AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala vs Puducherry: സഞ്ജു വീണ്ടും ബാറ്റിങില്‍ ‘താഴോട്ട്’; ഫോമിലെത്തി അസ്ഹറുദ്ദീന്‍; കേരളത്തിന് തകര്‍പ്പന്‍ ജയം

Kerala Edge Puducherry by 18 Runs in Syed Mushtaq Ali Trophy: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ പുതുച്ചേരിയെ 18 റണ്‍സിന് കീഴടക്കി. ടോപ് ഓര്‍ഡര്‍മാരുടെ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റു ചെയ്ത കേരളം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. പുതുച്ചേരിയുടെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റിന് 186 എന്ന നിലയില്‍ അവസാനിച്ചു.

Kerala vs Puducherry: സഞ്ജു വീണ്ടും ബാറ്റിങില്‍ ‘താഴോട്ട്’; ഫോമിലെത്തി അസ്ഹറുദ്ദീന്‍; കേരളത്തിന് തകര്‍പ്പന്‍ ജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ അര്‍ധ സെഞ്ചുറി നേടിയ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍ Image Credit source: Screengrab Jiohotstar
Jayadevan AM
Jayadevan AM | Published: 22 Nov 2026 | 02:43 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ പുതുച്ചേരിയെ 18 റണ്‍സിന് കീഴടക്കി. ടോപ് ഓര്‍ഡര്‍മാരുടെ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റു ചെയ്ത കേരളം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. പുതുച്ചേരിയുടെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റിന് 186 എന്ന നിലയില്‍ അവസാനിച്ചു. ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീന്റെയും, രോഹന്‍ കുന്നുമ്മലിന്റെയും അര്‍ധ സെഞ്ചുറികളും, നാലു വിക്കറ്റ് വീഴ്ത്തിയ എംഡി നിധീഷിന്റെ ബൗളിങ് മികവുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.

പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയ അസ്ഹറുദ്ദീന് തന്റെ ഓപ്പണിങ് സ്ഥാനം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിട്ടുനല്‍കി. കിട്ടിയ അവസരം മുതലാക്കിയ അസ്ഹറുദ്ദീന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഫോമിലേക്ക് എത്തിയ താരം 48 പന്തില്‍ 78 റണ്‍സാണ് അടിച്ചുകൂട്ടിയത്. സഹ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും അര്‍ധ സെഞ്ചുറി നേടി. 35 പന്തില്‍ 59 റണ്‍സാണ് കുന്നുമ്മല്‍ നേടിയത്.

വണ്‍ ഡൗണായി ക്രീസിലെത്തിയ വിഷ്ണു വിനോദും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു. ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലേക്ക് എത്തിയ താരം 19 പന്തില്‍ 34 റണ്‍സാണ് അടിച്ചുകൂട്ടിയത്. ബാറ്റിങ് ഓര്‍ഡറില്‍ നാലാമതാണ് സഞ്ജു സാംസണ്‍ ഇറങ്ങിയത്. സ്‌കോറിങിന് വേഗത കൂട്ടാനുള്ള ശ്രമത്തില്‍ ഒമ്പത് പന്തില്‍ 17 റണ്‍സെടുത്ത് സഞ്ജു മടങ്ങി. സല്‍മാന്‍ നിസാര്‍ ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സുമായും, അബ്ദുല്‍ ബാസിത്ത് ഒരു പന്തില്‍ ഒരു റണ്‍സുമായും പുറത്താകാതെ നിന്നു.

ആഞ്ഞടിച്ച് നിധീഷ്‌

ഉജ്ജ്വല ഫോമിലുള്ള നിധീഷ് പുതുച്ചേരിക്കെതിരായ മത്സരത്തിലും തന്റെ ബൗളിങ് മികവ് ആവര്‍ത്തിച്ചു. നാലോവര്‍ എറിഞ്ഞ താരം നാലു വിക്കറ്റുകളാണ് പിഴുതത്. 41 പന്തില്‍ 67 റണ്‍സെടുത്ത പ്രസാസ് പവാറാണ് പുതുച്ചേരിയുടെ ടോപ് സ്‌കോറര്‍.

Also Read: India vs New Zealand: വിജയമോ, സമനിലയോ? അഞ്ചാം ദിനം വാശിയേറും; ഡ്രൈവിങ് സീറ്റില്‍ ഇന്ത്യ

ഭാനു ആനന്ദ്-11 പന്തില്‍ ഒമ്പത്, ആകാശ് പുങ്കഴന്തി-രണ്ട് പന്തില്‍ 6, പരമീശ്വരന്‍ എസ്-ഗോള്‍ഡന്‍ ഡക്ക്, ശശാങ്ക് സിങ്-ഗോള്‍ഡന്‍ ഡക്ക്, അമാന്‍ ഖാന്‍-അഞ്ച് പന്തില്‍ ഏഴ്, അങ്കിത് ശര്‍മ-29 പന്തില്‍ 45, സാഗര്‍ ത്രിവേദി-19 പന്തില്‍ 34, ആദില്‍ തുന്ത-എട്ട് പന്തില്‍ ഏഴ് നോട്ടൗട്ട്‌, ബാദല്‍ റാവത്ത്‌-മൂന്ന് പന്തില്‍ ഒന്ന് നോട്ടൗട്ട്‌ എന്നിങ്ങനെയാണ് മറ്റ് പുതുച്ചേരി ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ബാറ്റിങ് ഓര്‍ഡറില്‍ സഞ്ജു താഴോട്ട്‌

സഹതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനായി സഞ്ജു ഇത്തവണയും ബാറ്റിങ് ഓര്‍ഡറില്‍ താഴോട്ട് ഇറങ്ങി. ത്രിപുരയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഏഴാമതാണ് താരം ബാറ്റു ചെയ്യാനെത്തിയത്. പുതുച്ചേരിക്കെതിരായ മത്സരത്തില്‍ 17-ാം ഓവറിലായിരുന്നു താരത്തിന്റെ വരവ്.

ടൂര്‍ണമെന്റില്‍ കേരളം നേടുന്ന മൂന്നാമത്തെ വിജയമാണ്. മഹാരാഷ്ട്രയെയും, ത്രിപുരയെയും നേരത്തെ കീഴടക്കിയിരുന്നു. മധ്യപ്രദേശിനോടും, ആന്ധ്രയോടും തോറ്റു. അടുത്ത മത്സരം നവംബര്‍ 24-ന് അസമിനെതിരെയാണ്.

English Summary

Kerala defeated Puducherry by 18 runs to secure their third win in the Syed Mushtaq Ali Trophy. Openers Mohammed Azharuddeen (78) and Rohan Kunnummal (59) powered Kerala to a massive 204/4. Captain Sanju Samson once again dropped down the batting order to give teammates more opportunities. Bowler MD Nidheesh claimed four wickets to restrict Puducherry to 186/8.

Follow Us