R Ashwin: ഇന്ത്യയിലെ ക്രിക്കറ്റ് ടെലികാസ്റ്റിങ് മങ്ങിയിരിക്കുന്നത് എന്തുകൊണ്ട്?; കാരണം സൂര്യനെന്ന് ആർ അശ്വിൻ
R Ashwin On Cricket Broadcasting: ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റ് ബ്രോഡ്കാസ്റ്റിങ് നിലവാരം എന്തുകൊണ്ട് മോശമാകുന്നു എന്നതിന് കാരണം പറഞ്ഞ് ആർ അശ്വിൻ. സൂര്യനും ഭൂമധ്യരേഖയുമാണ് അശ്വിൻ കണ്ടെത്തിയ കാരണങ്ങൾ.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും സേന രാജ്യങ്ങളിലെയും ക്രിക്കറ്റ് ബ്രോഡ്കാസ്റ്റിങ് നിലവാരം താരതമ്യം ചെയ്തുകൊണ്ടുള്ള വിലയിരുത്തലുകൾ പതിവാണ്. സേന രാജ്യങ്ങളിലെ ബ്രോഡ്കാസ്റ്റിങ് നിലവാരം വളരെ മികച്ചുനിൽക്കുമ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റ് ബ്രോഡ്കാസ്റ്റിങിൽ മങ്ങിയ സ്റ്റേഡിയങ്ങളും ദൃശ്യങ്ങളുമാണ് കാണാറ്. ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡ് ആയിട്ടും ബ്രോഡ്കാസ്റ്റിങ് നിലവാരം മികച്ചതാക്കാൻ ശ്രമിക്കുന്നില്ലെന്ന പേരിൽ ബിസിസിഐ നിരന്തരം വിമർശിക്കപ്പെടാറുണ്ട്. എന്നാൽ, ഇത് ബിസിസിഐയ്ക്ക് പരിഹരിക്കാൻ കഴിയാത്ത പ്രശ്നമാണെന്നും സൂര്യനാണ് ശരിയായ കാരണമെന്നും മുൻ താരം ആർ അശ്വിൻ പറയുന്നു.
ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഭൂമധ്യരേഖയിൽ നിന്ന് ദൂരെയുള്ള രാജ്യങ്ങളായതിനാൽ ഈ രാജ്യങ്ങൾക്ക് തെളിച്ചമുള്ള സൂര്യപ്രകാശം ലഭിക്കുന്നു. ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കാര്യത്തിലും ഇത് തന്നെ അവസ്ഥ. എന്നാൽ, ഇന്ത്യ ഭൂമധ്യരേഖയോട് ചേർന്നുള്ള രാജ്യമാണ്. അതിനാൽ തലയ്ക്ക് മുകളിലാണ് സൂര്യപ്രകാശം ലഭിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ സൂര്യപ്രകാശം ലോവർ ആംഗിളിൽ അടിക്കുന്നതിനാൽ പ്രകാശം കൂടുതൽ ഇടങ്ങളിലേക്ക് പരക്കും. അതിനാൽ ഈ സ്റ്റേഡിയങ്ങൾ മനോഹരമായി തോന്നും.
Also Read: T20 World Cup 2026: ഒരു കളി പോലും കളിക്കാത്ത ആദ്യ ലോകകപ്പ്; എന്നാൽ, ഇത്തവണ സഞ്ജു ടീമിൽ ഉറപ്പ്
മറ്റൊരു കാര്യം കാലാവസ്ഥയാണ്. ഇന്ത്യ പൊതുവേ ചൂട് കൂടിയ രാജ്യമായതുകൊണ്ട് പുല്ലുകൾ കടും പച്ച നിറത്തിലല്ല കാണപ്പെടുക. ദക്ഷിണാഫ്രിക്ക ഒഴികെ മറ്റ് സേന രാജ്യങ്ങളിൽ പുല്ലുകൾക്ക് കടും പച്ചനിറമാണ്. ഒപ്പം ഇന്ത്യയിലെ ഉയർന്ന ഈർപ്പവും മോശം വായുനിലവാരവും ചേരുമ്പോൾ ഇന്ത്യയിലെ ക്രിക്കറ്റ് ബ്രോഡ്കാസ്റ്റിങ് മോശമാകുന്നു എന്നാണ് തൻ്റെ യൂട്യൂബ് ചാനലിലൂടെ അശ്വിൻ പറയുന്നത്.
ഇത് ബ്രോഡ്കാസ്റ്റർമാർക്കോ ബിസിസിഐയ്ക്കോ പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ല. രാജ്യത്തെ പ്രധാന ക്രിക്കറ്റ് ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ നെറ്റ്‌വർക്ക് 4കെയിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നെങ്കിലും ഇന്ത്യയിലെ സ്റ്റേഡിയങ്ങൾക്ക് മങ്ങലാണ്. ഇതാണ് ആരാധകരുടെ പരാതി.