Union Budget 2026: ഇപിഎസ് പെന്‍ഷന്‍ 7,500 രൂപയായി ഉയര്‍ത്തിയേക്കും; ബജറ്റില്‍ ഇപിഎഫ്ഒയിലും മാറ്റം
EPS Pension 2026: 1,000 രൂപയില്‍ നിന്ന് 7,500 രൂപയായി പെന്‍ഷന്‍ ഉയര്‍ത്തുന്നതിന് പ്രത്യേക നിര്‍ദേശമോ നിശ്ചിത സമയപരിധിയോ ഇല്ലെന്നാണ് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി തൊഴില്‍ മന്ത്രാലയം പ്രതികരിച്ചത്.
നികുതി ആനുകൂല്യങ്ങള്‍, വിലക്കയറ്റ നിയന്ത്രണം തുടങ്ങി ഒട്ടേറെ മേഖലകളെ പ്രതിപാദിച്ചുകൊണ്ടായിരിക്കും ഫെബ്രുവരി 1 ന് നടക്കുന്ന യൂണിയന്‍ ബജറ്റ് പ്രഖ്യാപനം എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഗുണഭോക്താക്കള്‍ക്കും ബജറ്റില്‍ നേട്ടം പ്രതീക്ഷിക്കാം. 1995ലെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരമുള്ള പെന്‍ഷന്‍ ഉയര്‍ത്തണമെന്ന ദീര്‍ഘകാല ആവശ്യം ശക്തമാണ്. ഇതിന് അനുകൂലമായ തീരുമാനം ഉണ്ടായേക്കാനാണ് സാധ്യത.
95ലെ ഇപിഎസ് പെന്‍ഷന്‍ അനുസരിച്ച് 1,000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. ഇത് 7,500 ലേക്ക് ഉയര്‍ത്തണമെന്നാണ് ആവശ്യം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന പെന്‍ഷന്‍കാര്‍ക്ക് ഇത് ആശ്വാസമാകും. എന്നാല്‍ പെന്‍ഷന്‍കാര്‍ക്ക് അടിയന്തര ആശ്വാസം ലഭിക്കില്ലെന്ന തീരുമാനം നേരത്തെ മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതാണ്. എങ്കിലും 2026-27 ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യക്കാര്‍.
1,000 രൂപയില്‍ നിന്ന് 7,500 രൂപയായി പെന്‍ഷന്‍ ഉയര്‍ത്തുന്നതിന് പ്രത്യേക നിര്‍ദേശമോ നിശ്ചിത സമയപരിധിയോ ഇല്ലെന്നാണ് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി തൊഴില്‍ മന്ത്രാലയം പ്രതികരിച്ചത്. അത്തരം നീക്കം പെന്‍ഷന്‍ ഫണ്ടിന്റെ ദീര്‍ഘകാല സാമ്പത്തിക സുസ്ഥിരതയുമായി താരതമ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യസഭ എംപി ഡോ. മേധ വിശ്രാം കുല്‍ക്കര്‍ണിയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ഇപിഎസ് 95ലെ പെന്‍ഷന്‍കാര്‍ നേരിടുന്ന വര്‍ധിച്ചുവരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ തന്നെ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ പരിഗണിച്ച് ചിലപ്പോള്‍ ബജറ്റ് ഈ വിഷയം പരിഗണിച്ചേക്കാം.
അതേസമയം, 2017 ജൂലൈ 1 മുതല്‍ 2025 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ ഇപിഎഫ് കവറേജില്‍ നിന്ന് പുറത്തായ ജീവനക്കാരെ സ്വമേധയ ചേര്‍ക്കുന്നതിന് ആറ് മാസത്തെ കംപ്ലയന്‍സ് വിന്‍ഡോ സൗകര്യം നല്‍കുന്ന എന്റോള്‍മെന്റ് സ്‌കീം പ്രയോജനപ്പെടുത്തണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ തൊഴിലുടമകളോട് നിര്‍ദേശിക്കുന്നുണ്ട്.