ഭുവി തിരിച്ചെത്തിയതില്‍ സന്തോഷം; പക്ഷേ, ഷമിയോടും, സിറാജിനോടും ഇങ്ങനെ ചെയ്യുന്നത് ശരിയോ? ആഞ്ഞടിച്ച് മുന്‍താരം
Wasim Jaffer on Bhuvi’s Comeback : ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്‍താരം വസീം ജാഫര്‍. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്ക് ആവശ്യത്തിന് മത്സരങ്ങൾ കളിക്കാൻ അവസരം ലഭിക്കാത്തതിലും വസീം ജാഫർ ആശ്ചര്യം പ്രകടിപ്പിച്ചു.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്‍താരം വസീം ജാഫര്‍. വൈകിയാണെങ്കിലും ഉചിതമായ തീരുമാനമാണിത്. ഇതിന് അദ്ദേഹം തികച്ചും അർഹനാണ്. അദ്ദേഹത്തെ സെലക്ട് ചെയ്തുകൊണ്ട് ആരും ആർക്കും ഒരു ഔദാര്യവും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളും മികച്ച ഫിറ്റ്നസും എന്നും നിലവിലുണ്ടായിരുന്നു. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹത്തെ നേരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത് എന്നതിനെക്കുറിച്ച് തനിക്ക് മനസിലായിട്ടില്ലെന്ന് ജാഫര്‍ പറഞ്ഞു.
“ഐപിഎല്ലിലും ഉത്തർപ്രദേശിനായും അദ്ദേഹം എപ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. അദ്ദേഹത്തെ തിരഞ്ഞെടുക്കാതിരിക്കാൻ എന്തായിരുന്നു കാരണം? പ്രായത്തെ ഒരു മാനദണ്ഡമായി കാണരുത്. നമുക്ക് ധാരാളം യുവതാരങ്ങളുണ്ട്, എന്നാൽ മികച്ച പ്രകടനം നടത്തുന്നവരെ അവഗണിക്കരുത്. കാരണം, വലിയ മത്സരസമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ പരിചയസമ്പത്ത് ആവശ്യമായി വരും. ഒരു യുവനിരയെ മാത്രം വച്ച് നിങ്ങൾക്ക് കളിക്കാനാകില്ല. പരിചയസമ്പത്തിന്റെയും യുവത്വത്തിന്റെയും ഒരു മികച്ച മിശ്രണം അവിടെ ആവശ്യമാണ്”-വസീം ജാഫര്‍ ചൂണ്ടിക്കാട്ടി.
ഷമിയും സിറാജും
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്ക് ആവശ്യത്തിന് മത്സരങ്ങൾ കളിക്കാൻ അവസരം ലഭിക്കാത്തതിലും വസീം ജാഫർ ആശ്ചര്യം പ്രകടിപ്പിച്ചു. ടെസ്റ്റ് ടീമിൽ ഷമിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഏകദിന ടീമിന്റെ കാര്യം വ്യക്തമല്ല. ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ, നിതീഷ് റെഡ്ഡി തുടങ്ങിയ നിരവധി കളിക്കാരെ അവിടെ പരീക്ഷിച്ചു കഴിഞ്ഞു. എന്നാൽ ടീം മാനേജ്‌മെന്റിന് ഇപ്പോഴും ആ ആത്മവിശ്വാസമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ജാഫര്‍ വ്യക്തമാക്കി.
സിറാജിന് തുടർച്ചയായി മത്സരങ്ങളിൽ അവസരം നൽകുന്നതുമില്ല. ടീമിലെ രണ്ടാമത്തെയും മൂന്നാമത്തെയും പേസ് ബൗളർമാർ ആരാണെന്ന് മനസ്സിലാകുന്നില്ല. ലോകകപ്പ് വളരെ അടുത്തെത്തി നിൽക്കെ, ഷമി ഏകദിന ടീമിൽ ഉണ്ടായിരിക്കണം. ഇത്രയും മികച്ച ഗുണനിലവാരമുള്ള ഒരു കളിക്കാരനുള്ളപ്പോൾ അദ്ദേഹത്തെ നിങ്ങൾ കളിപ്പിക്കുകയാണ് വേണ്ടത്. ബുമ്ര, ഷമി, സിറാജ് എന്നിവരായിരിക്കണം ആദ്യ മുന്‍ഗണന. ലോകകപ്പിന് ശേഷം വേണം പുതിയ ടീമിനെ കെട്ടിപ്പടുക്കേണ്ടതെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു.
ടെസ്റ്റിലേക്ക് ഷമി തിരികെ വരുന്നത് കാണാൻ ആഗ്രഹിക്കുന്നു. ഏറെ നാളായി താന്‍ ഇതിനായി കാത്തിരിക്കുകയാണ്. അടുത്ത ടീമിനെ പ്രഖ്യാപിക്കുമ്പോഴെല്ലാം തന്റെ ശ്രദ്ധ ഷമിയിലും ആക്വിബ് നബിയിലുമായിരിക്കും. ഇവിടെയും ഷമിയെ അവഗണിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് മുന്നിലുള്ള വാതിലുകൾ എന്നെന്നേക്കുമായി അടയുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ജാഫര്‍ വ്യക്തമാക്കി.
English Summary
Bhuvneshwar Kumar has returned to the Indian T20I squad for the New Zealand series. Former player Wasim Jaffer praised the decision, stating Bhuvneshwar deserved this recall. Jaffer expressed confusion over the lack of consistent opportunities for Mohammed Shami and Mohammed Siraj.