Virat Kohli: കോലിയുടെ തിരിച്ചുവരവിനൊരുങ്ങി ചിന്നസ്വാമി സ്റ്റേഡിയം; പക്ഷേ ആരാധകർക്ക് കാണാനാവില്ല
Virat Kohlis Matches In Closed Doors: വിരാട് കോലി ഡൽഹിയ്ക്കായി കളിക്കുന്നത് കാണാൻ ആരാധകർക്ക് സാധിച്ചേക്കില്ല. മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനാണ് നിർദ്ദേശം.

വിരാട് കോലി
വിരാട് കോലിയുടെ തിരിച്ചുവരവിനൊരുങ്ങി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം. വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള ഡൽഹി ടീമിൽ താരം ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹിയുടെ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടത്തുക. അതുകൊണ്ട് തന്നെ കോലി ചിന്നസ്വാമിയിൽ കളിക്കും. എന്നാൽ, മത്സരങ്ങൾ ആരാധകർക്ക് കാണാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണ്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ഐപിഎൽ കിരീടധാരണാഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തെ തുടർന്ന് സ്റ്റേഡിയം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ആഴ്ച ഡൽഹിയുടെ മത്സരങ്ങൾ ഇവിടെ നടത്താനും ചില സ്റ്റാൻഡുകൾ തുറന്ന് ആരാധകരെ സ്റ്റേഡിയത്തിൽ കയറ്റാവും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നിർദ്ദേശം നൽകി. ഈ നീക്കത്തിന് ഇപ്പോൾ കർണാടക സർക്കാരാണ് തടയിട്ടിരിക്കുന്നത്. സ്റ്റേഡിയം അടച്ചുപൂട്ടി കളിനടത്താൻ ക്രിക്കറ്റ് അസോസിയേഷനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതായാണ് വിവരം.
ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സ്റ്റേഡിയത്തിന് സമീപം ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങളുണ്ടാവുന്നത് തടയുന്നതിലാണ് കർണാടക സംസ്ഥാന സർക്കാരിൻ്റെ ശ്രമം. വിരാട് കോലി, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങൾ ടീമിലുള്ളതിനാൽ കളി കാണാൻ അനിയന്ത്രിതമായി ആളുകളെത്തുമെന്നാണ് കണക്കുകൂട്ടൽ. ഇത് കൂടി പരിഗണിച്ചാണ് കർണാടക സർക്കാരിൻ്റെ നീക്കം.
കർണാടകയുടെ മത്സരങ്ങൾ ആലൂരിലേക്ക് മാറ്റിയാണ് ഡൽഹിയുടെ മത്സരങ്ങൾ ചിന്നസ്വാമിയിൽ തീരുമാനിച്ചത്. ഈ മാസം 22ന് രാത്രി ഡൽഹി ടീം കർണാടകയിലെത്തുകയും ചെയ്തു. രണ്ട് സ്റ്റാൻഡുകൾ തുറന്ന് 2000-3000 താരങ്ങളെ സ്റ്റേഡിയത്തിൽ കയറ്റാമെന്നായിരുന്നു ക്രിക്കറ്റ് അസോസിയേഷൻ്റെ ആലോചന. എന്നാൽ, ഈ പദ്ധതി നടക്കാനിടയില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. പോലീസ് ക്ലിയറൻസ് ലഭിച്ചില്ലെങ്കിൽ ബെംഗളൂരുവിലെ ബിസിസിഐ സെൻ്റർ ഓഫ് എക്സലൻസിലെ സ്റ്റേഡിയം ബാക്കപ്പായി പരിഗണനയിലുണ്ട്.