ് വിളിച്ചത് പടിദാർ തന്നെ ആണെന്നും താൻ ഉപയോഗിച്ചുകൊണ്ടിരുന്നത് അദ്ദേഹത്തിൻ്റെ നമ്പരായിരുന്നു എന്നും മനീഷിന് മനസ്സിലായത്. ഇതോടെ മനീഷ് സിം കാർഡ് തിരികെനൽകി. പടിദാർ ഇവരെ വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തു. മനീഷ് വാങ്ങിയ സിം പടിദാറിൻ്റെ കട്ടായ സിം കാർഡ് ആയിരുന്നു. ഉപയോഗത്തിലില്ലാത്ത നമ്പരുകൾ 90 ദിവസത്തിന് ശേഷം ടെലികോം കമ്പനികൾക്ക് ഉപയോക്താക്കൾക്ക് നൽകാം. ഇതിനിടയിലാണ് പടിദാറിൻ്റെ പഴയ നമ്പർ മനീഷിന് ലഭിച്ചത്.